Sorry, you need to enable JavaScript to visit this website.

സൗദി സൈനികരെ പ്രശംസിച്ച് കിരീടാവകാശി; അവരുടേത് വലിയ ത്യാഗം

രാജകുമാരന്മാരെയും സൗദി ഗ്രാന്റ് മുഫ്തിയെയും സുരക്ഷാ, സൈനിക വിഭാഗം മേധാവികളെയും മിനാ കൊട്ടാരത്തില്‍ സ്വീകരിച്ച് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സംസാരിക്കുന്നു.

മിന - രാജ്യരക്ഷയും വിശുദ്ധ കേന്ദ്രങ്ങളും കാത്തുസൂക്ഷിക്കാന്‍ സുരക്ഷാ സൈനികര്‍ നടത്തുന്ന ത്യാഗങ്ങളെ പ്രശംസിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. രാജകുമാരന്മാരെയും സൗദി ഗ്രാന്റ് മുഫ്തിയെയും പണ്ഡിതരെയും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളെയും മന്ത്രിമാരെയും ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ, സൈനിക വിഭാഗം മേധാവികളെയും സ്‌കൗട്ട് ലീഡര്‍മാരെയും മിനാ കൊട്ടാരത്തില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു കിരീടാവകാശി.
രാജ്യരക്ഷയും വിശുദ്ധ കേന്ദ്രങ്ങളും കാത്തുസൂക്ഷിക്കാന്‍ സുരക്ഷാ സൈനികര്‍ നടത്തുന്ന വലിയ ത്യാഗങ്ങളും വീരോചിത പ്രവര്‍ത്തനങ്ങളും സ്ഥാപിതമായതു മുതല്‍ ഈ രാജ്യത്തെ ജനങ്ങള്‍ പിന്തുടരുന്ന സമീപനമാണ്. രാജ്യരക്ഷ കാത്തുസൂക്ഷിക്കാനും സ്ഥിരത നിലനിര്‍ത്താനും ആര്‍ജിത നേട്ടങ്ങള്‍ സംരക്ഷിക്കാനും പൗരന്മാര്‍ മടിക്കില്ല. തീര്‍ഥാടകരെ സേവിക്കാനും അവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാനും സുരക്ഷ കാത്തുസൂക്ഷിക്കാനും നിങ്ങള്‍ നടത്തുന്ന പരിശ്രമങ്ങളും മറ്റു സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളും അഭിമാനകരമാണ്. ഹജ് കര്‍മം എളുപ്പമാക്കാന്‍ മുഴുവന്‍ ശേഷികളും പ്രയോജനപ്പെടുത്തുന്നതും പ്രയത്‌നങ്ങള്‍ നടത്തുന്നതും എക്കാലവും സൗദി അറേബ്യ തുടരുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍, റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് തുര്‍ക്കി ബിന്‍ സൗദ് ബിന്‍ മുഹമ്മദ് രാജകുമാരന്‍, രാജാവിന്റെ ഉപദേഷ്ടാവ് മിശ്അല്‍ ബിന്‍ മാജിദ് രാജകുമാരന്‍, റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് ബന്ദര്‍ ബിന്‍ ഖാലിദ് ബിന്‍ ഫൈസല്‍ രാജകുമാരന്‍, സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍, മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദ്ര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, ജിദ്ദ ഗവര്‍ണര്‍ സൗദ് ബിന്‍ അബ്ദുല്ല ബിന്‍ ജലവി രാജകുമാരന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍, പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, റാകാന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.


 

 

Latest News