വിദ്യാർഥിനിയുടെ ആത്മഹത്യ; ആറുവർഷത്തെ പ്രണയത്തിൽനിന്ന് പിന്മാറി അപമാനിച്ച സൈനികൻ അറസ്റ്റിൽ

കൊട്ടാരക്കര- കോട്ടാത്തല സ്വദേശിനിയായ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തായ സൈനികൻ അറസ്റ്റിൽ. എംഎ സൈക്കോളജി വിദ്യാർഥിനിയായ വല്ലം പത്തടി വിദ്യാ ഭവനിൽ ശ്രീലതയുടെ മകൾ വൃന്ദാ രാജി(24)ന്റെ മരണത്തിലാണ് അറസ്റ്റ്.
പെൺകുട്ടിയുടെ കാമുകനായിരുന്നു കോട്ടത്തല സരിഗ ജംങ്ഷനിൽ കൃഷ്ണാഞ്ചലയിൽ അനുകൃഷ്ണനെ (27) യാണ് കൊട്ടാരക്കര പോലീസ്   അറസ്റ്റ് ചെയ്തത്.
എലിവിഷം കഴിച്ച്  അവശനിലയിൽ കണ്ടെത്തിയ വൃന്ദ ചികിത്സയിലിരിക്കെ ജൂൺ 23നാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ വീട്ടിൽനിന്ന് ആത്മഹത്യാ കുറിപ്പും ഡയറിയും കണ്ടെത്തിയിരുന്നു. പെൺകുട്ടിയുമായി അനുകൃഷ്ണൻ ആറ് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് ഡയറിയിൽനിന്ന് പോലീസിന് വിവരം ലഭിച്ചു.
 ഇരുവരും പല തവണ ഒരുമിച്ച് യാത്ര ചെയ്തിരുന്നതായും പെൺകുട്ടിക്ക് യുവാവ് വിവാഹ വാഗ്ദാനം നൽകിയിരുന്നുവെന്നും പോലീസ് പറഞ്ഞു. ഒരാഴ്ച മുമ്പ് മറ്റൊരു പെൺകുട്ടിയുമായി അനുകൃഷ്ണന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. ഇക്കാര്യം പെൺകുട്ടി ചോദ്യംചെയ്തപ്പോൾ യുവാവ് വാട്സാപ്പിലൂടെ അസഭ്യം പറയുകയും അപമാനിക്കുകയും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു.
ഇതുസംബന്ധിച്ച് യുവാവിന്റെ ഫോണിൽ നിന്ന് തെളിവുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Latest News