Sorry, you need to enable JavaScript to visit this website.

കോട്ടയത്തിന് പുറമെ മറ്റൊരു ലോക്‌സഭ സീറ്റ് കൂടി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് 

കോട്ടയം- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തിനു പുറമേ ഒരു സീറ്റിനു കൂടി അവകാശവാദം ഉന്നയിച്ച് കേരള കോൺഗ്രസ് എം രംഗത്തു വന്നു. പാർട്ടിയുടെ കഴിഞ്ഞദിവസം ചേർന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗമാണ് ഇക്കാര്യം ആവശ്യപ്പെടാൻ തീരുമാനിച്ചത്. യു.ഡി.എഫിലായിരുന്നപ്പോൾ കേരള കോൺഗ്രസ് എം മത്സരിച്ചിരുന്നത് കോട്ടയം സീറ്റിലാണ്. ഇതിനു പുറമേ പത്തനംതിട്ട വേണമെന്നാണ് ആവശ്യം. ഇടുക്കിയാണ് കേരള കോൺഗ്രസുകളുടെ പരമ്പരാഗത സീറ്റെങ്കിലും പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ കേരള കോൺഗ്രസ് എമ്മാണ് വിജയിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് പാർട്ടി സീറ്റ് ചോദിക്കുന്നത്. കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാർ നിയമസഭാ പ്രതിനിധികൾ പാർട്ടിയുടേതാണ്. കൂടാതെ പാർട്ടിയെ അടിസ്ഥാനമായി പിന്തുണയ്ക്കുന്ന മലയോരകർഷകർക്ക് മുൻതൂക്കവും ഉണ്ട്. ഈ മേഖലകളിലെ ക്രൈസ്തവ രൂപതകൾക്കും കേരള കോൺഗ്രസ് എമ്മിനോട് താൽപര്യം ഉണ്ട്. 
പത്തനംതിട്ടയിൽ കഴിഞ്ഞ രണ്ടു തവണയും കോൺഗ്രസാണ് വിജയിച്ചത്. ആന്റോ ആന്റണിയാണ് സിറ്റിംഗ് എം.പി. ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും  ഇടതു സ്ഥാനാർഥിയായി വീണ ജോർജും മത്സരിച്ചെങ്കിലും ആന്റോയ്ക്ക് സീറ്റു നിലനിർത്താനായി. ഇത്തവണ കോട്ടയത്തേക്ക് മാറാനുളള സാധ്യത ആന്റോ ആരായുന്നുണ്ട്. ഇതും കേരളകോൺഗ്രസിനെ സീറ്റ് ചോദിക്കാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്. പാർട്ടിയുടെ സിറ്റിംഗ് സീറ്റായ കോട്ടയത്ത് തോമസ് ചാഴികാടനാണ് ഇപ്പോഴത്തെ എംപി. ചാഴികാടനെ തന്നെ വീണ്ടും മത്സരിപ്പിക്കുമോ അതോ പുതുമുഖത്തിന് അവസരം നൽകുമോ എന്നതും പാർട്ടിയ്ക്കുള്ളിൽ ചർച്ചയുണ്ട്. രാജ്യസഭാ എം.പിയായ ജോസ് കെ മാണി ലോക്‌സഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യത്തിനു പാർട്ടിയിൽ മേൽക്കെയുണ്ട്. കേന്ദ്രത്തിൽ ഭരണമാറ്റത്തിനു കളം ഒരുങ്ങിയാൽ അത് ജോസിന് കേന്ദ്രമന്ത്രിസഭാ പ്രവേശനത്തിനുളള സാധ്യത വർധിപ്പിക്കുമെന്നാണ് ഇവരുടെ അഭിപ്രായം. പത്തനംതിട്ടിയിൽ മത്സരിക്കാൻ കേരള ജനപക്ഷം നേതാവ് പി.സി ജോർജിന് ആഗ്രഹമുണ്ട്. പക്ഷേ അതിനു മുമ്പ് എതെങ്കിലും മുന്നണിയുടെ ഭാഗമാകാനാണ് ജോർജ് ശ്രമിക്കുന്നത്. പത്തനംതിട്ട സീറ്റ് മോഹികളായ നിരവധി പേർ കേരളകോൺഗ്രസ് എമ്മിലുണ്ട്.
സ്വാഭാവികമായും മുന്നണിയിൽ പത്തനംതിട്ട  സീറ്റ് ചോദിക്കാൻ പാർട്ടിക്ക് അർഹതയുണ്ടെന്നും നേതാക്കൾ വിലയിരുത്തി. കരുതൽമേഖല, വന്യജീവി ആക്രമണം, കാർഷികവിളകളുടെ വിലയിടിവ് തുടങ്ങിയ പ്രശ്‌നങ്ങളിൽ ശക്തമായ നിലപാട് തുടരണം.പ്രതിസന്ധിയിലായ റബ്ബർകർഷകരെ സഹായിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. കൃഷിച്ചെലവും ഉല്പാദനച്ചെലവും കണക്കിലെടുത്ത് റബ്ബറിന് താങ്ങുവില കിലോയ്ക്ക് 250 രൂപയാക്കണമെന്നും ആവശ്യപ്പെട്ടു.
മതധ്രുവീകരണം ലക്ഷ്യമിട്ട് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള ബി.ജെ.പി.നീക്കം രാജ്യത്തെ വിഭജിക്കുമെന്ന് ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മതപരമായ പരിഷ്‌കാരങ്ങൾ ഭരണകൂടം അടിച്ചേൽപ്പിക്കുന്നതിനെ നീതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.പാർലമെന്ററി പാർട്ടി ലീഡർ മന്ത്രി റോഷി അഗസ്റ്റിൻ, വൈസ് ചെയർമാൻമാരായ തോമസ് ചാഴികാടൻ എം.പി., ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, സംസ്ഥാന ഓഫീസ് ചാർജുള്ള ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, എം.എൽ.എ.മാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ട്രഷറർ എൻ.എം.രാജു എന്നിവർ പ്രസംഗിച്ചു.


 

Latest News