ഭാര്യയെ കൊലപ്പെടുത്തിയ കേസ് വിചാരണക്കിടെ മുങ്ങിയ പ്രതി പിടിയില്‍

കൊച്ചി- ഭാര്യയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടക്കവെ മുങ്ങിയ പ്രതിയെ കളമശ്ശേരി പോലീസ് പിടികൂടി. ഇടപ്പള്ളി വെണ്ണല പുറക്കേരിതുണ്ടി വീട്ടില്‍ സല്‍ജു (45) ആണ് അറസ്റ്റിലായത്. 

കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിയില്‍ താമസിച്ചിരുന്ന സല്‍ജു ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കോടതിയില്‍ നിന്നും ജാമ്യമെടുത്ത പ്രതി വിചാരണ വേളയില്‍ മുങ്ങുകയായിരുന്നു. കടത്തിണ്ണയില്‍ കിടന്നുറങ്ങിയിരുന്ന ഇയാള്‍ ഒരിടത്തും സ്ഥിരമായി തങ്ങാതെ കറങ്ങിനടക്കുകയായിരുന്നു. ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും പ്രതിയെ കണ്ടെത്തുവാന്‍ താമസം നേരിട്ടു. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടന്നുവരവേ വെണ്ണല ഭാഗത്ത് ഇയാള്‍ വന്നു പോകുന്നതായി രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിലൊടുവിലാണ് പിടികൂടിയത്. 

കളമശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസിന്റെ നിര്‍ദ്ദേശപ്രകാരം എസ്. ഐ വിനോജ്, എ. എസ്. ഐ. സുനിലാല്‍, സി. പി. ഒമാരായ കൃഷ്ണരാജ്, വിനീഷ് എന്നിവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പോലീസ് കസ്റ്റഡിയിലുള്ള ഇയാളെ കോടതിയില്‍ ഹാജരാക്കി.

Latest News