Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കരിപ്പൂർ: പുതിയ ടെർമിനൽ ഉദ്ഘാടനം അടുത്ത മാസം

കരിപ്പൂർ വിമാനത്താവള ഉപദേശക സമിതി യോഗം.

മലപ്പുറം- കരിപ്പൂരിൽ നിന്നു വലിയ വിമാനങ്ങളുടെ സർവ്വീസ് ആരംഭിക്കുന്നതിനായി കേന്ദ്രത്തിൽ കൂട്ടായി ശക്തമായ സമ്മർദ്ദം ചെലുത്താൻ വിമാനത്താവള ഉപദേശക സമിതി യോഗ തീരുമാനം. ഇതിനനുകൂലമായ റിപ്പോർട്ടാണ് ഡി.ജി.സി.എക്ക് ലഭിച്ചിട്ടുള്ളത്. 18 ന് പാർലമെന്റ് സമ്മേളനത്തിനോടനുബന്ധിച്ച് എം.പി മാരുടെ നേതൃത്വത്തിൽ കേന്ദ്ര വ്യോമയാന മന്ത്രിയെയും ഡി.ജി.സി.എ അധികൃതരെയും കാണാനും യോഗം തീരുമാനിച്ചു. 
വലിയ വിമാനങ്ങൾ കരിപ്പൂരിൽ നിന്നു സർവ്വീസ് പുനരാരംഭിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. ഭൂമി ഏറ്റെടുക്കലും വലിയ വിമാനങ്ങളുടെ സർവ്വീസും തമ്മിൽ ബന്ധമില്ലെന്നു യോഗത്തിൽ ചർച്ചയിൽ ബന്ധപ്പെട്ടവർ പറഞ്ഞു. ഭൂമി ഏറ്റെടുക്കുകയെന്നത് വിമാനത്താവളത്തിന്റെ തുടർ വികസനത്തിനു ആവശ്യമാണ്. എത്ര ഭൂമി വേണമെന്നതുൾപ്പെടെയുള്ള വിശദമായ പ്രപ്പോസൽ കേന്ദ്രത്തിൽ നിന്നു ലഭ്യമാക്കാൻ സംസ്ഥാന സർക്കാറിനോടു ആവശ്യപ്പെട്ടു. 
അടുത്ത മാസത്തോടെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചു. ചീക്കോട് കുടിവെള്ള പദ്ധതിയിൽ നിന്നു എയർപ്പോർട്ടിലേക്കു വെള്ളമെത്തിക്കുന്നതിനോടൊപ്പം കൊണ്ടോട്ടി നഗരസഭയിലുൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലേക്കു വെള്ളമെത്തിക്കുന്നതിനു എയർപോർട്ടിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിക്കും. കൊണ്ടോട്ടി നഗരസഭ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മേഖലകളിൽ നിലവിൽ അനുഭവിക്കുന്ന എയർപോർട്ടിലെ റൺവേയിൽ നിന്നുള്ള മാലിന്യപ്രശ്‌നം പരിഹരിക്കാൻ നഗരസഭ, പഞ്ചായത്ത്, എയർപോർട്ട് അധികൃതരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തും. തുടർന്നു ആവശ്യമായ പരിഹാര നടപടികൾ എയർപോർട്ട് അതോറിറ്റി സ്വീകരിക്കും. കസ്റ്റംസിനു ആവശ്യമായ സൗകര്യങ്ങളൊരുക്കിയിട്ടും മതിയായ ജീവനക്കാരെ നിയമിക്കാതെയുൾപ്പെടെയുള്ള അനാസ്ഥക്കെതിരെ നടപടി സ്വീകരിക്കാൻ കസ്റ്റംസ് കമ്മീഷണറോട് നിർദ്ദേശിച്ചു. ലഭ്യമായ എക്‌സറേ മെഷീൻ ഉപയോഗിക്കാത്തതുൾപ്പെടെയുള്ള പ്രശ്‌നം പരിഹരിക്കാൻ നിർദ്ദേശിച്ചു.
യാത്രക്കാരുടെ ടോയ്‌ലെറ്റ് പ്രശ്‌നം മൂന്നു കോടി രൂപയുടെ ടോയ്‌ലെറ്റ് കോംപ്ലക്‌സ് വരുന്നതോടെ പരിഹരിക്കാനാവുമെന്നു യോഗത്തിൽ അറിയിച്ചു. പ്രീ പെയ്ഡ് ടാക്‌സി നടത്തിപ്പ് കേരള പോലീസിനെ ഏൽപ്പിക്കാൻ നിർദ്ദേശിച്ചു. വലിയ വിമാനങ്ങൾ സർവ്വീസ് ആരംഭിക്കുന്നതോടെ ഹജ്ജ് സർവ്വീസും പുനരാരംഭിക്കാനാവും. ഉംറ യാത്രക്കാർക്കായി നിലവിലെ ഹാൾ സൗകര്യപ്പെടുത്തും. പാർക്കിംഗ് സൗകര്യം വിപുലപ്പെടുത്തും. വാഹനങ്ങൾ ഒന്നിച്ചെത്തുന്നതോടെ ഗതാഗതക്കുരുക്ക് സ്ഥിരമായി അനുഭവപ്പെടുന്നതിനു പരിഹാരമായി വിമാനത്താവളത്തിനു പുറത്തു നഗരസഭയുടെ നേതൃത്വത്തിൽ പാർക്കിംഗ് ഗ്രൗണ്ട് തുടങ്ങുന്നത് പരിഗണിക്കും. വിമാനത്താവളത്തിൽ  പൊലീസ് സൗകര്യം കാര്യക്ഷമമാക്കുന്നതിനായി വിമാനത്താനവളത്തിൽ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കും. 
യോഗത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.അധ്യക്ഷത വഹിച്ചു. എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, എം.കെ. രാഘവൻ, പി.വി.അബ്ദുൽ വഹാബ്, എം.എൽ.എ മാരായ ടി.വി.ഇബ്രാഹീം, പി.അബ്ദുൽ ഹമീദ്, നഗരസഭ ചെയർമാൻ സി.നാടിക്കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മിഥുന, എയർപോർട്ട് ഡയറക്ടർ ശ്രീനിവാസ റാവു, ഡെപ്യൂട്ടി കലക്ടർ ഡോ.ജെ.ഒ. അരുൺ, കെ.മുഹമ്മദുണ്ണി ഹാജി, പി.വി.ഗംഗാധരൻ, ഡി.വൈ.എസ്.പി. ജലീൽ തോട്ടത്തിൽ, ടി.പി.ഹാഷിറലി, കെ.എം. ബഷീർ, എ.കെ. നസീർ, മുഹമ്മദ് ഷാഹിദ്, അഞ്ജു നായർ, പി.വി.നിധീഷ്, ഖൈറുറഹീം പട്ടർകടവൻ എന്നിവർ പങ്കെടുത്തു.

Latest News