ജാതി മാറി പ്രണയിച്ച പെണ്‍കുട്ടിയെ പിതാവ് കൊലപ്പെടുത്തി; കാമുകന്‍ ട്രെയിനിനുമുന്നില്‍ ചാടി മരിച്ചു

ബംഗളൂരു- കര്‍ണാടകയില്‍ ജാതി മാറി പ്രണയിച്ച പെണ്‍കുട്ടിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലാണ് മറ്റൊരു ജാതിയില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായതിന് 20 വയസ്സായ മകളെ പിതാവ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ  മരണത്തില്‍ മനംനൊന്ത് 24 കാരനായ കാമുകന്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതായും പോലീസ് പറഞ്ഞു. ബംഗപേട്ട് താലൂക്കിലെ ബോഡഗുര്‍ക്കി ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് രണ്ട് സംഭവങ്ങളും നടന്നത്. പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിലെ (കെജിഎഫ്) ബംഗാര്‍പേട്ടില്‍ താമസിക്കുന്ന കൃഷ്ണമൂര്‍ത്തി മറ്റൊരു ജാതിയില്‍പ്പെട്ട കാമുകന്‍ ഗംഗാധറിനെ വിവാഹം കഴിക്കാന്‍ വാശി പിടിച്ചതിനാല്‍  മകള്‍ കീര്‍ത്തിയുമായി പതിവായി വഴക്കിട്ടിരുന്നുവെന്ന് പറയുന്നു.
ചൊവ്വാഴ്ച രാവിലെ, ഗംഗാധറുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ കൃഷ്ണമൂര്‍ത്തി കീര്‍ത്തിയെ നിര്‍ബന്ധിച്ചു. ഇതിന്റെ പേരില്‍  പിതാവും മകളും തമ്മില്‍ ആരംഭിച്ച വഴക്കിനൊടുവില്‍ കൃഷ്ണമൂര്‍ത്തി കീര്‍ത്തിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം ആത്മഹത്യയായി മാറ്റാന്‍  മൃതദേഹം ഫാനില്‍ കെട്ടിത്തൂക്കിയതായും പോലീസ് പറഞ്ഞു.
മേസനായി ജോലി ചെയ്തിരുന്ന ഗംഗാധര്‍ കാമുകിയുടെ മരണവാര്‍ത്തയറിഞ്ഞ്  മനംനൊന്ത് റെയില്‍വേ  ട്രെയിനിന് മുന്നില്‍ ചാടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 പ്രകാരം കൊലപാതക കുറ്റത്തിന് കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്തതായി  കെജിഎഫ് പോലീസ് സൂപ്രണ്ട് കെ.ധര്‍ണി ദേവി പറഞ്ഞു.

 

Latest News