ന്യൂയോര്‍ക്ക്- ഓണ്‍ലൈന്‍ ടാക്‌സി ആപ്പായ യൂബര്‍ ഉപയോഗിച്ച് 800 ലേറെ ഇന്ത്യന്‍ പൗരന്മാരെ യുഎസിലേക്ക് കടത്തിയതിന് 49 കാരനായ ഇന്ത്യന്‍ വംശജനെ മൂന്ന് വര്‍ഷത്തിലേറെ തടവിന് ശിക്ഷിച്ചു. ജസ്പാല്‍ ഗില്‍ എന്ന രജീന്ദര്‍ പാല്‍ സിംഗിനാണ് ശിക്ഷ. കാനഡയില്‍ നിന്ന് നൂറുകണക്കിന് ഇന്ത്യന്‍ പൗരന്മാരെ അതിര്‍ത്തി കടത്തി കൊണ്ടുവന്ന കള്ളക്കടത്ത് സംഘത്തിലെ പ്രധാന അംഗമെന്ന നിലയില്‍ അഞ്ച് ലക്ഷം യുഎസ് ഡോളറിലധികം കൈപ്പറ്റിയെന്ന് പ്രതി സമ്മതിച്ചിരുന്നു.
കാലിഫോര്‍ണിയയില്‍ താമസിക്കുന്ന സിങ്ങിനെ ചൊവ്വാഴ്ച യുഎസ് ഡിസ്ട്രിക്റ്റ് കോടതിയാണ് ഗൂഢാലോചന കുറ്റത്തിന് 45 മാസം തടവിന് ശിക്ഷിച്ചത്. നാലുവര്‍ഷത്തിനിടെ, 800 ലേറെ ആളുകളെ വടക്കന്‍ അതിര്‍ത്തിയിലൂടെ യുഎസിലേക്കും വാഷിംഗ്ടണ്‍ സ്‌റ്റേറ്റിലേക്കും കടത്താന്‍ സിംഗ് സൗകര്യം ചെയ്തുവെന്നും യു.എസ് ആക്ടിംഗ് അറ്റോര്‍ണി ടെസ്സ എം ഗോര്‍മാന്‍ പറഞ്ഞു.