Sorry, you need to enable JavaScript to visit this website.

അറഫ ഖുതുബ വിവര്‍ത്തനം: ഏറ്റവുമധികം പ്രയോജനപ്പെടുത്തിയത് ഇന്തോനേഷ്യക്കാര്‍

മിന - ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍മമായ അറഫ സംഗമത്തോടനുബന്ധിച്ച അറഫ ഖുതുബ വിവര്‍ത്തന സേവനം ഏറ്റവുമധികം പ്രയോജനപ്പെടുത്തിയത് ഇന്തോനേഷ്യക്കാരാണെന്ന് കണക്ക്. ഇത്തവണ 20 ഭാഷകളില്‍ അറഫ ഖുതുബ വിവര്‍ത്തനം ചെയ്ത് സംപ്രേഷണം ചെയ്തിരുന്നു. വ്യത്യസ്ത ഭാഷകളിലുള്ള ഖുതുബ വിവര്‍ത്തനം 50 കോയിലേറെ പേര്‍ പ്രയോജനപ്പെടുത്തി. കഴിഞ്ഞ കൊല്ലം 14 ഭാഷകളിലാണ് അറഫ ഖുതുബ വിവര്‍ത്തനം ചെയ്തത്.
മനാറത്തുല്‍ഹറമൈന്‍ പ്ലാറ്റ്‌ഫോം വഴിയാണ് അറഫ ഖുതുബ വിവര്‍ത്തനങ്ങള്‍ സംപ്രേക്ഷണം ചെയ്തത്. പ്ലാറ്റ്‌ഫോം വെബ്‌സൈറ്റും ആപ്പും വഴി അറഫ ഖുതുബ വീക്ഷിക്കാനും ശ്രവിക്കാനും ലോക മുസ്‌ലിംകള്‍ക്ക് അവസരമൊരുക്കാന്‍ ലക്ഷ്യമിട്ടാണ് ഖുതുബ വിവര്‍ത്തന പദ്ധതി നടപ്പാക്കുന്നതെന്ന് സാങ്കേതിക, ഡിജിറ്റല്‍ പരിവര്‍ത്തന, കൃത്രിമബുദ്ധി കാര്യങ്ങള്‍ക്കുള്ള ഹറംകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ വിസാം ബിന്‍ മുഹമ്മദ് മഖാദമി പറഞ്ഞു.
മനാറത്തുല്‍ഹറമൈന്‍ പ്ലാറ്റ്‌ഫോം വഴി 32.2 കോടിയിലേറെ പേര്‍ അറഫ ഖുതുബ പൂര്‍ണമായും ശ്രവിച്ചതായി ഹറംകാര്യ വകുപ്പിനു കീഴിലെ ഐ.ടി വിഭാഗം മേധാവി എന്‍ജിനീയര്‍ വുഹൈബ് അല്‍മത്‌റഫി പറഞ്ഞു. ഇന്തോനേഷ്യയില്‍ നിന്നുള്ള 6.53 കോടി പേരും ഇന്ത്യയില്‍ നിന്നുള്ള 3.95 കോടി പേരും ചൈനയില്‍ നിന്നുള്ള 3.34 കോടി പേരും ബംഗ്ലാദേശില്‍ നിന്നുള്ള 2.93 കോടി പേരും പാക്കിസ്ഥാനില്‍ നിന്നുള്ള 2.61 കോടി പേരും ടാന്‍സാനിയയില്‍ നിന്നുള്ള 2.24 കോടി പേരും അള്‍ജീരിയയില്‍ നിന്നുള്ള 1.94 കോടി പേരും നൈജീരിയയില്‍ നിന്നുള്ള 1.43 കോടി പേരും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 91.1 ലക്ഷം പേരും സുഡാനില്‍ നിന്നുള്ള 59.5 ലക്ഷം പേരും അമേരിക്കയില്‍ നിന്നുള്ള 57.5 ലക്ഷം പേരും മലേഷ്യയില്‍ നിന്നുള്ള 56.4 ലക്ഷം പേരും ഈജിപ്തില്‍ നിന്നുള്ള 48.1 ലക്ഷം പേരും എത്യോപ്യയില്‍ നിന്നുള്ള 48.3 ലക്ഷം പേരും ഇറാനില്‍ നിന്നുള്ള 39.6 ലക്ഷം പേരും പ്ലാറ്റ്‌ഫോം വഴി ഖുതുബ ശ്രവിച്ചു. ഇക്കൂട്ടത്തില്‍ 98 ശതമാനം പേര്‍ പ്ലാറ്റ്‌ഫോം വഴി കംപ്യൂട്ടറിലും രണ്ടു ശതമാനം പേര്‍ സ്മാര്‍ട്ട് ഫോണുകളിലുമാണ് ഖുതുബ ശ്രവിച്ചത്.
ഖുതുബ വിവര്‍ത്തനം ശ്രവിച്ചവരില്‍ 21.69 ശതമാനം പേര്‍ ഇംഗ്ലീഷിലും 17.27 ശതമാനം പേര്‍ മലാവിയിലും 13.77 ശതമാനം പേര്‍ ഉര്‍ദുവിലും 12.48 ശതമാനം പേര്‍ ബംഗാളിയിലും 8.62 ശതമാനം പേര്‍ ചൈനീസിലും 5.37 ശതമാനം പേര്‍ സ്വാഹിലിയിലും 3.37 ശതമാനം പേര്‍ പേര്‍ഷ്യനിലും 1.9 ശതമാനം പേര്‍ ഹോസായിലും 1.68 ശതമാനം പേര്‍ ഫ്രഞ്ചിലും 1.32 ശതമാനം പേര്‍ അംഹരിക് ഭാഷയിലുമുള്ള വിവര്‍ത്തനങ്ങളാണ് പ്രയോജനപ്പെടുത്തിയത്.
അറഫ ഖുതുബ വിവര്‍ത്തന സേവനം ലോകത്തെ 20 ഭാഷകള്‍ സംസാരിക്കുന്ന 50 കോടിയിലേറെ പേര്‍ക്ക് പ്രയോജനപ്പെട്ടതായി ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആദ്യമായാണ് അറഫ ഖുതുബ വിവര്‍ത്തന സേവനം ഇത്രയും പേര്‍ക്ക് പ്രയോജനപ്പെടുന്നത്. ഇംഗ്ലീഷ്, ഫ്രഞ്ച്, ഉര്‍ദു, ജര്‍മന്‍, സ്പാനിഷ്, ഇന്തോനേഷ്യ, ബംഗാളി, മലയാളം, അംഹരിക്, ഹോസാ, തുര്‍ക്കിഷ്, റഷ്യന്‍, ചൈനീസ്, പേര്‍ഷ്യന്‍, തമിഴ്, ഫിലിപ്പിനോ, ബോസ്‌നിയന്‍, സ്വാഹിലി, ഹിന്ദി, സ്വീഡിഷ് ഭാഷകളിലാണ് ഇത്തവണ അറഫ ഖുതുബ വിവര്‍ത്തനം ചെയ്തത്.

 

 

Latest News