Sorry, you need to enable JavaScript to visit this website.

ജയിലിലെ ആക്രമണം, ആകാശ് തില്ലങ്കേരിക്ക്  പരിക്കുണ്ടോയന്ന് പരിശോധിക്കണം- ഹൈക്കോടതി 

കണ്ണൂര്‍- വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അതിസുരക്ഷ ജയിലില്‍ കഴിയുന്ന ആകാശ് തില്ലങ്കേരിക്ക് മെഡിക്കല്‍ പരിശോധന നല്‍കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. ജയിലിലെ ആക്രമണത്തില്‍ ആകാശിന് പരിക്ക് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് നിര്‍ദ്ദേശം. തൃശ്ശൂര്‍ ജില്ല ആശുപത്രി സൂപ്രണ്ടിന് മുന്നില്‍ ഹാജരാക്കാനാണ് വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കിയത്. മെഡിക്കല്‍ റിപ്പോര്‍ട്ടും സംഭവ ദിവസത്തെ സി.സി ടി.വി ദൃശ്യങ്ങളും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കണമെന്നും കോടതി പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയാണ് ആകാശ്. ആകാശിന്റെ അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ആകാശിനെ ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളെ തുടര്‍ന്നാണ് ജയില്‍ അസിസ്റ്റന്റ് വാര്‍ഡനെ ആകാശ് തിലങ്കേരി മര്‍ദ്ദിച്ചത്. ഇതേ തുടര്‍ന്ന് ജയില്‍ ഉദ്യോഗസ്ഥന്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജയിലില്‍ ഫോണ്‍ ഉപയോഗിച്ചെന്ന സംശയത്തെത്തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ വിളിച്ച ജയിലര്‍ക്ക് ആകാശ് തില്ലങ്കേരിയില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചായിരുന്നു സംഭവം. അസി. ജയിലര്‍ രാഹുലിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തെ തുടര്‍ന്ന് രാഹുല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ആകാശ് തില്ലങ്കരിക്കെതിരെ വിയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മൊഴി രേഖപെടുത്തി കേസെടുക്കുമെന്ന് വിയ്യൂര്‍ പോലീസ് അറിയിച്ചു. കാപ്പ തടവുകാരനാണ് ശുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കരി. സംഭവത്തെ തുടര്‍ന്ന് ആകാശിനെ അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേയ്ക്കാണ് മാറ്റിയത്.
2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായുണ്ടായ ആക്രമണത്തില്‍ ഷുഹൈബ് കൊല്ലപ്പെട്ടത്. അര്‍ദ്ധരാത്രി കണ്ണൂര്‍ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും അക്രമികള്‍ വൈകിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുന്നതിന് മുന്‍പ് രക്തം വാര്‍ന്നായിരുന്നു ഷുഹൈബിന്റെ മരണം. കേസില്‍ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ദീപ് ചന്ദിനെയും പിന്നീട് സിപിഎമ്മില്‍ നിന്നും പുറത്താക്കിയിരുന്നു.

Latest News