നരേന്ദ്ര മോഡിയോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയെ അപമാനിക്കുന്നതിനെതിരെ പ്രതികരിച്ച് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍- ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യു. എസ് സന്ദര്‍ശനത്തിനിടെ സംയുക്ത വാര്‍ത്താ മ്മേളനത്തില്‍ ചോദ്യമുന്നയിച്ച മാധ്യമ പ്രവര്‍ത്തകയെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനെതിരെ വൈറ്റ് ഹൗസിന്റെ പ്രതികരണം. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും മതന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചും ചോദ്യം ഉന്നയിച്ച സബ്രീന സിദ്ദീഖിക്കെതിരെയാണ് ഇന്ത്യയിലെ ബി ജെ പി ്അനുകൂല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും അപമാനവും ഭീഷണിയും ഉയര്‍ത്തിയത്. 
തങ്ങള്‍ പത്രസ്വാതന്ത്ര്യത്തിന് പ്രതിജ്ഞാബദ്ധരാണെന്നും അതിനാലാണ് കഴിഞ്ഞ ആഴ്ച പത്രസമ്മേളനം നടത്തിയതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു. ജോലി ചെയ്യാന്‍ ശ്രമിക്കുന്ന ഏതെങ്കിലും പത്രപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്നതിനോ ഉപദ്രവിക്കുന്നതിനോ ഉള്ള ശ്രമങ്ങളെ തങ്ങള്‍ തീര്‍ച്ചയായും അപലപിക്കുന്നുവെന്നും പ്രസ് സെക്രട്ടറി ജീന്‍-പിയറി പറഞ്ഞു.
മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ കിര്‍ബി നടത്തിയ പരാമര്‍ശത്തിന് തൊട്ടുപിന്നാലെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി കിര്‍ബിയുടെ സന്ദേശം ആവര്‍ത്തിച്ചത്.
ഇന്ത്യയിലെ അവകാശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മോഡി നല്‍കിയ മറുപടി ബൈഡന്‍ അംഗീകരിച്ചിരുന്നോ എന്ന് ജീന്‍ പിയറിയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് അതിന് ഉത്തരം നല്‍കേണ്ടതെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് അതിനെക്കുറിച്ച് വിമര്‍ശിക്കുകയോ എഴുതുകയോ ചെയ്യാമെന്നും താന്‍  പ്രതികരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. 
ബൈഡനില്‍ നിന്ന് മാത്രമല്ല, മോഡിയില്‍ നിന്നും മാധ്യമങ്ങള്‍ കേള്‍ക്കേണ്ടത് പ്രധാനമാണെന്ന് വൈറ്റ് ഹൗസ് കരുതുന്നുണ്ടെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് വളരെ അപൂര്‍വമായേ ചോദ്യങ്ങള്‍ കേള്‍ക്കാറുള്ളൂ എന്നും അവര്‍ ചൂണ്ടിക്കാട്ടി.
മോഡിയും ബൈഡനുമായി സംയുക്ത പത്രസമ്മേളനത്തിന് ഇന്ത്യന്‍ ഭാഗത്ത് നിന്ന് സമ്മതം ലഭിക്കുന്നതിന് ഉത്സാഹക്കുറവ് നേരിട്ടതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. മോഡിയോട് ഒരേയൊരു ചോദ്യം മാത്രമേ ചോദിക്കാവൂ എന്ന് ഇന്ത്യന്‍ പക്ഷം ആവശ്യപ്പെട്ടതായും പറയപ്പെടുന്നു.
ഇന്ത്യയിലെ മനുഷ്യാവകാശങ്ങളെയും പത്രസ്വാതന്ത്ര്യത്തെയും കുറിച്ച് പ്രധാനമന്ത്രിയും പ്രസിഡന്റും തമ്മിലുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ജീന്‍ പിയറി വിസമ്മതിച്ചു.

Latest News