Sorry, you need to enable JavaScript to visit this website.

പ്രവാസി ചിട്ടി എല്ലാ നിയമങ്ങളും അനുസരിച്ച്; കെ എം മാണിക്ക് തെറ്റിദ്ധാരണയെന്ന് മന്ത്രി തോമസ് ഐസക്ക്

മലപ്പുറം- കെ.എസ്.എഫ്.ഇ ആരംഭിക്കുന്ന പ്രവാസി ചിട്ടി പൂര്‍ണ്ണമായും കേന്ദ്ര നിയമത്തിലെ നിബന്ധനകള്‍ക്ക് അനുസൃതമാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. പ്രവാസി ചിട്ടിയുടെ നടത്തിപ്പിനാവശ്യമായ എല്ലാ ഉത്തരവുകളും ഇതിനകം കെ.എസ്.എഫ്.ഇ നേടിയിട്ടുണ്ട്. പ്രവാസി ചിട്ടി നിയമ വിരുദ്ധമെന്ന മുന്‍ ധനകാര്യ മന്ത്രി കെ എം മാണിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിവാദങ്ങളല്ല, സംവാദങ്ങളാണ് നാടിന്റെ വികസനത്തിനാവശ്യമെും അദ്ദേഹം കോട്ടയ്ക്കലില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ വകുപ്പു മന്ത്രി മാണിയുടെ വിമര്‍ശനങ്ങളെ ഗൗരവത്തിലെടുക്കുന്നുവെന്നും അദ്ദേഹത്തിനുണ്ടായ തെറ്റിദ്ധാരണകള്‍ നീക്കാന്‍ ചര്‍ച്ചയ്ക്കു തയാറാണെന്നും മന്ത്രി വ്യക്തമാക്കി. അദ്ദേഹത്തിന്റെ സൗകര്യത്തിനനുസരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അദ്ദേഹം പറയുന്നിടത്തെത്തിച്ച് സംശയങ്ങള്‍ ദൂരീകരിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും മന്ത്രി ഐസക് വ്യക്തമാക്കി. 

2015 ല്‍ റിസവര്‍വ്വ് ബാങ്ക് വിദേശ പണവിനിമയ ചട്ടത്തില്‍ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. റിസര്‍വ്വ് ബാങ്കിന്റെ 2015 മാര്‍ച്ച് രണ്ടിലെ 337, 338 ഉത്തരവുകള്‍ പ്രകാരം പ്രവാസികളായ ഇന്ത്യക്കാരില്‍ നിന്നും പണം സ്വീകരിക്കുന്നതിന് ചിട്ടിക്കമ്പനികളെ അതതു സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അനുവദിക്കാവുതാണ്. പ്രവാസികള്‍ക്ക് ബാങ്കിംഗ് ചാനലുകള്‍ വഴി പണമടക്കണെന്ന നിബന്ധയുണ്ട്. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് 2015 ജൂലൈ 29 ന് ഇറക്കിയ 136/2015/ടി.ഡി ഉത്തരവ് കെ.എസ്.എഫ്.ഇക്ക് പ്രവാസി ഇന്ത്യക്കാരില്‍ നിന്നും ചിട്ടി അടവുകള്‍ സ്വീകരിക്കുന്നതിന് അനുമതി നല്‍കുന്നുണ്ട്. 1982 ലെ കേന്ദ്രനിയമവും 2012ലെ കേന്ദ്ര ചിട്ടി നിയമവും അനുസരിച്ചാണ് പ്രവാസി ചിട്ടികള്‍ നടത്തുന്നത്. ഓണ്‍ലൈനായി ചെയ്യുന്നു എന്നതും മറ്റു ചില ആനുകൂല്യങ്ങള്‍ പ്രവാസി ചിട്ടിയില്‍ ചേര്‍ത്തിട്ടുണ്ട് എന്നുള്ളതും മാത്രമാണ് വ്യത്യാസം. 

കേന്ദ്ര ചിട്ടി നിയമപ്രകാരം ആ നിയമത്തിലെ ഏതു വകുപ്പുകളും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഭേദഗതി ചെയ്യാവുന്നതും ഒഴിവാക്കാവുന്നതുമാണ്. റിസര്‍വ്വ് ബാങ്കിനെ ഇക്കാര്യം അറിയിക്കണമെന്ന് മാത്രമേ വ്യവസ്ഥയുള്ളൂ. ഇതുപ്രകാരം 2018 ജനുവരി ഒന്നിന് 6/2018/ടാക്‌സസ് ഉത്തരവ് പ്രകാരം ഓലൈന്‍ ചിട്ടി നടത്താനുള്ള അനുമതി കെ.എസ്.എഫ്.ഇക്ക് ലഭിച്ചിട്ടുണ്ട്. പ്രവാസി ചിട്ടി തുക കിഫ്ബിയില്‍ നിക്ഷേപിക്കുന്നത് നിയമ വിരുദ്ധമാണെന്ന മാണിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നൂറു ശതമാനം ഗ്യാരണ്ടി നല്‍കുന്ന ഫണ്ടില്‍ നിക്ഷേപിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. 2016 ലെ കിഫ്ബി നിയമപ്രകാരം കിഫ്ബി ബോണ്ടുകള്‍ക്ക് സര്‍ക്കാര്‍ നൂറു ശതമാനം ഗ്യാരണ്ടി നല്‍കുന്നതിനാല്‍ ചിട്ടി തുക കിഫ്ബിയില്‍ ബോണ്ടായി നിക്ഷേപിക്കുന്നത് നിയമവിധേയമാണെന്നും മന്ത്രി വ്യക്തമാക്കി. 

കെ.എസ്.എഫ്.ഇയുടെ ബ്രാന്‍ഡഡ് ചിട്ടികളില്‍ എല്ലാ കാലത്തും ആനുകൂല്യങ്ങള്‍ നല്‍കി വന്നിട്ടുണ്ട്. അതുപ്രകാരമാണ് ഇന്‍ഷുറന്‍സ് അപകട പരിരക്ഷ, പെന്‍ഷന്‍ പദ്ധതി തുടങ്ങിയ ആനുകൂല്യങ്ങള്‍ പ്രവാസിച്ചിട്ടിയിലും നല്‍കാന്‍ തീരുമാനിച്ചത്. ഈ ആനുകൂല്യങ്ങള്‍ നിയമസഭയില്‍ സമര്‍പ്പിച്ച ചട്ടഭേദഗതിയില്‍ ഉണ്ടായിരുന്നില്ല. ഇവ പിന്നീടാണ് ആവിഷ്‌കരിക്കപ്പെട്ടത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഈ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട ചട്ടഭേദഗതികള്‍ സമര്‍പ്പിക്കും.
കെ.എസ്.എഫ്.ഇ ഒരു ബാങ്കിംഗ് സ്ഥാപനമാണെന്ന് ആരും അവകാശപ്പെട്ടിട്ടില്ല. ബാങ്കിങ് സ്ഥാപനങ്ങള്‍ക്ക് ചിട്ടി നടത്താനാവില്ല. ഇതു സംബന്ധിച്ച് അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കുന്നത് സംസ്ഥാനത്തിന്റെ ഉത്തമതാല്‍പര്യത്തിന് വിരുദ്ധമാണ്. എന്തു വിമര്‍ശനങ്ങളു ഉണ്ടെങ്കിലും തുറന്ന മനസ്സോടെ പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു.

Latest News