ന്യൂദല്‍ഹി- 2004 ല്‍ നടപ്പാക്കിയ ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍.പി.എസ്) പരിഷ്‌കരിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അവസാനം വാങ്ങിയ ശമ്പളത്തിന്റെ 40 ശതമാനമെങ്കിലും പെന്‍ഷന്‍ ലഭിക്കുംവിധം പദ്ധതിയില്‍ മാറ്റം വരുത്തുമെന്നാണ് സൂചന. വിഷയം പരിശോധിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെങ്കിലും എന്‍.പി.എസ്. വലിയ രാഷ്ട്രീയവിഷയമായത് കൊണ്ടാണ് പെന്‍ഷന്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നീങ്ങുന്നതെന്നാണ് കരുതുന്നത്. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളാണ് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങിയത്. കഴിഞ്ഞവര്‍ഷം നടന്ന ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെടാന്‍ കാരണമായ വിഷയങ്ങളിലൊന്ന് എന്‍.പി.എസാണ്. പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാകുമെന്നായിരുന്നു അവിടെ അധികാരമേറിയ കോണ്‍ഗ്രസിന്റെ മുഖ്യവാഗ്ദാനം.
ഈ വര്‍ഷം അഞ്ച് സംസ്ഥാന നിയമസഭകളിലേക്കും അടുത്തവര്‍ഷം ലോക്സഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ എന്‍.പി.എസ് തിരിച്ചടിയാകാതിരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നത്.