അനധികൃത പാചക വാതക ശേഖരവുമായി രണ്ടുപേര്‍ പിടിയില്‍

ആലുവ- കുന്നത്തേരിയിലെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ അനധികൃത പാചക വാതകശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ ചൂര്‍ണ്ണിക്കര കുന്നത്തേരി വെള്ളാഞ്ഞി വീട്ടില്‍ ഷമീര്‍ (44), ഇയാളുടെ സഹായി ബീഹാര്‍ മിസാപ്പൂര്‍ സ്വദേശി രാമാനന്ദ് (48) എന്നിവരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. 

വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 192 ഗാര്‍ഹിക വാണിജ്യ സിലിണ്ടറുകളാണ് കണ്ടെടുത്തത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിറച്ച സിലിണ്ടറുകള്‍ പിടികൂടിയത്. വന്‍ വിലക്ക് ഹോട്ടലുകള്‍ക്കും വീടുകള്‍ക്കും ഗ്യാസ് വില്‍പ്പന നടത്തിക്കൊണ്ടിരിക്കുയാണ് ഇയാള്‍.

്അനധികൃതമായി ഗ്യാസ് സിലിണ്ടര്‍ വിപണനം തുടങ്ങിയിട്ട് കുറേയായെന്നാണ് വിവരം. രഹസ്യമായാണ് വീടുകളിലേയ്ക്കും കടകളിലേക്കും ഗ്യാസ് എത്തിച്ചു കൊണ്ടിരുന്നത്. പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ വീട് നിറയെ ഗ്യാസ് സിലിണ്ടറുകളായിരുന്നു. ഒരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ഇവ കൂട്ടിയിട്ടിരുന്നത്. ത്രാസ്, സിലിണ്ടറുകള്‍ കൊണ്ടുപോകുന്ന വാഹനം മോട്ടോര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയും വീട്ടില്‍ നിന്ന് കണ്ടെടുത്തു. 

ആലുവ ഡി. വൈ. എസ്. പി എ. പ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എം. എം. മഞ്ജു ദാസ്, എസ്. ഐ പി. ടി. ലിജിമോള്‍, എ. എസ്. ഐമാരായ ബി. സുരേഷ് കുമാര്‍, കെ. പി. ഷാജി, സി. പി. ഒമാരായ എസ്. സുബ്രഹ്മണ്യന്‍, കെ. ആര്‍. രാജേഷ്, വി. എ. അഫ്‌സല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Latest News