ന്യൂദല്‍ഹി- വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ പ്രാഥമിക നടപടിയുമായി വാട്‌സാപ്പ്. വ്യാജ വാര്‍ത്തകള്‍ ആള്‍കൂട്ട കൊലയിലേക്കും ആക്രമണങ്ങളിലേക്കും നയിച്ചതിനെ തുടര്‍ന്നാണിത്. ജനങ്ങളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ പത്രങ്ങളില്‍ വാട്‌സാപ്പ് ഫുള്‍പേജ് പരസ്യം നല്‍കി.
വാട്‌സാപ്പില്‍ വ്യാജ ലിങ്കിന് ഇനി ചുകപ്പ് ലേബല്‍
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള നിര്‍ദേശങ്ങളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രചാരമുള്ള പ്രധാന പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന പേരില്‍ സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തെ തുടര്‍ന്ന് ആള്‍ക്കൂട്ടാക്രമണത്തില്‍ 33 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ ആര്‍ക്കും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഫോര്‍വേര്‍ഡ് മെസേജുകള്‍ രണ്ടു തവണ പരിശോധിക്കുക, അസ്വസ്ഥമാക്കുന്ന സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യാതിരിക്കുക, വിശ്വസനീയമല്ലാത്ത വിവരങ്ങള്‍ എപ്പോഴും പരിശോധിക്കുക, ഫോട്ടോകള്‍ പരിശോധിക്കുക, ലിങ്കുകള്‍ യഥാര്‍ഥമാണോ എന്ന് ഉറപ്പുവരുത്തുക, മറ്റു സ്രോതസ്സുകള്‍ വഴി വാര്‍ത്തകളുടെ നിജസ്ഥിതി പരിശോധിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് വാട്‌സാപ്പ് പരസ്യത്തില്‍ മുന്നോട്ടുവെക്കുന്നത്.
ഫോര്‍വേര്‍ഡ് മെസേജുകള്‍ തിരിച്ചറിയുന്നതിനായി പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കമ്പനി ഉറപ്പു നല്‍കുന്നു. സന്ദേശം ആരാണ് അയച്ചതെന്ന് അറിയില്ലെങ്കില്‍ സന്ദേശം വീണ്ടും പരിശോധിക്കണം. നിങ്ങളെ അസ്വസ്ഥമാക്കുന്ന സന്ദേശങ്ങള്‍ മറ്റുള്ളവരേയും അസ്വസ്ഥമാക്കുമെന്നതിനാല്‍ അത്തരം സന്ദേശങ്ങള്‍ അതിനാല്‍ ഷെയര്‍ ചെയ്യുന്നതിന് മുമ്പ് രണ്ടു തവണ ആലോചിക്കുക.
അവിശ്വസനീയമായി തോന്നുന്ന പല സന്ദേശങ്ങളും തെറ്റായിരിക്കും.
വ്യാജവാര്‍ത്തകളിലും കുപ്രചരണങ്ങളിലും പലപ്പോഴും അക്ഷരത്തെറ്റുണ്ടാവും. സന്ദേശം ശരിയാണോയെന്ന് പരിശോധിക്കാന്‍ ഇതും ഉപയോഗപ്പെടുത്താം. വ്യാജ സന്ദേശങ്ങളിലെ
ഫോട്ടോകള്‍ പലപ്പോഴും എഡിറ്റ് ചെയ്യപ്പെട്ടവയായിരിക്കും. അറിയപ്പെടുന്ന വെബ്‌സൈറ്റെകളുടെ ലിങ്കായാണ് ഒറ്റനോട്ടത്തില്‍ തോന്നുകയെങ്കിലും സൂക്ഷിച്ചു നോക്കിയാല്‍ അക്ഷരത്തെറ്റുകള്‍ കണ്ടെത്താം.
വാട്‌സപ്പില്‍ അജ്ഞാത നമ്പറുകള്‍ ബ്ലോക്ക് ചെയ്യാനും താല്‍പര്യമില്ലാത്ത ഗ്രൂപ്പുകളില്‍നിന്ന് പുറത്തു പോകാനും വഴികളുണ്ട്. ഒരു സന്ദേശം കൂടുതല്‍ പേര്‍, പലതവണ ഷെയര്‍ ചെയ്തുവെന്നതു കൊണ്ടു മാത്രം ശരിയാവണമെന്നില്ല.
ഇന്ത്യയില്‍ അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വ്യാജ വര്‍ത്തകള്‍ അയച്ച് ജനങ്ങളെ ധ്രുവീകരികകുന്നതിന് ആസൂത്രിത ശ്രമം നടത്താന്‍ ധാരാളം വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ആള്‍ക്കൂട്ട ആക്രമണം രാജ്യത്ത് വര്‍ധിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വ്യാജവാര്‍ത്തകള്‍ തടയുന്നതിന് നടപടികള്‍ സ്വീകരിക്കണെന്ന് വാട്‌സാപ്പിനോട് ആവശ്യപ്പെട്ടത്.