Sorry, you need to enable JavaScript to visit this website.

മോ‍ഡി നിയമം നിർമിക്കേണ്ടത് വിവാഹത്തിൽനിന്ന് ഒളിച്ചോടുന്ന പുരുഷന്മാർക്കെതിരെ-ഉവൈസി

ഹൈദരാബാദ്- മുത്തലാഖ്, ഏകീകൃത സിവിൽ കോഡ്, മധ്യപ്രദേശിലെ പാസ്മണ്ട മുസ്‌ലിംകൾ എന്നീ കാര്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോ‍ഡി നടത്തിയ പരാമർശങ്ങളെ വിമർശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. ഇക്കാര്യങ്ങളിൽ  പ്രധാനമന്ത്രി എന്തിനാണ് പാകിസ്ഥാനിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഏകീക‍ൃത സിവിൽ കോഡിന്റെ പേരിൽ  രാജ്യത്തിന്റെ ബഹുസ്വരതയും വൈവിധ്യവും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് ഉവൈസി ആരോപിച്ചു.
80-90 വർഷം മുമ്പ് ഈജിപ്തിൽ മുത്തലാഖ് നിർത്തലാക്കിയിരുന്നുവെന്നും അത് ആവശ്യമാണെങ്കിൽ പിന്നെ എന്തു കൊണ്ട് പാക്കിസ്ഥാനിലും ഖത്തറിലും മറ്റ് മുസ്ലീം രാജ്യങ്ങളിലും നിർത്തലാക്കിയെന്നും ഭോപ്പാലിൽ നടന്ന യോഗത്തിൽ പ്രധാനമന്ത്രി ചോദിച്ചിരുന്നു.
മുത്തലാഖിനെതിരെ എൻഡിഎ സർക്കാർ നിയമം കൊണ്ടുവന്നെങ്കിലും താഴേത്തട്ടിൽ അത് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് മോഡിയുടെ പരാമർശങ്ങളോട് പ്രതികരിച്ചുകൊണ്ട് ഉവൈസി പറഞ്ഞു.  മുത്തലാഖ് വിഷയത്തിൽ  മോഡിജി എന്തിനാണ് പാക്കിസ്ഥാൻ നിയമത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതെന്ന് ചോദിച്ച ഉവൈസ് മുത്തലാഖിനെതിരെ മോഡി ഇവിടെ നിയമം ഉണ്ടാക്കിയെങ്കിലും അത് അടിസ്ഥാന തലത്തിൽ ഒരു മാറ്റവും വരുത്തിയില്ലെന്ന് കുറ്റപ്പെടുത്തി. മറിച്ച് സ്ത്രീകളുടെ വർധിച്ചിരിക്കയാണ്. നിയമങ്ങളിലൂടെ സാമൂഹിക പരിഷ്‌കരണം സാധ്യമല്ലെന്ന് എപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്നതാണ്. ഒരു നിയമം നിർമിക്കണമെങ്കിൽ വിവാഹത്തിൽ നിന്ന് ഒളിച്ചോടുന്ന പുരുഷന്മാർക്കെതിരെയാണ് അത് നിർമ്മിക്കേണ്ടതെന്ന് ഉവൈസി ട്വീറ്റ് ചെയ്തു.
ഒരു വശത്ത് പ്രധാനമന്ത്രി പാസ്മണ്ട മുസ്ലീങ്ങൾക്ക് വേണ്ടി മുതലക്കണ്ണീർ പൊഴിക്കുന്നു. മറുവശത്ത് അദ്ദേഹത്തിന്റെ ആളുകൾ അവരുടെ പള്ളികൾ ആക്രമിക്കുന്നു, അവരുടെ ഉപജീവനമാർഗങ്ങൾ അപഹരിക്കുന്നു, അവരുടെ വീടുകൾ ബുൾഡോസർ ചെയ്യുന്നു, അവരെ തല്ലിക്കൊന്നു- ഉവൈസി കുറ്റപ്പെടുത്തി. പിന്നാക്ക മുസ്‌ലിംകൾക്കുള്ള സംവരണത്തെ എതിർക്കുന്ന എൻഡിഎ സർക്കാർ പാവപ്പെട്ട മുസ്‌ലിംകൾക്കുള്ള സ്‌കോളർഷിപ്പ് നിർത്തലാക്കിയെന്നും അദ്ദേഹം ആരോപിച്ചു. പാസ്മണ്ട മുസ്ലീങ്ങൾ ചൂഷണം ചെയ്യപ്പെടുന്നുണ്ടെങ്കിൽ  മോഡി എന്താണ് ചെയ്യുന്നത്? പാസ്മണ്ട മുസ്ലീങ്ങളിൽ നിന്ന് വോട്ട് ചോദിക്കുന്നതിന് മുമ്പ് ബിജെപി പ്രവർത്തകർ  വീടുവീടാന്തരം കയറിയിറങ്ങി പാർട്ടി എം.എൽ.എമാരും വക്താക്കളും പ്രവാചകനെ അപമാനിക്കാൻ ശ്രമിച്ചതിൽ മാപ്പ് പറയണമെന്നും ഉവൈസി പറഞ്ഞു.
മുസ്ലീങ്ങൾക്കിടയിലെ പിന്നോക്ക വിഭാഗങ്ങളെ ഉദ്ദേശിച്ച് ഉപയോ​ഗിക്കുന്ന പദമാണ് പാസ്മണ്ട.

Latest News