Sorry, you need to enable JavaScript to visit this website.

ഗൾഫ്-കേരള സെക്ടറിൽ കഴുത്തറുപ്പൻ നിരക്ക്

ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലെ ആഘോഷ സീസണിലെ തിരക്ക്
കോഴിക്കോട് വിമാനത്താവളം

പ്രവാസികളെ സംബന്ധിച്ചിടത്തോളം ആഘോഷ വേളകളിൽ നാട്ടിലേക്ക് യാത്ര തിരിക്കുകയെന്നത് പേടിസ്വപ്‌നമാണ്. ഓണമായാലും ക്രിസ്മസായാലും പെരുന്നാളായാലും ഇതു തന്നെയാണ് അവസ്ഥ. നേരത്തേ കാലത്തേ ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെങ്കിൽ പെട്ടത് തന്നെ. ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ) സീസണിലെ ചൂഷണം പണ്ടേയുള്ളതാണ്. റമദാന്റെ അവസാന  നാളുകളിൽ നാട്ടിലേക്ക് യാത്ര ചെയ്യാമെന്ന് കരുതി ടിക്കറ്റെടുക്കാൻ ചെന്നാൽ കുടുങ്ങും, തീർച്ച. മൂന്നോ നാലോ മണിക്കൂർ നേരത്തെ വൺവേ യാത്രക്ക് ഒരു ലക്ഷം ഇന്ത്യൻ രൂപ വരെ കൊടുക്കേണ്ടി വന്നവരുണ്ട്. ഇത്തവണ ബലിപെരുന്നാൾ സീസണിലും കനത്ത തിരക്കാണ്. ഗൾഫിലെ അവധിക്കാലത്ത് ബക്രീദ് വന്നത് മുതലെടുക്കുകയാണ്. മലയാളികളുടെ ദേശീയ ആഘോഷമായ ഓണക്കാലത്തും കഴുത്തറുപ്പൻ നിരക്കായിരിക്കും ഈടാക്കുക. 
ഗൾഫ് - കേരള സെക്ടറിലെ  വിമാന ടിക്കറ്റ്  വില  വർധനയുടെ ആവലാതിക്ക്  പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശാശ്വത പരിഹാരമായി കേരളത്തിന് സ്വന്തം വിമാന  കമ്പനി തുടങ്ങി   അടുത്ത ഓണത്തിന്  സർവീസ് തുടങ്ങുമെന്നും കൊല്ലകൾക്കു മുമ്പ് പറഞ്ഞവരും   താൽക്കാലിക പരിഹാരമായി   ഉടനെ വിമാനം ചാർട്ടർ ചെയ്യുമെന്നു    പ്രഖ്യാപിച്ച്  കൈയടി വാങ്ങിയവരും അടങ്ങിയ  കേരള സർക്കാരുകൾ  പ്രവാസികളുടെ പ്രശ്‌നത്തിൽ  എന്നും ആകുലരാണ്.  ഗൾഫ് മലയാളികൾക്ക്  ഇപ്പോഴും കഞ്ഞി കുമ്പിളിൽ തന്നെയാണ്. ഒരോ പ്രവാസിക്കും  ഇന്നും  ഗൾഫ് യാത്രക്ക് ലക്ഷങ്ങൾ മുടക്കേണ്ട അവസ്ഥ.
ഗൾഫിൽ നിന്ന് കേവലം 4 മണിക്കൂർ യാത്ര മാത്രമുള്ള  കേരളത്തിലേക്ക്  ഒരു നാലംഗ കുടുംബത്തിനു  നാട്ടിൽ പോയി  തിരിച്ചുവരാൻ  ഇന്നു  നാലഞ്ചു ലക്ഷം രൂപ വേണം.  അങ്ങനെ പോകാമെന്നു വെച്ചാലും  സീറ്റുകൾ നിറയാതെ സർവീസ് നടത്തുന്ന വിമാനങ്ങളിൽ പോലും ടിക്കറ്റുകൾ  കിട്ടാനില്ല! ഇതേ വിമാന കമ്പനികൾ ഇതിന്റെ നാലിരട്ടി ദൂരമുള്ള സ്ഥലങ്ങളിലേക്കു   നാല് മണിക്കൂർ യാത്രക്ക് വാങ്ങുന്ന  ഉയർന്ന നിരക്കിന്റെ 50 - 60 ശതമാനം കുറഞ്ഞ   ചെലവിൽ   മറ്റു ഇതര സംസ്ഥാനങ്ങൾ  വഴിയോ   മറ്റു  രാജ്യങ്ങൾ വഴിയോ  10-30  മണിക്കൂർ കാത്തിരുന്നു അടുത്ത വിമാനത്തിൽ യാത്ര തിരിക്കാൻ സാധിക്കുന്നു.  സത്യത്തിൽ അത് കോവിഡ്  കാലത്തെ യാത്ര പോലെ ദുഷ്‌കരമാണ്.  മാത്രമല്ല, പ്രവാസി ജോലിക്കാർക്ക് ഇതു  കാരണം രണ്ടും മൂന്നും ദിവസത്തെ  ലീവ് നഷ്ടമാകും. ഇങ്ങനെ  ക്ഷീണിച്ച് അവശരായി യാത്ര ചെയ്യുന്ന ആയിരങ്ങളെ പല വിമാനത്താവളങ്ങളിലും കാണാം. കഴിഞ്ഞ ദിവസം ഖത്തറിൽ നിന്നു  ബംഗളൂര് വഴിയും ദുബായിൽ നിന്ന് മുംബൈ വഴിയും യാത്ര ചെയ്യുന്ന പലരെയും കാണാൻ കഴിഞ്ഞു.
ആദ്യകാലത്ത് ഈ വില വർധന  ചൂണ്ടിക്കാണിക്കുമ്പോൾ നമ്മുടെ സർക്കാരുകളും രാഷ്ട്രീയക്കാരും  ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) വില കുറക്കാൻ  അനുവദിക്കുന്നില്ല എന്നതായിരുന്നു സ്ഥിരം മറുപടി. 
എയർലൈൻ വ്യവസായത്തെ പ്രതിനിധീകരിക്കുകയും സേവനം ചെയ്യുകയും ചെയ്യുന്ന അന്താരാഷ്ട്ര ട്രേഡ് അസോസിയേഷനാണ്  അയാട്ട. വ്യോമയാന വ്യവസായത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചില മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും സജ്ജീകരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും  അയാട്ടക്കു വിമാന നിരക്ക് നേരിട്ട് നിശ്ചയിക്കാൻ  അധികാരമില്ലെന്നതാണ് സത്യം. ഇക്കാര്യം പലതവണ അധികൃതരുടെ  ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഉത്തരവാദപ്പെട്ട  മന്ത്രിമാർക്കും രാഷ്ട്രീയ നേതാക്കൾക്കും നിസ്സംഗതയാണ്.  ചില കേന്ദ്ര മന്ത്രിമാർ പൊട്ടൻ പുട്ടു വിഴുങ്ങിയതു പോലെ അഭിനയിക്കും. 
 ഗൾഫ് രാജ്യങ്ങളിലെ മധ്യവേനൽ അവധിക്കു  സ്‌കൂൾ അടച്ചു നാട്ടിലേക്ക് പോകുന്നവരും  നാട്ടിൽ  മധ്യവേനൽ അവധിക്കാലത്തും  ഗൾഫിലേക്ക് തിരിക്കുന്ന പ്രവാസി കുടുംബത്തെയും   ഈ രണ്ടു വിഭാഗത്തിന്റെയും തിരിച്ചുള്ള യാത്രാ  കാലങ്ങളിലും മറ്റു   പെരുന്നാൾ,  ക്രിസ്മസ്  ഓണക്കാലത്തുമാണ്  വിമാനക്കമ്പനികളുടെ ചൂഷണം പാരമ്യത്തിലെത്തുന്നത്.  ഈ വർഷം പ്രശ്‌നം കൂടുതൽ രൂക്ഷമാണ്. 
ആത്യന്തികമായി, വിമാന നിരക്ക് നിശ്ചയിക്കാനുള്ള അധികാരം ഓരോ  എയർലൈനുകൾക്കുമാണ്. പ്രവർത്തനച്ചെലവ്, ഡിമാൻഡ്, മത്സരം, വിപണി സാഹചര്യങ്ങൾ എന്നിങ്ങനെ വിവിധ ഘടകങ്ങൾ  കണക്കിലെടുത്താണ്  വിമാനക്കൂലി നിർണയിക്കുന്നത്.   ഈ ഘടകങ്ങളെയും അവരുടെ ബിസിനസ് തന്ത്രങ്ങളെയും അടിസ്ഥാനമാക്കി വിമാനക്കമ്പനികൾക്ക് സ്വന്തം നിരക്കുകൾ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നതും ശരിയാണ്. 
എന്നാൽ ഇത്   സർക്കാർ നിയന്ത്രണങ്ങൾക്കും വിപണി ശക്തികൾക്കും വിധേയമാണ്. എയർലൈനുകളെ അവരുടെ വില നിർണയ തന്ത്രങ്ങളെ   ക്രമീകരിക്കാനും മത്സരാധിഷ്ഠിത നിരക്കുകൾ ക്രമീകരിക്കുന്നതിന് വിമാനക്കമ്പനികളെ സഹായിക്കാനും  നിരക്ക്  സംബന്ധമായ മാർഗനിർദേശങ്ങൾ   നൽകുവാനും  ഓരോ രാജ്യത്തെയും   സർക്കാരുകൾ  നിയമിക്കുന്ന  റെഗുലേറ്ററി അതോറിറ്റികൾക്ക്   ഇക്കാര്യത്തിൽ   ഇടപെടാൻ സാധിക്കും. പക്ഷേ പല കാര്യത്തിലെന്ന പോലെ ഇവിടെയും  അവർ നോക്കുകുത്തികളാണ്. 
 അവധിക്കാലത്ത് ഗൾഫ് സെക്ടറിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന നിരക്കിൽ അന്യായമായ വർധന ഉണ്ടാവുന്നു എന്നത്  ഒരു രഹസ്യമല്ല. പ്രശ്‌നം പരിഹരിക്കാൻ  സംസ്ഥാന  സർക്കാരുകൾക്കും  സാമൂഹ്യ സംഘടനകൾക്കും  ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും.  
ഇന്ത്യയിലെ വ്യോമയാന വ്യവസായത്തിന്റെ മേൽനോട്ടത്തിന് ഉത്തരവാദികളായ  കേന്ദ്ര  സർക്കാർ നിയന്ത്രണത്തിലുള്ള  റെഗുലേറ്ററി അതോറിറ്റിയെ  ബന്ധപ്പെടുക എന്നതാണ് ഇതിൽ പ്രധാനം.  ഇന്ത്യയിലെ സിവിൽ ഏവിയേഷന്റെ റെഗുലേറ്ററി ബോഡിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനുമായും (ഡി.ജി.സി.എ) ഇക്കാര്യത്തിൽ  ബന്ധപ്പെടാം.  പ്രവാസികളുടെ പ്രശ്‌നങ്ങളും  ആശങ്കകളും  വിശദീകരിക്കുകയും വിമാന നിരക്കുകളിലെ ന്യായരഹിതമായ വർധനയെക്കുറിച്ച്  വ്യക്തമാക്കുന്ന  തെളിവുകളും   വിവരങ്ങളും   അവർക്കു നൽകുകയും ചെയ്യാം. 
റെഗുലേറ്ററി അതോറിറ്റിക്ക് ഒരു ഔപചാരിക പരാതി സമർപ്പിക്കുകയും പ്രശ്‌നം വിശദമാക്കുകയും ന്യായീകരിക്കാത്ത നിരക്ക് വർധനയുടെ നിർദിഷ്ട ഉദാഹരണങ്ങൾ നൽകുകയും ചെയ്യണം.  ടിക്കറ്റ് നിരക്കുകൾ, നിരക്ക് താരതമ്യങ്ങൾ, അല്ലെങ്കിൽ വിമാന നിരക്കുകളിൽ പെട്ടെന്നുള്ളതോ അമിതമായതോ ആയ വർധന കാണിക്കുന്ന മറ്റു അനുബന്ധ തെളിവുകൾ പോലുള്ള  പ്രസക്തമായ ഡോക്യുമെന്റേഷനു കളും ഇതിൽ  ഉൾപ്പെടുത്തണം. 
 അതോടൊപ്പം തന്നെ ഉപഭോക്തൃ സംരക്ഷണ ഓർഗനൈസേഷനുകളിൽ നിന്ന് സഹായം തേടുകയാണ് മറ്റൊരു പ്രതിവിധി.  എയർലൈൻ യാത്രക്കാരുടെ അവകാശങ്ങൾ കൈകാര്യം ചെയ്യുന്ന ഉപഭോക്തൃ സംരക്ഷണ സംഘടനകളുമായോ അഭിഭാഷക ഗ്രൂപ്പുകളുമായോ ബന്ധപ്പെട്ട്  പ്രവാസികളുടെ  ഈ  ആശങ്കാജനകമായ  പ്രശ്‌നങ്ങൾ  പരിഹരിക്കുന്നതിനും ന്യായമായ വിലനിർണയത്തിനായി വാദിക്കുന്നതിനുമുള്ള മാർഗനിർദേശമോ പിന്തുണയോ ഉറവിടങ്ങളോ നൽകാൻ ഈ സ്ഥാപനങ്ങൾക്ക് കഴിയുമെന്നതാണ് വാസ്തവം.
മിക്ക പ്രവാസി സംഘടനകളും  സംസ്ഥാന  സർക്കാരും  കേവലം  ഒരു ചടങ്ങായി മാത്രമാണ് ഇതിനെ കാണുന്നത്.   പത്രമാധ്യമങ്ങളിൽ ഒരു പ്രസ്താവനയും   സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അനുഭവം പങ്കുവെച്ചുള്ള ഒരു കുറിപ്പ്   എഴുതുന്നതിലൂടെയും പ്രശ്നത്തിലേക്ക് ശ്രദ്ധ കൊണ്ടുവരികയാണെന്ന ധാരണ വളർത്തുന്നതിലാണ്  അവർക്കു താൽപര്യം. അന്യായമായ യാത്രാനിരക്ക് വർധനയെക്കുറിച്ച്   ബന്ധപ്പെട്ട അധികാരികളിൽ ശക്തമായ  സമ്മർദം ചെലുത്താൻ ആരും തയാറാവുന്നില്ല.
അധികാര പരിധിയെയും നിയമാനുസൃത ചട്ടക്കൂടിനെയും അടിസ്ഥാനമാക്കി  നിർദിഷ്ട   ഫലപ്രാപ്തി  വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കേണ്ടതാണ്.   ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ഇന്ത്യയുടെ റെഗുലേറ്ററിയുടെ   പശ്ചാത്തലത്തിൽ ഈ പ്രശ്‌നം പരിഹരിക്കുന്നതിന് കൂടുതൽ കൃത്യമായ മാർഗനിർദേശത്തിനായി നിയമ വിദഗ്ധരുമായും കൂടിയാലോചിക്കുവാൻ  സംസ്ഥാന സർക്കാരോ അല്ലെങ്കിൽ  പ്രവാസി വകുപ്പ്,  നോർക്ക തുടങ്ങിയ സർക്കാർ  ഏജൻസികളോ  മുന്നോട്ടു വരികയും   ഇതിനു നമ്മർദം ചെലുത്താൻ പ്രവാസി സംഘടനകളും തയാറാവേണ്ടതുണ്ട്. അല്ലാതെ  സ്‌കൂൾ അടക്കുകയും ഓണവും വിഷുവും പെരുന്നാളും വരുമ്പോൾ ഒരു പരാതി നൽകി ഞങ്ങൾ എന്തോ ചെയ്തുവെന്നു  വരുത്താൻ പ്രവാസി സംഘടനകളും കേരളത്തിലെ രാഷ്ട്രീയക്കാരും ഭരണ, പ്രതിപക്ഷ  കക്ഷികളും  നടത്തുന്ന ചെപ്പടിവിദ്യകൾ കൊണ്ട് ഈ പ്രശ്നത്തിന്  യാതൊരു പരിഹാരവും കാണാൻ സാധിക്കില്ല. ഇതിനു ശാശ്വത പരിഹാരം കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുകയും   കോടതിയെ സമീപിക്കുകയുമാണ്. ഇതിനു  നോർക്കയും കേരള  പ്രവാസി വകുപ്പും   കേരളം സർക്കാരും തയാറാവണം. ഇതിൽ പ്രവാസി സംഘടനകൾക്കും കക്ഷി  ചേരാൻ  സാധിക്കും.     
 താൽക്കാലികമായി  അവധിക്കാല തിരക്ക് കണക്കിലെടുത്ത് അധിക വിമാന സർവീസോ ചാർട്ടേഡ്  വിമാനങ്ങളോ ഏർപ്പെടുത്തി  പ്രവാസികളെ നാട്ടിലെത്തിക്കാനും  തിരിച്ചു വരാനും,  മനസ്സുവെച്ചാൽ  സംസ്ഥാന സർക്കാരിനും പ്രവാസി സംഘടനകൾക്കും  സാധിക്കും. 
ഗൾഫ് പ്രവാസികളാണ് ഇത്തരം ചൂഷണങ്ങൾക്ക് വിധേയരാവുന്നതെന്നതും ശ്രദ്ധേയമാണ്. അമേരിക്ക-യൂറോപ്പ് സെക്ടറുകളിൽ ഇതുപോലെ പകൽകൊള്ളയില്ല. ലോകത്തിലെ നമ്പർ വൺ വിമാന കമ്പനികൾ വട്ടമിട്ടു പറക്കുന്ന യൂറോപ്യൻ നഗരങ്ങളിലേക്കുള്ള സർവീസുകളിൽ തോന്നിയ പോലെ നിരക്ക് ഈടാക്കിയാൽ യാത്രക്കാരെ കിട്ടില്ലെന്ന് വിമാന കമ്പനികൾക്കും നന്നായറിയാം. 
 

Latest News