VIDEO കോച്ചിംഗ് സെന്ററില്‍ മുസ്ലിംകള്‍ നമസ്‌കരിച്ചു; ജയ് ശ്രീറാം മുഴക്കി പ്രതിഷേധം

ജയ്പൂര്‍- മുസ്ലിം വിദ്യാര്‍ഥികള്‍ നമസ്‌കരിച്ചതിനെ തുടര്‍ന്ന് കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ജയ് ശ്രീറാം വിളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. രാജസ്ഥാനിലെ കോട്ടയിലുള്ള  അലന്‍ കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുളളതാണെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.
മുസ്ലിം വിദ്യാര്‍ഥികള്‍ കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിനു പുറത്ത് നമസ്‌കരിച്ചതാണ് ഹിന്ദു വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘ്പരിവാറുകാരെന്ന് കരുതി ഈ സംഭവത്തെ അവഗണിക്കാനാവില്ലെന്നും ഒരു കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ഥികളാണ് വിദ്വേഷത്തിനു മുന്നിട്ടിറങ്ങിയതെന്നും സമൂഹ മാധ്യമങ്ങളില്‍ പലരും ചൂണ്ടിക്കാട്ടി.
നാളെ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമാകാനിരിക്കുന്ന വിദ്യാര്‍ഥികളാണ് ഇവരെന്ന് ഓര്‍ക്കണം. മൊത്തം തലമുറയെ വിദ്വേഷത്തിലാക്കുന്നതില്‍ സംഘ്പരിവാര്‍ വിജയിക്കുകയാണെന്നും ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ അത്രമാത്രം ശക്തമാണെന്നും രാഹുല്‍ മുഖര്‍ജിയെന്ന ട്വിറ്റര്‍ ഉപയോക്താവ് ചൂണ്ടിക്കാട്ടി.

 

Latest News