സുധാകരനെതിരെ ആരോപണമുന്നയിച്ച മുന്‍ ഡ്രൈവര്‍ 15 ലക്ഷം തട്ടിയതായി വീട്ടമ്മയുടെ ആരോപണം

കണ്ണൂര്‍ - കെ പി സി സി പ്രസിഡന്റ് കെ. സുധാകരനെതിരെ ആരോപണമുന്നയിച്ച മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയുമായി വീട്ടമ്മ. മകള്‍ക്ക് അധ്യപികയായി ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയെന്നാണ് റിട്ടയേര്‍ഡ് നേഴ്‌സിംഗ് സൂപ്രണ്ടായ കണ്ണോത്തുംചാല്‍ സ്വദേശി സത്യവതിയുടെ ആരോപണം. മൊറാഴ സ്‌കൂളില്‍ അധ്യാപികയുടെ ഒഴിവുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന്  2018 ലാണ് പണം നല്‍കിയത്. 15 ലക്ഷം രൂപ പ്രശാന്ത് ബാബുവിന് നല്‍കി. പ്രശാന്ത് ബാബു അയച്ച ആള്‍ ആണ് പണം പലതവണയായി കൈപ്പറ്റിയതെന്നും സത്യവതി പറയുന്നു. ജോലി ലഭിക്കാതെ വന്നപ്പോള്‍ സ്‌കൂളില്‍ അന്വേഷിച്ചു. എന്നാല്‍ പണം കിട്ടിയിട്ടില്ലെന്ന് മാനേജര്‍ പറഞ്ഞതോടെയാണ് വഞ്ചിക്കപ്പെട്ടതായി മനസ്സിലായത്. ഇതേ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. രണ്ട്  ലക്ഷം വീതം  ഒരോ മാസവും  തിരിച്ചു നല്‍കാമെന്ന് പ്രശാന്ത് ബാബു ഉറപ്പ് പറഞ്ഞിരുന്നെങ്കിലും കിട്ടിയില്ല. പണം തിരികെ ചോദിച്ചപ്പോള്‍ ഗുണ്ടകളെ അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും സത്യവതി പറയുന്നു.

 

Latest News