Sorry, you need to enable JavaScript to visit this website.

സമാധാനത്തിനും ശാന്തിക്കും വേണ്ടി ഐക്യപ്പെടുക- അറഫ പ്രസംഗത്തിൽ ഇമാം

മക്ക- ലോക സമാധാനത്തിനും ശാന്തിക്കും മനുഷ്യർ തമ്മിലുള്ള ഐക്യം മാത്രമാണ് പ്രതിവിധിയെന്ന് അറഫ പ്രസംഗത്തിൽ ഡോ.യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ്. ഹജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പര സ്‌നേഹത്തിലൂടെ മാത്രമേ ലോകത്തിന് മുന്നോട്ട് ചലിക്കാനാകൂ. സ്വന്തം നന്മക്ക് വേണ്ടി മാത്രമല്ല, മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടിയും പ്രാർത്ഥിക്കണം. മതത്തിൽ ഭിന്നിക്കുന്നതിനേക്കാൾ വലിയ പാപമില്ലെന്നും അദ്ദേഹം പറഞ്ഞു. ഐക്യം നിലനിർത്താൻ ആവശ്യമായ സാമൂഹിക നിയമങ്ങൾ എല്ലാവരും പാലിക്കണം. കിംവദന്തികൾ ഉപേക്ഷിക്കാനും തയ്യാറാകണം. ഒരേ ഒരു ദൈവം, ഒരൊറ്റ ജനത എന്ന വിശാലമായ ആശയത്തിലേക്കാണ് നാം യാത്ര ചെയ്യേണ്ടത്. ആരാധനകളിലാണ് ഹാജിമാർ മുഴുകേണ്ടത്.മറ്റുകാര്യങ്ങൾ ഒഴിവാക്കണമെന്നും ഡോ.യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ് നമീറ മസ്ജിദിൽനിന്നുള്ള അറഫ പ്രസംഗത്തിൽ പറഞ്ഞു.
കൊടുംചൂടിനിടയിലും ജനലക്ഷങ്ങളാണ് അറഫയിൽ സംഗമിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ മഹാസംഗമ വേദിയായ അറഫയിൽ ഒത്തുകൂടുന്ന വിശ്വാസികൾ സൂര്യൻ അസ്തമിക്കുന്നത് വരെ അറഫയിൽ ഒത്തുചേരും. ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട കർമമാണ് അറഫ. തമ്പുകളുടെ മഹാനഗരമായ മിനായിൽ ഇന്നലെ ഒത്തുകൂടിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തീർഥാടകർ മശാഇർ ട്രെയിനുകളിലും ബസുകളിലുമായാണ് അറഫയിലേക്ക് എത്തുന്നത്. അല്ലാഹുവേ, നിന്റെ വിളിക്കുത്തരം നൽകി ഞങ്ങളിതാ വന്നിരിക്കുന്നുവെന്ന പ്രാർത്ഥനയുമായാണ് ജനലക്ഷങ്ങൾ അറഫയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ചുണ്ടുകളിലും മനസ്സുകളിലും പ്രാർത്ഥന നിറച്ചുവെച്ചുള്ള മനുഷ്യ മഹാസമുദ്രത്തിനാണ് നമിറ മസ്ജിദും കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന അറഫ പരിസരവും സാക്ഷിയാകുന്നത്. ഏതാനും ദിവസം മുമ്പു വരെ വിജനമായി കിടന്നിരുന്ന അറഫ ഇന്നിതാ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യമഹാസംഗമത്തിന് വേദിയാകുകയാണ്. 
ഇന്ന് പകൽ അറഫയിൽ സംഗമിച്ച് നമസ്‌കാരങ്ങളും മറ്റു പ്രാർത്ഥനകളും നിർവഹിച്ചാണ് ഹജിന്റെ ഏറ്റവും പരമപ്രധാനമായ ചടങ്ങിൽ ഹാജിമാർ ഭാഗമാകുക. അറഫയാണ് ഹജിന്റെ കാതൽ. സൗദി അറേബ്യയുടെ ഉന്നത പണ്ഡിത സഭാംഗമായ ശൈഖ് ഡോ. യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദാണ് അറഫ ഖുതുബ നിർവഹിക്കുക. അറഫ സംഗമത്തിനിടെ നമിറ മസ്ജിദിൽ നമസ്‌കാരത്തിന് നേതൃത്വം നൽകുന്നതിന്റെയും ഖുതുബ നിർവഹിക്കുന്നതിന്റെയും ചുമതല  തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവാണ് നൽകിയത്. ഹറം ഇമാം ശൈഖ് ഡോ. മാഹിർ അൽ മുഅയ്ഖിലിയെ കരുതൽ ഇമാമും ഖത്തീബുമായും നിയോഗിച്ചു. 
നമീറ മസ്ജിദിന് സമീപം കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന അറഫയിൽനിന്ന് ളുഹർ, അസർ നമസ്‌കാരങ്ങൾ ചുരുക്കി ഒരുമിച്ച് നമസ്‌കരിച്ച ശേഷം വൈകുന്നേരം വരെ ഹാജിമാർ പ്രാർത്ഥനകളിൽ മുഴുകും. പാപമോചനം തേടിയും ജീവിത വിശുദ്ധിക്കായി സ്രഷ്ടാവിനോട് ഉള്ളുരുകി പ്രാർഥിച്ചും സ്വർഗത്തിന് വേണ്ടിയുള്ള ഉൽക്കടമായ ആഗ്രഹത്താലും അറഫയിൽ ഹാജിമാർ പകൽ ചെലവിടും. സൂര്യാസ്തമയം വരെ അറഫയിൽ ചെലവിട്ട ശേഷം ഹാജിമാർ മുസ്ദലിഫയിലേക്ക് നീങ്ങും. ജംറയിൽ എറിയുന്നതിനുള്ള കല്ലുകൾ മുസ്ദലിഫയിൽനിന്ന് ശേഖരിച്ച് അവിടെ രാപാർത്ത ശേഷം ഹാജിമാർ നാളെ രാവിലെ മിനായിൽ തിരിച്ചെത്തും. ജംറകളിലെ കല്ലേറടക്കം മറ്റു കർമ്മങ്ങളുമായി അയ്യാമുത്തശ്‌രീഖിന്റെ മൂന്നു നാളുകളും അവർ മിനായിൽ കഴിച്ചു കൂട്ടും. അറഫയിൽ സംഗമിക്കുന്ന ഹാജിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൗദി അടക്കമുള്ള വിവിധ രാജ്യങ്ങളിലെ മുസ്‌ലിംകൾ ഇന്ന് അറഫ നോമ്പെടുക്കും. കേരളത്തിൽ നാളെയാണ് അറഫ നോമ്പ്. സൗദി അറേബ്യ അടക്കം വിവിധ രാജ്യങ്ങൾ ബുധനാഴ്ച ബലി പെരുന്നാൾ ആഘോഷിക്കും.  
ഞായറാഴ്ച അർധ രാത്രി വരെ വിദേശങ്ങളിൽനിന്ന് 16.5 ലക്ഷത്തിലേറെ ഹജ് തീർഥാടകർ എത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. 16,59,837 തീർഥാടകരാണ് എത്തിയത്. ഇതിൽ 15,92,199 പേർ വിമാന മാർഗവും 60,807 പേർ കരമാർഗവും 6,831 പേർ കപ്പൽ മാർഗവുമാണ് എത്തിയത്. വിമാന മാർഗം എത്തിയവരിൽ 2,42,272 പേർ മക്ക റൂട്ട് പദ്ധതി പ്രയോജനം ലഭിച്ചവരാണെന്നും ജവാസാത്ത് അറിയിച്ചു. ഇന്ത്യയിൽനിന്ന് ഇത്തവണ 1.75 ലക്ഷം  പേരാണ് ഹജിനെത്തിയത്. കേരളത്തിൽനിന്ന് 10300ലേറെ പേരും.

കാപ്
കടുത്ത ചൂടിൽ മിനായിലേക്ക് എത്തുന്ന ഹാജിമാർ.

Latest News