വീല്‍ചെയര്‍ പോലും നല്‍കാന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല, നെഞ്ചുവേദനയ്ക്ക് ചികിത്സക്കെത്തിയ രോഗി മരിച്ചു

ഇടുക്കി - നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സക്കായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച രോഗി മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥ മുലമെന്ന് ആരോപണം. ഇടുക്കി പഴയരിക്കണ്ടം സ്വദേശി മേരി പൗലോസാണ് മരിച്ചത്. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടിട്ടും ആശുപത്രി ജീവനക്കാര്‍ വീല്‍ ചെയര്‍ നല്‍കാത്തതിനെ തുടര്‍ന്ന്  ഡോക്ടറെ കാണാനും ഇ സി ജി എടുക്കുന്നതിനുമായി പലതവണ പടികള്‍ കയറിയിറങ്ങി ഇവര്‍ അവശയാകുകയായിരുന്നുവെന്ന് മേരിയുടെ കുടുംബം ആരോപിച്ചു. നെഞ്ചു വേദനയെ തുടര്‍ന്ന് ശനിയാഴ്ചയാണ് മേരിയെ മകള്‍ റെജി ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ചത്. രണ്ടാം നിലയിലാണ് ഒ പി പ്രവര്‍ത്തിക്കുന്നത്.  ഡോക്ടറെ കാണാനും ഇസിജി എടുക്കാനായി നാലു തവണയെങ്കിലും കോണിപ്പടികള്‍ കയറിയിറങ്ങേണ്ടി വന്നു. വീല്‍ ചെയര്‍ നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല.  ഇസിജിയില്‍ ഹൃദ്രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേരിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. ഈ സമയത്തും വീല്‍ചെയറോ സ്‌ട്രെച്ചറോ ആവശ്യപ്പെട്ടപ്പോള്‍ പോലും ഇല്ലെന്ന് അറ്റന്റര്‍മാര്‍ മറുപടി നല്‍കിയെന്നാണ് ആരോപണം. പിന്നീട് ആംബുലന്‍സിലെ സ്ട്രക്ചര്‍ പുറത്തെടുത്താണ് മേരിയെ കൊണ്ടുപോയത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് മേരിയുടെ കുടുംബത്തിന്റെ ആവശ്യം.

 

Latest News