Sorry, you need to enable JavaScript to visit this website.

വേർപിരിഞ്ഞ ഭർത്താവ് നൽകിയ അരലക്ഷത്തിന്റെ നാണയക്കൂന വേണ്ട, നോട്ടായി തന്നെ കിട്ടണം

ജയ്പൂർ- ഒരു രൂപയുടേയും രണ്ട് രൂപയുടേയും നാണയങ്ങളായി വേർപിരിഞ്ഞ ഭർത്താവ് നൽകിയ 55,000 രൂപയുടെ ജീവനാശം സ്വീകരിക്കാൻ സ്ത്രീ വിസമ്മതിച്ചു. ജയ്പൂരിലെ കുടുംബ കോടതിയിലെ ജീവനാംശവുമായി ബന്ധപ്പെട്ട കേസിലാണ് രസകരമായ വഴിത്തിരിവ്.ആയിരം രൂപയുടെ നാണയങ്ങൾ വീതമുള്ള 55 പാക്കറ്റുകൾ നൽകാൻ
ജൂൺ 17 ന് കോടതി അനുവദിച്ചിരുന്നു.  11 മാസത്തെ ജീവനാംശ കുടിശ്ശികയായി 55,000 രൂപ നൽകാനാണ് കോടതി നേരത്തെ വിധിച്ചത്.
1000 രൂപയിൽ കൂടുതലുള്ള നാണയങ്ങളുടെ ഇടപാട് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാരി  സീമ കുമാവത് വീണ്ടും കോടതിയെ സമീപിച്ചിരിക്കയാണ്. 55,000 രൂപ കറൻസി നോട്ടുകളായി തന്നെ നൽകാൻ  കോടതി സഹായിക്കണമെന്നാണ് അപേക്ഷ.  കേസ് വാദം കേൾക്കുന്നതിനായി ജൂലൈ അഞ്ചിലേക്ക് മാറ്റി.
സീമയുടെ ഭർത്താവ് ദശരത് കുമാവത് പണം നൽകുന്നതിൽ പരാജയപ്പെട്ടാൽ അദ്ദേഹത്തെ ജയിലിൽ അടയ്ക്കണമെന്ന് സീമയുടെ അഭിഭാഷകൻ രാംപ്രകാശ് കുമാവത് മാധ്യമങ്ങളോട് പറഞ്ഞു.
നാണയങ്ങൾ നിയമപരമാണെന്നും  ജീവനാംശമായി സ്വീകരിക്കണമെന്നും ദശരഥ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി അനുമതി നൽകിയിരുന്നത്.
12 വർഷം മുമ്പാണ് സീമയും ദശരഥും വിവാഹിതരായത്.  കുറച്ച് വർഷങ്ങൾക്ക് ശേഷം വിവാഹമോചനത്തിന് അപേക്ഷ നൽകി. സീമയ്ക്ക് പ്രതിമാസം 5,000 രൂപ ചെലവിനു നൽകണമെന്ന് കുടുംബകോടതി ഉത്തരവിടുകയായിരുന്നു.

Latest News