ന്യൂദല്‍ഹി- മുംബൈ-ദല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ മലമൂത്ര വിസര്‍ജനം നടത്തിയ യാത്രക്കാരന്‍ അറസ്റ്റിലായി.
ദല്‍ഹി ഐ.ജി.ഐ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഫ്‌ളൈറ്റ് ക്യാപ്റ്റന്‍ ഫയല്‍ ചെയ്ത പരാതിപ്രകാരം ജൂണ്‍ 24 ന് മുംബൈയില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എ.ഐ. സി866 വിമാനത്തിലാണ് സംഭവം. 17എ സീറ്റിലിരുന്ന യാത്രക്കാരനാണ് മലമൂത്ര വിസര്‍ജ്ജനം നടത്തുകയും തുപ്പുകയും ചെയ്തത്.
മോശം പെരുമാറ്റം ക്യാബിന്‍ ക്രൂ കണ്ടെന്നും തുടര്‍ന്ന് വിമാനത്തിന്റെ ക്യാബിന്‍ സൂപ്പര്‍വൈസര്‍ വാക്കാല്‍ മുന്നറിയിപ്പ് നല്‍കിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പിന്നീട്, വിമാന ക്യാപ്റ്റനെയും മോശം പെരുമാറ്റത്തെക്കുറിച്ച് അറിയിച്ചു.
സംഭവത്തിന് ശേഷം ഉടന്‍ തന്നെ കമ്പനിക്ക് സന്ദേശം അയച്ചു, കൂടാതെ എത്തിച്ചേരുമ്പോള്‍ യാത്രക്കാരനെ എസ്‌കോര്‍ട്ട് ചെയ്യാന്‍ വിമാനത്താവള സുരക്ഷാവിഭാഗത്തോടും അഭ്യര്‍ഥിച്ചു.
മോശം പെരുമാറ്റത്തില്‍ സഹയാത്രികര്‍ പ്രകോപിതരാവുകയും രോഷാകുലരാവുകയും വിമാനം ദല്‍ഹി വിമാനത്താവളം തൊടുമ്പോള്‍ എയര്‍ ഇന്ത്യ സെക്യൂരിറ്റി തലവന്‍ എത്തി പ്രതിയായ യാത്രക്കാരനെ ഐജിഐ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
കുറ്റാരോപിതനായ യാത്രക്കാരന്‍ ആഫ്രിക്കയില്‍ ജോലി ചെയ്യുന്ന പാചകക്കാരനാണ്.