കൊച്ചി- കൊല്ലം അന്‍വാര്‍ശേരിയിലേക്കുള്ള യാത്രക്കിടെ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മഅ്ദനി മാധ്യമങ്ങളെ കണ്ടപ്പോള്‍ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ചിരുന്നു.
ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ക്രിയാറ്റിന്‍ ലെവല്‍ ഒമ്പതായി. ഡയാലിസിസിലേക്ക് എത്തുന്ന അവസ്ഥയിലാണുള്ളത്. തലച്ചോറിലെ രക്തപ്രവാഹം നില്‍ക്കുന്നതുകൊണ്ട് ഇടക്കിടക്ക് സ്‌ട്രോക്ക് ഉണ്ടാകുന്നുണ്ട്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ സ്‌ട്രോക്ക് വന്ന് വീണുപോകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികൂലമായി ഒന്നുമുണ്ടായില്ലെന്ന് മഅ്ദനി
കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രതികൂലമായി ഒന്നുമുണ്ടായിട്ടില്ലെങ്കിലും അനുകൂലമായി എന്തെങ്കിലും ഉണ്ടായി എന്ന് പറയാന്‍ കഴിയില്ലെന്ന് ബാംഗ്ലൂരില്‍ നിന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് മഅ്ദനി പറഞ്ഞിരുന്നു. യാത്രയുടെ ചെലവിന്റെ കാര്യത്തില്‍ വലിയ കുറവുണ്ടായിട്ടില്ല. ആദ്യത്തേതിനേക്കാള്‍ ചെറിയ വ്യത്യാസമുണ്ടായിട്ടുണ്ട്. എന്നല്‍ എത്രയാണെന്നത് യാത്രയുടെ കിലോമീറ്റര്‍ കൂടി കണക്കാക്കിയാകും ചെയ്യുക. ആരോഗ്യസ്ഥിതി വളരെ വിഷമകരമാണ്. കിഡ്നിയുടെ സ്ഥിതി വിഷമകരമാണ്. ഡയാലിസിലെത്തുന്ന അവസ്ഥയിലാണ്. തലച്ചോറിലേക്ക് രക്തപ്രവാഹം നിലച്ച് സ്സ്ട്രോക്ക് ഉണ്ടാകുന്നുണ്ട്. പക്ഷെ സര്‍ജറി നടത്തിയാല്‍ കിഡ്നി തകരാറിലാകുമെന്നാണ് ആശങ്ക. ബാക്കി കാര്യം സര്‍വശക്തന് സമര്‍പ്പിക്കുകയാണ്.
ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം കാലം വിചാരണ തടവുകാരനായിരിക്കേണ്ടി വന്നവരിലൊരുവനാണ് താന്‍. അത് അഭിമുഖീകരിക്കാന്‍ മാനസികമായി തയ്യാറെടുത്ത ആളാണ് താന്‍. ഇങ്ങോട്ട് വരുമ്പോള്‍ തന്നെ അറിയാമായിരുന്നു പെട്ടെന്നൊന്നും തിരിച്ചുപോകാന്‍ കഴിയില്ലന്ന്. ജിവച്ഛവങ്ങളായിക്കഴിയുമ്പോള്‍ നിരപരാധികളാണെന്ന് പറഞ്ഞ് വിടുന്ന സാഹചര്യമുണ്ടാകുന്നത് രാജ്യത്തിന്റെ തന്നെ നീതിന്യാസ സംവിധാനത്തിന് അപമാനകരമായ കാര്യമാണ്. അതേക്കുറിച്ച് ഉത്തരവാദപ്പെട്ടവര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് മഅ്ദനി പറഞ്ഞു.
പിതാവിനെ കാണുക, ഉമ്മയുടെ ഖബറിടം സന്ദര്‍ശിക്കുക എന്നതാണ് ആദ്യപരിപാടിയെന്നും അതു കഴിഞ്ഞിട്ട് അടുത്ത ദിവസങ്ങളില്‍ അവിടെ തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാപ്പയുടെ അടുത്ത് കുറച്ചു ദിവസം കഴിയാനാണ് അഗ്രഹിക്കുന്നത്. താന്‍ അവസാനമായി കാണുമ്പോള്‍ അദ്ദേഹം സ്ട്രോക്ക് ബാധിച്ചിരുന്നുവെങ്കിലും എല്ലാം തിരിച്ചറിയാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മയെല്ലാം നഷ്ടപ്പെട്ട് വിഷമകരമായ സാഹചര്യത്തിലാണ്. കുറച്ചു ദിവസമെങ്കിലും അദ്ദേഹത്തൊടൊപ്പം ചെലവഴിക്കാന്‍ സാധിക്കുന്നുവെന്നതില്‍ സര്‍വശക്തനോട് നന്ദി പറയുന്നു.