Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തെലങ്കാനയില്‍ വന്‍നിക്ഷേപവുമായി ലുലു ഗ്രൂപ്പ്; ഹൈദരാബാദില്‍ ലുലു മാളും ഹൈപ്പര്‍മാര്‍ക്കറ്റും

ഹൈദരാബാദ്- തെലങ്കാനയിലും സജീവമായി ലുലു ഗ്രൂപ്പ്. ഹൈദരാബാദില്‍ സാന്നിദ്ധ്യം അറിയിച്ച്, ആദ്യ ലുലു മാളും ലുലു ഹൈപ്പര്‍മാര്‍ക്കറ്റും ഉടന്‍ തുറക്കും. ഹൈദരാബാദില്‍ ലുലു മാള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവുവിനൊപ്പം ഹൈദരാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ആഗോള ബ്രാന്‍ഡായ ലുലുവിന്റെ വരവിനെ ഏറെ സന്തോഷത്തിടെയാണ് സ്വീകരിക്കുന്നതെന്ന് ചടങ്ങില്‍ വെച്ച് മന്ത്രി കെ ടി രാമറാവു പറഞ്ഞു. സ്വിറ്റസ്ര്‍ലന്‍ഡിലെ ദാവോസില്‍ കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ വച്ച്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുമായി തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു നടത്തിയ കൂടിക്കാഴ്ചയില്‍ 500 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയിലെത്തിയിരുന്നു. ധാരണാപത്രം ഒപ്പ് വച്ച് മാസങ്ങള്‍ക്കകം 500 കോടിയുടെ നിക്ഷേപവാദഗ്ദാനം യാഥാര്‍ത്ഥ്യമാവുകയാണ്. തെലങ്കാനയിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപം സംസ്ഥാനത്തിന്റെ വികസന മുഖമാകുമെന്നും വ്യവസായ മുന്നേറ്റത്തിന്റെ ഭാഗമാകുമെന്നും കെ.ടി. രാമറാവു വ്യക്തമാക്കി.

'ആഗോള ഐക്കണായി വളര്‍ന്നിട്ടും, എം.എ യൂസഫലിയുടെ വിനയം തന്നെ ഏറെ ആകര്‍ഷിച്ചുവെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കഴിഞ്ഞ യോഗത്തില്‍ ഞങ്ങളോട് പറഞ്ഞു. വിദേശ കമ്പനികളേക്കാള്‍ ഇന്ത്യന്‍ കമ്പനിയായ ലുലുവിനെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് മുഖ്യമന്ത്രി ഞങ്ങളോട് നിര്‍ദ്ദേശിച്ചത് ' കെ.ടി. രാമറാവു പറഞ്ഞു. ലോകത്തെ മുന്‍നിര കമ്പനിയായ ലുലു ഗ്രൂപ്പ്, ഒരു ഇന്ത്യക്കാരന്റേത് എന്നതില്‍ ഏറെ അഭിമാനിക്കുന്നുവെന്നും എം.എ യൂസഫലിയുടെ നിശ്ചയദാര്‍ഢ്യവും വ്യവസായിക കാഴ്ചപ്പാടും മാതൃകാപരമെന്നും കെടിആര്‍ ചൂണ്ടിക്കാട്ടി.

200 കോടി മുതല്‍മുടക്കില്‍ ഹൈദരാബാദിനടുത്ത് ചെങ്കിചര്‍ളയില്‍ ആരംഭിക്കുന്ന ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിനായുള്ള 25 ഏക്കര്‍ സ്ഥലത്തിന്റെ അലോട്ട്‌മെന്റ് രേഖ ചടങ്ങില്‍ വെച്ച് തെലങ്കാന ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജിംഗ് ഡയറക്ടര്‍ ഇ.വി നരസിംഹ റെഡ്ഢി മന്ത്രി കെ ടി രാമറാവുവിന്റെ സാന്നിദ്ധ്യത്തില്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് കൈമാറി.

''തെലങ്കാന സര്‍ക്കാരുമായി നടത്തിയ കൂടിക്കാഴ്കള്‍ എല്ലാം ഗുണകരമായിരുന്നു. നിക്ഷേപപദ്ധതികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ലഭിച്ച പിന്തുണ അഭിനന്ദനാര്‍ഹമാണ്. അടുത്ത അഞ്ച് വര്‍ഷത്തിനകം 3500 കോടിയിലധികം രൂപയുടെ നിക്ഷേപം തെലങ്കാനയില്‍ ലുലു നടത്തും. 22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ 2,500 കോടി രൂപ മുതല്‍ മുടക്കില്‍ ഹൈദരാബാദില്‍ ഏറ്റവും വലിയ മാള്‍ നിര്‍മ്മിക്കും.
മത്സ്യ-മാംസ സംസ്‌കരണ കേന്ദ്രവും തെലങ്കാനയില്‍ തുറക്കും.പ്രാദേശികമായ വികസനത്തിന് ഒപ്പം നിരവധി തൊഴിലവസരം കൂടിയാണ് യാഥാര്‍ത്ഥ്യമാകുന്നത് ' ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു.

മുന്നൂറ് കോടി മുതല്‍മുടക്കില്‍ അഞ്ച് ലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് ലുലു മാള്‍. കുക്കാട്ട്പള്ളിയിലെ മഞ്ചീര മാള്‍ ഏറ്റെടുത്ത് ആഗോളനിലവാരത്തില്‍ പുതുക്കിനിര്‍മ്മിച്ചാണ് ലുലു മാള്‍ യാഥാര്‍ത്ഥ്യമാകുന്നത്. ലോകോത്തര നിലവാരമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, അഞ്ച് തീയേറ്റര്‍ സ്‌ക്രീനുകള്‍, വൈവിധ്യമായ ഭക്ഷണവിഭവങ്ങളുമായി ഫുഡ് കോര്‍ട്ട്, സംസ്ഥാനത്തെ ഏറ്റവും മികച്ച ഗെംയിം സെന്ററായ ലുലു ഫണ്‍ടൂറ , ഇലക്ട്രോണിക്‌സ് ഹോം ഉത്പന്നങ്ങളുടെ ശേഖരവുമായി ലുലു കണക്ട്, ബ്രാന്‍ഡഡ് ഫാഷന്‍ ശേഖരവുമായി ലുലു ഫാഷന്‍ സ്റ്റോര്‍ എന്നിവ മാളിലുണ്ട്. ലോകോത്തര ബ്രാന്‍ഡുകളുടെ പുത്തന്‍ ഷോറൂമുകളും ലുലു മാളിലുണ്ടാകും. ഇരുപതിനായിരം സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലോകത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ലഭ്യമാകും. രണ്ടായിരത്തിലധികം പേര്‍ക്ക് പുതിയ തൊഴിലവസരം ലഭിക്കും.

തെലങ്കാനയിലെ കാര്‍ഷിക മേഖലയില്‍ നിന്ന് ശുദ്ധമായ പച്ചക്കറിയും പഴങ്ങളും മികച്ച വിലയില്‍ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച് , കയറ്റുമതി ചെയ്യുന്ന ഫുഡ് സോഴ്‌സിങ്ങ് ലോജിസ്റ്റിക്‌സ് ഹബ്ബ് ഹൈദരാബാദ് എയര്‍പോര്‍ട്ടിന് സമീപം നിര്‍മ്മിക്കും. 150 കോടിയുടെ നിക്ഷേപപദ്ധതിയാണിത്.കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നത് കൂടിയാണ് പദ്ധതി.

തെലങ്കാന സ്പെഷ്യല്‍ ചീഫ് സെക്രട്ടറി അധാര്‍ സിന്‍ഹ, തെലങ്കാന ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജിംഗ് ഡയറക്ടര്‍ ഈ വി നരസിംഹ റെഡ്ഢി, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ, ലുലു ഇന്ത്യ ആന്‍ഡ് ഒമാന്‍ ഡയറക്ടര്‍ ഏ.വി ആനന്ദ് റാം, ലുലു ഇന്ത്യ സിഇഒ നിഷാദ് എം.എ, ലുലു ഇന്ത്യ ഡയറക്ടര്‍ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ സിഇഒ രജിത്ത് രാധാകൃഷ്ണന്‍ നായര്‍ എന്നിവരും സംബന്ധിച്ചു.

 

 

Latest News