മക്കളുടെ കണ്‍മുന്നില്‍ വെച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്ത്യം തടവ്

തൃശൂര്‍ - പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ കണ്‍മുന്നില്‍വച്ച് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ ജീവപര്യന്ത്യം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. വടക്കേക്കര ആലംതുരുത്ത് സ്വദേശി പുതുമന ഷൈന്‍ഷാദി (ഷൈമി 39) നെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എന്‍ വിനോദ് കുമാര്‍ ശിക്ഷിച്ചത്.  പിഴ അടച്ചില്ലെങ്കില്‍  ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.  ഭാര്യ റഹ്‌മത്തിനെ 2020 സെപ്റ്റംബര്‍ 24 ന് മക്കളുടെ മുന്നില്‍ വെച്ച് ഷൈന്‍ഷാദ് കൊലപ്പെടുത്തുകയായിരുന്നു. കുട്ടികള്‍ക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി മുഖേന അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി. ഭാര്യയ്ക്ക് പരപുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയവും പ്രതി മകനെതിരെ  ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിച്ചത് റഹ്‌മത്ത് തടഞ്ഞതും അക്കാര്യം പുറത്തുപറഞ്ഞതിലുള്ള വൈരാഗ്യവും കൊലയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇവര്‍  വാടകയ്ക്ക് താമസിച്ചിരുന്ന പുത്തന്‍ചിറ പിണ്ടാണിയിലുള്ള വീടിന്റെ ഹാളിനുള്ളില്‍ വച്ചാണ് കൊലപാതകം നടത്തിയത്. 

 

Latest News