റഷ്യയില്‍ തടാകത്തില്‍ വീണ് മരിച്ച മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ എണ്ണം രണ്ടായി

കൊല്ലം- തലശ്ശേരി സ്വദേശിനിയായ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥിനി റഷ്യയില്‍ തടാകത്തില്‍ വീണു മരിച്ചതിന് പിന്നാലെ കൊല്ലം സ്വദേശിയായ സഹപാഠിയും മരിച്ചതായി വിവരം വന്നു. തലശ്ശേരി സ്വദേശി പ്രത്യൂഷ (24)യെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് കൊല്ലം സ്വദേശി സിദ്ധാര്‍ഥ് സുനില്‍ (24) മരിച്ചത്. ഇരുവരും അവസാന വര്‍ഷ എം. ബി. ബി. എസ് വിദ്യാര്‍ഥികളാണ്. 

സിദ്ധാര്‍ഥ കാഷ്യു കമ്പനി ഉടമ സുനില്‍ കുമാറിന്റേയും സന്ധ്യയുടേയും മകനാണ് സിദ്ധാര്‍ഥ്. തലശ്ശേരി മുഴപ്പിലങ്ങാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം ദക്ഷിണ്‍ വീട്ടില്‍ പരേതനായ പ്രബനന്റേയും സി എ ഷര്‍ലിയുടേയും ഏകമകളാണ് പ്രത്യൂഷ. 

അഞ്ചു പേരടങ്ങുന്ന സംഘം തടാകം കാണാന്‍ പോകുന്ന വിവരം കഴിഞ്ഞ ദിവസം അമ്മയെ വിളിച്ചപ്പോള്‍ പ്രത്യൂഷ പറഞ്ഞിരുന്നു. 

തടാകക്കരയില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ പ്രത്യൂഷ കാല്‍വഴുതി വീഴുകയായിരുന്നു. പ്രത്യൂഷയെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് സിദ്ധാര്‍ഥും അപകടത്തില്‍പ്പെട്ടത്. 

Latest News