മലപ്പുറം- കൊയിലാണ്ടിയില്‍ വിദ്യാഭ്യാസമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചതിന് എംഎസ്എഫ് പ്രവര്‍ത്തകരെ വിലങ്ങുവെച്ച് നടത്തിയതിനെതിരെ വിമര്‍ശനവുമായി മുസ്ലിം ലീഗ്. ന്യായമായ കാര്യത്തിന് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ കൈവിലങ്ങണിയിച്ചത് നിയമവിരുദ്ധമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൈവിലങ്ങ് വെക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ കൃത്യമായ നിര്‍ദേശമുണ്ട്. പോലീസിനെ കയറൂരി വിട്ടതുപോലെയാണ് കാര്യങ്ങള്‍. കൈവിലങ്ങ് വെച്ചതിനെ നിയമപരമായി ചോദ്യം ചെയ്യും. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഭരണം മാറുമെന്ന് പോലീസ് ഓര്‍ക്കണമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. രാജഭക്തി കാണിക്കാനാണ് പോലീസ് ഇങ്ങനെ ചെയ്തതെന്നും ഭരണം കയ്യിലുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച കൊയിലാണ്ടിയില്‍വെച്ചാണ് മന്ത്രി വി ശിവന്‍കുട്ടിക്കുനേരെ എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്കുപോലും പ്ലസ് വണ്‍ സീറ്റ് ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എംഎസ്എഫ് ജില്ലാ കണ്‍വീനര്‍ ടിടി അഫ്രീന്‍, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി സി ഫസീഹ് എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്. ഇരുവരെയും കൈവിലങ്ങണിയിച്ചാണ് കൊയിലാണ്ടി പോലീസ് വൈദ്യപരിശോധനകായി ആശുപത്രിയിലെത്തിച്ചത്.






