അങ്കക്കലി തീരാതെ പിണറായി, സുധാകരൻ 

പിണറായി - സുധാകരൻ 

പോര് രൂക്ഷമായത് രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ്. അടുത്തായി സുധാകരന്റെ എതിർപ്പിന്റെ ശക്തിയത്രയും പിണറായി വിജയനു നേരെയായി മാറിയിരുന്നു.   മുഖ്യമന്ത്രിയുടെ കുടുംബത്തെയും സുധാകരൻ ഒഴിവാക്കിയിരുന്നില്ല. പ്രതികാര രാഷ്ട്രീയത്തിന്റെ ദുഷ്ട വഴിയിലേക്ക് കാര്യങ്ങളെത്താൻ അധികം വൈകാത്തത് സ്വാഭാവികം.  

പുത്തൂരാം വീട്ടിൽ ജനിച്ചോരെല്ലം ... എന്നു തുടങ്ങുന്ന വയലാർ രാമവർമയുടെ വരികളിലെ  'ആണുങ്ങളായി വളർന്നോരെല്ലാം..
അങ്കം ജയിച്ചവരായിരുന്നു.....  ' എന്ന ഭാഗം വെറും ഭാവന മാത്രമായിരുന്നില്ല. ഒരു നാടിന്റെ പോരാട്ട വീര്യത്തിന്റെ ആത്മാവ് ആ  വരികളിൽ കവി ഉൾച്ചേർത്തിട്ടുണ്ട്.   ഇപ്പറഞ്ഞ പോരാട്ട മനസ്സ് ആ നാട്ടിലെ ജനങ്ങളിലും ഏറിയും കുറഞ്ഞും എപ്പോഴുമുണ്ടാകും.  കേരള രാഷ്ട്രീയത്തിൽ ഏറ്റവും അവസാനം കാണുകയും കേൾക്കുകയും ചെയ്യുന്ന സുധാകര - പിണറായി പോരിന്റെ പൂർവാശ്രമവവും മറ്റൊന്നല്ലെന്ന് മനസ്സിലാക്കുന്നത് കൗതുകമായി അനുഭവപ്പെടാം.   
പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യോദ്ധാക്കൾക്ക് പേര് കേട്ട പുത്തൂരം വീട്ടുകാരെ പറ്റിയുള്ള വാഴ്ത്തു പാട്ടുകളാണ് പുത്തൂരം പാട്ടുകൾ എന്നറിയപ്പെടുന്നത്. കടത്തനാട്ടിലെ ഈ പുത്തൂരം വീട്ടുകാർ തീയർ തറവാട്ടുകാരായിരുന്നു. സുധാകരനും പിണറായി വിജയനും ഈ പറഞ്ഞ സമൂഹത്തിൽ പിറന്നവർ തന്നെ.  കുടിപ്പകയ്ക്ക് വേണ്ടി ആരോമൽ ചേകവർ അങ്കത്തട്ടിൽ അരിങ്ങോടർ ചേകവരുമായി അങ്കം വെട്ടി ജയിച്ചതിന് ശേഷം മച്ചൂനൻ ചന്തു ചേകവർ ചതിയിൽ പെടുത്തി വധിക്കുകയായിരുന്നു എന്നാണ് കഥയുടെ ഇതിവൃത്തം. പിണറായി വിജയനും സുധാകരനും   കടത്തനാട്ടുകാരല്ല. പക്ഷേ കടത്തനാടും ഇവരുടെ നാടും വലിയ അകലത്തിലല്ല. കൊടുക്കൽ വാങ്ങലുകൾ നല്ലവണ്ണം നടന്ന പ്രദേശങ്ങൾ. ഈ പറഞ്ഞ പാട്ടുകളും അതിന്റെ സന്ദേശവും  വയലിൽ നിന്ന് വയലുകൾ കടന്ന്  ഈ പ്രദേശമാകെ പടർന്നിട്ടുണ്ട്. 
  'വിടില്ല ഞങ്ങൾ..' എന്ന വാശിയാണ് മുഖമുദ്ര . സ്‌നേഹിച്ചാൽ കരൾ പറിച്ചുകൊടുക്കും. തെറ്റിയാൽ എന്തെന്ന് കേരളം എത്രയോ കണ്ടു. അക്രമ രാഷ്ട്രീയത്തെപ്പറ്റി പറയുമ്പോൾ കണ്ണൂരാക്കല്ലെ എന്ന പ്രയോഗം അടുത്ത കാലം വരെ കേട്ടതാണ്.  
കെ.പി.സി.സി പ്രസിഡന്റ്  സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലെ പ്രായവ്യത്യാസം മൂന്ന് വയസ്സ് മാത്രം. പിണറായിക്ക് 78. സുധാകരന് 75. ഒരേ  കാലഘട്ടത്തിൽ മേൽപറഞ്ഞ ജീവിത കാഴ്ചപ്പാടുള്ള  പ്രദേശത്ത് ജീവിക്കുകയും രാഷ്ട്രീയ പ്രവർത്തനം നടത്തുകയും ചെയ്ത മനുഷ്യർ. സുധാകരനും സി.പി.എമ്മും തമ്മിലുള്ള പോരിന്റെ കഥ ഈ പറഞ്ഞ കാര്യങ്ങളുമായെല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുന്നതാകാം.  പോര് രൂക്ഷമായത് രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ്. അടുത്തായി സുധാകര എതിർപ്പിന്റെ ശക്തിയത്രയും പിണറായി വിജയനു നേരെയായി മാറിയിരുന്നു.   മുഖ്യമന്ത്രിയുടെ കുടുംബത്തെയും സുധാകരൻ ഒഴിവാക്കിയിരുന്നില്ല. പ്രതികാര രാഷ്ട്രീയത്തിന്റെ ദുഷ്ട വഴിയിലേക്ക് കാര്യങ്ങളെത്താൻ അധികം വൈകാത്തത് സ്വാഭാവികം.   കാത്തിരുന്ന് കാത്തിരുന്നു കിട്ടിയ  അവസരമായി വേണം  മോൻസൺ  മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിനെ കാണാൻ.  മുഖ്യമന്ത്രി പിണറായി വിജയൻ  വിദേശ സന്ദർശനത്തിന് പോകുന്നതിന് മുമ്പ് തന്നെ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്  സുധാകരനെതിരായ കേസുണ്ടായത്.  പിണറായിയും സുധാകരനും തമ്മിലുള്ള പോരിന്റെ  ബ്രണ്ണൻ കോളേജ് കാലം പോലും ഇടക്ക് കയറിവന്നത് കേരളം ആഘോഷിച്ചതാണ്.  ബ്രണ്ണൻ വിവാദത്തിലും മുറിവേറ്റ അവസ്ഥയിലായിപ്പോയ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റവും അവസാനം ഒത്തുവന്ന ആയുധവും (മോൻസൺ കേസ്) എടുത്തു വീശുകയാണിപ്പോൾ -സുധാകരനെ തകർത്ത് കോൺഗ്രസിന്റെ പോരാട്ട വഴികൾ അടക്കാനുള്ള രാഷ്ട്രീയ കൗശലം.  
 എന്നാൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് കെ.സുധാകരൻ ഏറ്റവും അവസാനമായി വ്യക്തമാക്കിക്കഴിഞ്ഞു.  മോൻസൺ മാവുങ്കൽ മുഖ്യ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെ ആവശ്യമെങ്കിൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്ന് കെ. സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും ഹൈക്കമാൻഡ് നിർദേശം മാനിച്ച് തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് സുധാകരൻ അറിയിച്ചത്. അതോടെ ആ അധ്യായം അവസാനിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു കഴിഞ്ഞു. 

സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി പൂർണമായി സഹകരിച്ചെന്നും ചോദ്യം ചെയ്തതിനു ശേഷം പൂർണ ആത്മവിശ്വാസമുണ്ടെന്നും സുധാകരൻ പറയുന്നു.  കോൺഗ്രസുകാരനാണ് സുധാകരനെതിരെ പരാതി നൽകിയതെന്ന എ.കെ ബാലന്റെ പ്രതികരണത്തിൽ അത് അപ്പോൾ ആലോചിക്കാമെന്നാണ് സുധാകരൻ പ്രതികരിച്ചത്.  

രണ്ടു ദിവസത്തിനുള്ളിൽ എം.വി. ഗോവിന്ദനെതിരെയും ദേശാഭിമാനിക്കെതിരെയും മാനനഷ്ടക്കേസ് ഫയൽ ചെയ്യും. കേസിൽ തനിക്ക് ഒരു ഭയവും ആശങ്കയും ഇല്ല. കേസിൽ ചോദ്യം ചെയ്തതോടു കൂടി തനിക്ക് ആത്മവിശ്വാസം കൂടിയെന്നും ഒരു ചുക്കും ചുണ്ണാമ്പുമില്ലെന്ന് ബോധ്യമായെന്നും സുധാകരൻ പോരാട്ട വീര്യത്തോടെ പറയുന്നു. കടൽ കടന്ന് വന്നവനെ കൈത്തോട് കാണിച്ച് പേടിപ്പിക്കല്ലേ.. എന്നാണ് ഏറ്റവും പുതിയതായി  സുധാകരൻ പ്രയോഗിച്ച വാക്കിന്റെ വാൾ. 
എം.വി ഗോവിന്ദൻ മാസ്റ്ററെ  വിമർശിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് മറുപടികളുമായി രംഗത്തുള്ളത്  എ.കെ ബാലനാണ്.  പാളിപ്പൊളിഞ്ഞ മരണക്കിണറിലെ മോട്ടോർ സൈക്കിളുകാരനാണ് സുധാകരനെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർക്ക്  എതിരായ വിമർശനത്തിന് സുധാകരൻ മറുപടി അർഹിക്കുന്നില്ലെന്നുമാണ് ബാലൻ പാർട്ടി പക്ഷം നിന്ന് പോരാടി നോക്കുന്നത്.  
ഇപ്പോഴുണ്ടാക്കുന്ന വിവാദങ്ങൾ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് സി.പി.എം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാലൻ പറയുന്നുണ്ട്.  വിവാദങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അടക്കം ഭരണ - പാർട്ടി സംവിധാനങ്ങളെയാണ്. 

കെ.സുധാകരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നിൽ ഒരു കോൺഗ്രസ് നേതാവാണെന്ന വെടിയും  എ.കെ. ബാലൻ പൊട്ടിച്ചിട്ടുണ്ട്.  പരാതിക്കാരിൽ ചിലർ ഈ കോൺഗ്രസ് നേതാവുമായി ബന്ധമുള്ളവരാണ്. സി.പി.എം ബന്ധമുള്ള പരാതിക്കാരനെ മാറ്റിനിർത്തി മറ്റുള്ളവരുടെ രാഷ്ട്രീയം നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. കോൺഗ്രസിലെ ഗ്രൂപ്പുകൾ നേരത്തെ കെ. സുധാകരന് മുന്നറിയിപ്പ് നൽകിയത് ഓർമിക്കണം. തട്ടിപ്പ് കേസ് വീണ്ടും സജീവമാക്കിയതിന് പിന്നിൽ കോൺഗ്രസിലെ ഉൾപാർട്ടി പോരാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ കേസിനു പിന്നിലും കോൺഗ്രസ്സുകാരാണ്. ഇപ്പോൾ സുധാകരന് കിട്ടുന്ന പാർട്ടി പിന്തുണ വെറും നമ്പർ മാത്രമാണെന്നും കേസുകൾക്ക് പിന്നിലെ കോൺഗ്രസ് നേതാവിന്റെ വിവരം വൈകാതെ പറയുമെന്നും ബാലൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

അൽപത്തമാണ് എ.കെ. ബാലൻ പറയുന്നതെന്നാണ് കോൺഗ്രസ് നേതാവ് ബെന്നി ബഹന്നാൻ ഈ പരാമർശത്തോട് പ്രതികരിച്ചത്.  രാഷ്ട്രീയ പകപോക്കലിന് വേണ്ടി ചുമത്തിയ കള്ളക്കേസാണ് സുധാകരനെതിരായ തട്ടിപ്പ് കേസ്. അച്യുതാനന്ദനെ വെട്ടി കസേരയിൽ കയറി ഇരിക്കുന്നവരാണ് ഇപ്പോൾ ഇത് പറയുന്നത്. കെ. സുധാകരനെ മാർക്‌സിസ്റ്റ് പാർട്ടിക്ക് ഇട്ടുകൊടുക്കാൻ തയാറല്ലെന്ന ബെന്നിയുടെ വാക്കുകളിൽ പുത്തൻ വിവാദത്തിൽ കോൺഗ്രസ് കൈവരിച്ച നവ ഊർജത്തിന്റെ കരുത്തുണ്ട്.  പിറകിൽ നിന്ന് കുത്തുന്ന പാർട്ടിക്കാർ തങ്ങളല്ല. അത് മാർക്‌സിസ്റ്റ് പാർട്ടിയുടെ പാരമ്പര്യമാണ് എന്ന ബെന്നിയുടെ വാക്കുകൾ ഓർമപ്പെടുത്തുന്നത് വി.എസ് പിണറായികാല പോരാട്ടം.
ഗ്രൂപ്പ് മറന്ന് നേതാക്കൾ കെ. സുധാകരന് പിന്നിൽ അണി നിരക്കുന്നതാണ് കോൺഗ്രസിലെ പുതിയ കാഴ്ച. സംഭവ പരമ്പരകൾക്ക് ശേഷം ഞായറാഴ്ച വൈകുന്നേരം മുതലുള്ള ചാനൽ ചർച്ചകളും ഒരു കാര്യം ബോധ്യപ്പെടുത്തുന്നുണ്ട്-  കടുത്ത സി.പി.എം പാർട്ടിക്കാരല്ലാത്തവരെല്ലാം  സുധാകരനോട് ഓരം ചേർന്നു നിൽക്കുന്നു.  അധികാരത്തിനും അഹങ്കാരത്തിനുമെതിരെ സംസാരിക്കുന്നവരോട് ആളുകൾക്കുണ്ടാകുന്ന മാനസിക അടുപ്പമായി ഈ സുധാകര പക്ഷം ചേരലിനെ മനസ്സിലാക്കാം.  ഈ പക്ഷം ചേരലിന്റെ ഗുണഭോക്താക്കളിപ്പോൾ  കോൺഗ്രസും സുധാകരനുമാണ്. ഇനിയെന്ത് എന്ന് കാത്തിരുന്നു കാണാം. കുമ്പക്കുടി തറവാട്ടിൽ  ജനിച്ചോരെല്ലാം അങ്കം ജയിച്ചവരായിരുന്നു... എന്ന്  ആരോമൽ പാട്ടിന്  എവിടെ നിന്നൊക്കെയോ പാരഡി  ഒരുങ്ങുന്നുണ്ടാകാം. 

Latest News