Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ പള്ളിയിലെത്തി ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച സംഭവം; സൈനിക ഉദ്യോഗസ്ഥനെ മാറ്റി

ശ്രീനഗര്‍- പള്ളിയിലെത്തിയ പട്രോളിംഗ് സംഘം  'ജയ് ശ്രീറാം', 'ഭാരത് മാതാ കീ ജയ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ മുസ്ലിംകളെ നിര്‍ബന്ധിച്ച സംഭവത്തില്‍  ജമ്മു കശ്മീരിലെ ഒരു സുരക്ഷാ സൈനിക ഉദ്യോഗസ്ഥനെ ഡ്യൂട്ടിയില്‍ നിന്ന് നീക്കി. ശനിയാഴ്ച രാവിലെ പുല്‍വാമ ജില്ലയിലെ സദൂര ഗ്രാമത്തിലായിരുന്നു സംഭവം.
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഗുലാം നബി ആസാദ്, ഒമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങിയവര്‍ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
സുരക്ഷാ സൈനിക  ഉദ്യോദഗസ്ഥനെ മാറ്റിയ കാര്യം സൈന്യമോ പോലീസോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഗ്രാമം സന്ദര്‍ശിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്നതിന് മുമ്പ് സൈനികര്‍ മര്‍ദിച്ചതായും നാട്ടുകാര്‍ ആരോപിച്ചിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ  പള്ളിയില്‍ നിന്ന് ഫജര്‍ ബാങ്ക് വിളിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നു.
അതിനിടെ, ഇവരോട് ഭാരത് മാതാ കീ ജയ് വിളിക്കാനാണ് ആവശ്യപ്പെട്ടതെന്നാണ് സ്ഥിരീകരിച്ചതെന്ന്  മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.  
സംഭവം വളരെ ഭയാനകമാണെന്ന് മുന്‍ എംഎല്‍എയും ജമ്മു കശ്മീര്‍ കോണ്‍ഫറന്‍സ് മേധാവിയുമായ സജ്ജാദ് ലോണ്‍ പറഞ്ഞു. ഇനിയൊരിക്കലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. എന്തൊരു പരിതാപകരമായ അവസ്ഥയാണ് ഇതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

 

Latest News