പൊതുനിരത്തുകളിലെ പ്രശ്‌നങ്ങൾ, റോഡ് സേഫ്റ്റി ഉൾപ്പെടെയുള്ള പ്രൊജക്ടുകളിൽ സഹകരണം
കോട്ടയം സ്വദേശിയും പ്രമുഖ സ്റ്റാർട്ടപ് സംരംഭകനുമായ അജിത് നായർക്ക് മുഖ്യ പങ്കാളിത്തമുള്ള 'ക്യാംകോം' എന്ന കമ്പനി സൗദി അധികൃതരുമായി ബൃഹത്തായ നഗരവൽക്കരണ പ്രവർത്തനങ്ങൾക്കുള്ള കരാറിൽ ഒപ്പുവെച്ചു. സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി റൂറൽ അഫയേഴ്‌സ് ആന്റ് ഹൗസിംഗ് (മുംമ്‌റ) വകുപ്പുമായി കഴിഞ്ഞയാഴ്ചയാണ് കരാറിൽ ഒപ്പുവെച്ചത്. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള കംപ്യൂട്ടർ വിഷൻ പ്ലാറ്റ് ഫോമാണ് ക്യാംകോം.
പ്ലാസ്റ്റിക്, ലോഹം, ഗ്ലാസ് എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന വസ്തുക്കളുടെ ചിത്രമെടുത്താലുടൻ അവയുടെ കേടുപാടുകൾ തിരിച്ചറിഞ്ഞ് അത് റിപ്പയർ ചെയ്യണമോ, മാറ്റി പുതിയത് സ്ഥാപിക്കണമോ എന്നു കണ്ടെത്തുന്ന അത്യാധുനിക സംവിധാനമാണ് ക്യാംകോം. പ്രമുഖ വാഹന നിർമാതാക്കളും ഇൻഷുറൻസ് കമ്പനികളും ഉപയോഗിക്കുന്ന ക്യാംകോം ഇതാദ്യമായാണ് ഒരു സർക്കാരുമായി ചേർന്ന് ഇത്ര വലിയ പദ്ധതിയിൽ സഹകരിക്കുന്നതെന്ന് കമ്പനിയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ കോട്ടയം ചിറ്റേഴത്ത് അജിത് നായർ മലയാളം ന്യൂസിനോട് പറഞ്ഞു.
പൊതുനിരത്തുകളിലും മറ്റും പ്രശ്‌നങ്ങളെന്ത് കണ്ടാലും അവയുടെ ചിത്രമെടുത്ത് അയക്കാൻ സൗദി സർക്കാർ പൊതുജനങ്ങൾക്കായി മൂന്നു വർഷം മുമ്പ് സ്‌നാപ് ആന്റ് സെൻഡ് എന്ന ആപ് നൽകിയിരുന്നു. ഒരു വർഷത്തിനകം മുപ്പത് ലക്ഷം ചിത്രങ്ങളാണ് ഇങ്ങനെ ആപ്പിൽ ലഭിച്ചത്. ഇത്രയധികം പ്രശ്‌നങ്ങൾ പരിഹരിക്കാനും റോഡ് സുരക്ഷിതത്വവും നിരത്തുകളിലെ മറ്റു അലോസരങ്ങളും പൊടുന്നനെ പരിഹരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം കൂടിയേ തീരൂ എന്നു മനസ്സിലാക്കിയാണ് ക്യാംകോമുമായി സഹകരിക്കാൻ സൗദി മുനിസിപ്പാലിറ്റി മന്ത്രാലയം തീരുമാനമെടുത്തത്.
അജിത് നായർ, തമിഴ്‌നാട്ടുകാരനായ മഹേഷ് സുബ്രഹ്മണ്യം, ആന്ധ്രക്കാരനായ ഉമ മഹേഷ് എന്നിവർ ചേർന്ന് 2017 ൽ ബാംഗ്ലൂർ കേന്ദ്രമായി ആരംഭിച്ച കമ്പനിയാണ് ക്യാംകോം. വിപ്രോ, ബിയറംഗ് പോയന്റ്, മൈക്രോസ്-ഫിഡെലിയോ (ഓറക്കിൾ) തുടങ്ങിയ സ്ഥാപനങ്ങളിൽ ഉന്നത പദവികളിലിരുന്ന അജിത് നായർ ആറു വർഷം മുമ്പാരംഭിച്ച ക്യാംകോം ഈ രംഗത്തെ വലിയ ശക്തിയായി ഉയർന്നതിന്റെ തെളിവാണ് ഇതാദ്യമായി സൗദി സർക്കാരുമായി കോടികളുടെ കരാറൊപ്പിടാൻ സാധിച്ചുവെന്നത്. അമ്പതോളം ഡാറ്റാ സയന്റിസ്റ്റുകളും എൻജിനീയർമാരും അജിത് നായരുടെ കീഴിലുണ്ട്. ഓട്ടോമോട്ടീവ്, ഇൻഷുറൻസ് ആന്റ് ലോജിസ്റ്റിക്‌സ് രംഗങ്ങളിൽ വൈഭവം പ്രകടമാക്കിയതിന്റെ അംഗീകാരമായി നിരവധി പുരസ്‌കാരങ്ങൾ ക്യാംകോമിന് ലഭിച്ചിട്ടുണ്ട്. ഇത്തരമൊരു പ്ലാറ്റ്‌ഫോം സൗദിയിൽ വൻവിജയമാകുമെന്നാണ് തന്റെയും കമ്പനിയുടെയും പ്രതീക്ഷയെന്നും അജിത് നായർ വ്യക്തമാക്കി. ആദ്യത്തെ ഓപൺ ട്രാവൽ അലയൻസ് കംപ്ലയിന്റ് വെബ് ബുക്കിംഗ് എൻജിൻ പരിചയപ്പെടുത്തിയതും ക്യാംകോമാണ്. കാർബൺ ഫൂട്ട്പ്രിന്റ് മോണിറ്ററിംഗ് സൊല്യൂഷൻ, ആദ്യത്തെ വെർച്വൽ റിയാലിറ്റി, ഓഗ്മെൻഡ് റിയാലിറ്റി ഷോകേസ്, ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പോയന്റുകൾ എന്നിവയ്‌ക്കെല്ലാം ക്യാംകോമിന്റെ സഹായം തേടാം. ഇവയുടെയെല്ലാം സാങ്കേതിക സാധ്യതകളെക്കുറിച്ച് അജിത് നായർ നിരവധി പ്രബന്ധങ്ങൾ വിവിധ ലോകവേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. വാണിജ്യ പ്രസിദ്ധീകരണങ്ങളിലും അക്കാദമിക് ജേണലുകളിലും ഇവയെക്കുറിച്ചുള്ള ലേഖനങ്ങളും അജിത് നായർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാട്ടിലെ പഠന ശേഷം അമേരിക്കയിലെ ഡെൽവെയർ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഇൻഫർമേഷൻ മാനേജ്‌മെന്റിൽ എം.എസ് ബിരുദം നേടിയിട്ടുണ്ട് അജിത് നായർ. പരേതനായ വേണുഗോപാലൻ നായരുടെയും ലളിത നായരുടെയും മകനായ അജിത് നായർ മികച്ച സെഫോളജിസ്റ്റുമാണ്. ബെൽജിയത്തിലെ ആന്റ്‌വേർപ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഗവേഷണ ബിരുദം നേടിയിട്ടുള്ള മായാ ആനി ഏലിയാസാണ് ജീവിത സഖി. ക്രൈസ്റ്റ് യൂനിവേഴ്‌സിറ്റി അധ്യാപിക ഡോ. അനുപമ നായർ, അഡ്വ. അഞ്ജന നായർ എന്നിവർ അജിത് നായരുടെ സഹോദരിമാർ.