കൊച്ചി-സൗജന്യമായി വിവിധ കോഴ്‌സുകൾ പഠിക്കാൻ അവസരമൊരുക്കി അവോധ എഡ്യുടെക്. മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് 100 പേർക്ക് നൈപുണ്യ വികസന ശേഷി കോഴ്‌സുകൾ പൂർണമായും സൗജന്യമായി നൽകുന്നത്. ശനിയാഴ്ച ലുലു മാരിയറ്റിൽ നടന്ന വാർഷികാഘോഷ ചടങ്ങിലാണ് സി.ഇ.ഒ ജോസഫ് ഇ. ജോർജ് ഇക്കാര്യം അറിയിച്ചത്.
അവോധയുടെ കാക്കനാട് ഇൻഫോ പാർക്ക് ഓഫീസിൽ നടത്തുന്ന അഭിരുചി ചർച്ചയുടെ അടിസ്ഥാനത്തിലായിരിക്കും ഡിജിറ്റൽ മാർക്കറ്റിംഗ്, എത്തിക്കൽ ഹാക്കിംഗ്, മെഡിക്കൽ കോഡിംഗ്, ഗെയിം ഡെവലപ്‌മെന്റ്, റിലേഷൻഷിപ് മാനേജ്‌മെന്റ്, കോർപറേറ്റ് ഓഫീസ് അസിസ്റ്റന്റ്, സ്റ്റോർ മാനേജ്‌മെന്റ്, ഹോസ്പിറ്റൽ മാനേജ്‌മെന്റ് തുടങ്ങിയ 36 കോഴ്‌സുകളിൽ നിന്നും അനുയോജ്യമായ കോഴ്‌സുകളിൽ പ്രവേശിക്കാനാവുക. ജോലിക്ക് വേണ്ടി വിദ്യാഭ്യാസം എന്ന ആശയത്തിലൂന്നിയാണ് 2020 ൽ കാക്കനാട് ഇൻഫോപാർക്ക് ആസ്ഥാനമാക്കി അവോധ പ്രവർത്തനമാരംഭിച്ചത്. അവോധയുടെ മറ്റു സാമൂഹ്യ പ്രതിബദ്ധത പ്രവർത്തനങ്ങൾക്കൊപ്പം മൂന്നാം വാർഷികത്തിൽ പുതിയ പദ്ധതി കൂടി ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ജോസഫ് ഇ. ജോർജ് പറഞ്ഞു.
കാക്കനാട് ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നൈപുണ്യ ശേഷി വികസന നവസംരംഭമാണ് അവോധ. 2020 ൽ പ്രവർത്തനമാരംഭിച്ച അവോധയിൽ ഇരുപതോളം ഓൺലൈൻ കോഴ്‌സുകളാണുളളത്.
ആദ്യം 2800 രൂപയോളം ഫീസ് നൽകി പ്രവേശനം നേടിയാൽ പിന്നീട് ഇന്റേൺഷിപ്പും ജോലിയുമെല്ലാം അവോധ ഉറപ്പാക്കും. ജോലി ലഭിച്ച ശേഷം ഒരു വർഷത്തോളം ഗഡുക്കളായി ബാക്കി ഫീസ് നൽകിയാൽ മതിയെന്നതാണ് പ്രത്യേകത. 21 ാം വയസ്സിലാണ് ജോസഫ് ഇ. ജോർജ് സ്ഥാപനം ആരംഭിച്ചത്. 2022 ഡിസംബർ ഒന്നാം തീയതി മുതലാണ് ഓഫ്‌ലൈൻ കേന്ദ്രങ്ങൾ ആരംഭിച്ചത്.