കോഴിക്കോട് - കഴിഞ്ഞ വർഷം മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളടങ്ങിയ മലബാർ മേഖലയിൽ കല്ലുമ്മക്കായയുടെ ഉൽപാദനത്തിൽ ഒന്നര മടങ്ങിലധികം വർധനയുണ്ടായതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). മേഖലയിൽ കല്ലുമ്മക്കായ കൃഷിയിൽ 160 ശതമാനത്തിന്റെ വർധനയാണുണ്ടായത്. കാസർകോട് ജില്ലയിലെ പടന്നയിലാണ് ഏറ്റവും കൂടുതൽ ഉൽപാദനം. കടലിൽ നിന്നുള്ള ലഭ്യതയിലെ വർധന 15 ശതമാനമാണ്. എന്നാൽ വിലയിടിവ് സംഭവിച്ചതോടെ ഉൽപാദന വർധനക്കനുസരിച്ചുള്ള വരുമാന നേട്ടം കല്ലുമ്മക്കായ കർഷകർക്കും തൊഴിലാളികൾക്കും ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ. ഈ പ്രതിസന്ധി പരിഹരിക്കാൻ ഉൽപാദനം കൂടുന്നതിനനുസരിച്ച് കല്ലുമ്മക്കായയുടെ മൂല്യവർധിത ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമം വേണമെന്ന് സി.എം.എഫ്.ആർ.ഐയിലെ ശാസ്ത്രജ്ഞർ നിർദേശിച്ചു.
മേഖലയിൽ നിന്നുള്ള കടൽമത്സ്യ ലഭ്യതയിലും കഴിഞ്ഞ വർഷം വർധനയുണ്ടായി. 1.99 ലക്ഷം ടൺ മത്സ്യമാണ് മലബാറിലെ തീരങ്ങളിൽ നിന്നും കഴിഞ്ഞ വർഷം പിടിച്ചത്. 38 ശതമാനമാണ് വർധന. കേരളത്തിന്റെ സമുദ്ര മത്സ്യോൽപാദനത്തിൽ 29 ശതമാനം പിടിച്ചത് മലബാർ ജില്ലകളിൽ നിന്നാണ്.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.എംഎഫ്.ആർ.ഐയുടെ കോഴിക്കോട് പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ ചേർന്ന മത്സ്യത്തൊഴിലാളികളുടെയും ബോട്ടുടമകളുടെയും അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെയും ശിൽപശാലയിലാണ് സി.എം.എഫ്.ആർ.ഐയിലെ ശാസ്ത്രജ്ഞർ കണക്കുകൾ അവതരിപ്പിച്ചത്. പ്രിൻസിപ്പൽ സയന്റിസ്റ്റ് ടി.എം. നജ്മുദ്ദീൻ കണക്കുകൾ അവതരിപ്പിച്ചു. ചെറുമീൻപിടിത്തം കർശനമായി നിയന്ത്രിച്ചാൽ മത്സ്യമേഖലക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാമെന്ന് അദ്ദേഹം പറഞ്ഞു.
കായലുകളിലെ പാരിസ്ഥിതിക പ്രശ്‌നങ്ങൾ തീരദേശ മത്സ്യോൽപാദനത്തെ സാരമായി ബാധിക്കുന്നുണ്ട്. അഴിമുഖങ്ങളിൽ മണൽതിട്ടകൾ രൂപപ്പെടുന്നത് സ്വാഭാവിക ഒഴുക്കും പാരിസ്ഥിതിക സന്തുലനാവസ്ഥയും തടസ്സപ്പെടുത്തുന്നു. മത്സ്യസമ്പത്തിനെ ഇത് ബാധിക്കും. കായൽ സംരക്ഷണവും കണ്ടൽ വനങ്ങളുടെ സംരക്ഷണവും തീരദേശ മത്സ്യോൽപാദനത്തിന് അനിവാര്യമാണെന്നും സി.എം.എഫ്.ആർ.ഐ കോഴിക്കോട് ഗവേഷണ കേന്ദ്രം മേധാവി ഡോ. കെ. വിനോദ് പറഞ്ഞു.
കയറ്റുമതി ചെയ്യുന്ന ചെമ്മീൻ ഇനങ്ങൾക്ക് വില കുറയുന്നത് ആശങ്കാജനകമാണെന്ന് മത്സ്യത്തൊഴിലാളി പ്രതിനിധികൾ പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുണ്ടാകണം. നയരൂപീകരണങ്ങളിൽ മലബാറിനെ അവഗണിക്കരുത്. മത്സ്യമേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം. ചെറുമീൻപിടിത്ത നിയന്ത്രണം വിജയകരമാക്കാൻ വിതരണ-വിൽപന ഉപഭോഗ രംഗത്തും നിയമം പ്രാബല്യത്തിൽ വരുത്തണം എന്നീ നിർദേശങ്ങൾ അവർ മുന്നോട്ടുവെച്ചു.
ഡോ കെ.വി. അഖിലേഷ്, ഡോ. വി. മഹേഷ്, മത്സ്യവകുപ്പ് അഡീഷണൽ ഡയറക്ടർ കെ.എ. ലബീബ്, എൻ.പി. രാധാകൃഷ്ണൻ, ഉമേഷ് പുതിയാപ്പ എന്നിവർ സംസാരിച്ചു.
സമുദ്രമത്സ്യ മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മലബാർ മേഖലയിലുള്ള ഗുണഭോക്താക്കളുമായി കോഴിക്കോട്ട് ചർച്ച നടത്തിയത്. നേരത്തെ കേരളത്തിന്റെ മധ്യ-തെക്കൻ മേഖലകളിലും ഇത്തരത്തിൽ ശിൽപശാല നടത്തിയിരുന്നു.