കൊച്ചി - സംസ്ഥാനത്ത് ജാതിക്ക ഉൽപാദനം സർവകാല റെക്കോർഡിലേയ്ക്ക്, ഒരു വ്യാഴവട്ടത്തിനിടയിൽ കൃഷി വ്യാപനത്തിൽ വൻ കുതിച്ചുചാട്ടം. കൃത്രിമ നിറമുള്ള ഏലക്ക വരവ് ഇന്ത്യൻ ഉൽപന്നത്തിന് ദൂരവ്യാപകമായ തിരിച്ചടിക്ക് കാരണമാവും. അന്തർസംസ്ഥാന വാങ്ങലുകാരുടെ അഭാവം കുരുമുളക് വിപണിയെ നിർജീവമാക്കി. റെയിൻ ഗാർഡിന് ഇറക്കിയ പണം പോലും തിരിച്ചു പിടിക്കാനാവാതെ റബർ കർഷകർ. സ്വർണ വില താഴ്ന്നു.
ജാതിക്കയുടെ വില സ്ഥിരതയിൽ ആകൃഷ്ടരായി കൂടുതൽ കർഷകർ ഈ മേഖലയിൽ. ഒരു വ്യാഴവട്ട കാലയളവിൽ ജാതി കൃഷി വ്യാപിച്ചത് നൂറല്ല, ഇരുന്നൂറ് ഇരട്ടിയിലേറെയാണ്. മധ്യകേരളത്തിലും ഹൈറേഞ്ചിലും ഒതുങ്ങി നിന്നിരുന്ന ജാതി കൃഷി വ്യാപകമായതിന് മുഖ്യ കാരണം ഓഫ് സീസണിലെ ഉയർന്ന വിലയാണ്.
2011 ജാതിക്ക കിലോ 275-325 രൂപയിലും പരിപ്പ് 550-600 ലും ജാതിപത്രി 1350-1400 രൂപയിലുമായിരുന്നു. അന്ന് ഏറെ ആകർഷകമായ വിലയെന്നതും ഡിമാന്റുള്ള ഉൽപന്നമെന്ന നിലയ്ക്കുമാണ് ഈ രംഗത്തേയ്ക്ക് പുതിയ കർഷകർ ഇറങ്ങിയത്. പത്തു വർഷമായ മരങ്ങളിൽ നിന്നും സാമാന്യം ഭേദപ്പെട്ട വരുമാനം കർഷകർ ഉറപ്പ് വരുത്തുന്നു. മറ്റ് പല വിളകൾക്കും കേരളത്തിൽ കാലിടറിയപ്പോൾ വിജയിച്ച ഉൽപന്നമെന്ന് തങ്കലിപികളിൽ എഴുതിച്ചേർക്കാനും ജാതിക്കക്കായി.
ഇന്ത്യൻ ജാതിക്ക മുഖ്യമായും കയറ്റുമതി നടത്തുന്നത് അറബ് രാജ്യങ്ങളിലേയ്ക്കാണ്. അമേരിക്കയും നൈജീരിയ, ഇസ്രായിൽ തുടങ്ങിയ രാജ്യങ്ങളും നമ്മുടെ ചരക്ക് ശേഖരിക്കുന്നുണ്ട്. ജാതിക്കക്ക് പുതിയ വിപണികൾ കണ്ടെത്താൻ സ്‌പൈസസ് ബോർഡ് മുന്നോട്ട് വന്നില്ലെങ്കിൽ ജാതി കൃഷിയും നഷ്ടക്കച്ചവടമാകും.
ഏലക്ക, വിപണിയിലെ ഇടനിലക്കാരുടെ കൈയിലെ കളിപ്പാവയായി മാറി. സൗദി അറേബ്യയെന്ന വൻ വിപണി നഷ്ടപ്പെട്ട് വർഷങ്ങൾ പലത് കഴിഞ്ഞിട്ടും ചെറുവിരൽ പോലും അണക്കാൻ ത്രാണിയില്ലാതെ ഒരു മൂലയ്ക്ക് ചുരുണ്ടു കൂടി സ്‌പൈസ് ബോർഡ്. ഈ വിഷയത്തിലെങ്കിലും അടിയന്തര നടപടികൾക്ക് തയാറായില്ലെങ്കിൽ നിലവിലുള്ള വിദേശ മാർക്കറ്റുകൾ പലതും ഒന്നിന് പിറകെ ഒന്നായി കൈമോശം വരുന്ന ദിനങ്ങൾ വിദൂരമല്ല. വാരാവസാനം ബോഡിനായ്ക്കനൂരിൽ കൃത്രിമ നിറം നൽകിയ ഏലക്ക തമിഴ്‌നാട് ഭക്ഷ്യ സുരക്ഷ വിഭാഗം പിടികൂടി. ഗ്വാട്ടിമല ഏലം ഇതിനകം തന്നെ വൻതോതിൽ ലേല കേന്ദ്രങ്ങൾ വഴി വിറ്റഴിച്ചതായി വേണം അനുമാനിക്കാൻ. പിന്നിട്ട മാസങ്ങളിൽ വില ഉയരാഞ്ഞതിന് മുഖ്യ കാരണവും ഇറക്കുമതി ചരക്ക് വരവ് തന്നെ. കൃത്രിമ നിറം സംബന്ധിച്ച് വിദേശ ബയ്യർമാരിൽ നിന്നും ചോദ്യം ഉയർന്നാൽ ഇറക്കുമതി രാജ്യങ്ങൾ ഒന്നിന് പിറകെ ഒന്നായി ഇന്ത്യൻ ഏലത്തെ തഴയാം.
കേരളത്തിൽ ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം ഏലക്കയുടെ കാര്യത്തിൽ മൂന്ന് മാസകാലയളവിൽ എത്ര പരിശോധനകൾ നടത്തി. പല ആഴ്ചകളിലും ഒരു ഡസനോളം ലേലം നടക്കുന്നുണ്ട്. ഇത്തരം പരിശോധന ഫലങ്ങൾ എന്തായിരുന്നു, അവയുടെ കാര്യത്തിൽ ഏത് തരത്തിലുള്ള തീരുമാനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത് തുടങ്ങിയ വിവരങ്ങൾ പൂഴ്ത്തിവെപ്പ് നടത്തിയോ? പരിശോധനകൾ സംബന്ധിച്ച വ്യക്തമായ വിവരം പുറത്ത് വിടാൻ ഏലത്തിന്റെ ചുക്കാൻ നിയന്ത്രിക്കുന്ന സ്‌പൈസസ് ബോർഡിനും ബാധ്യതയുണ്ട്.
മഴമേഘങ്ങളുടെ വരവിന് മുന്നേ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ഒരുക്കിയ തുക പോലും തിരിച്ചുപിടിക്കാനാവാത്ത അവസ്ഥയിലാണ് കർഷകർ. നാലാം ഗ്രേഡ് 160 രൂപയിൽ നീങ്ങിയ അവസരത്തിലാണ് കൂടുതൽ മെച്ചപ്പെട്ട വില ഉറപ്പ് വരുത്താൻ മഴക്കാലത്തും വെട്ട് നടത്താൻ റെയിൻ ഗാർഡ് ഒരുക്കാൻ തയാറായത്. ടാപ്പിങിന് സാഹചര്യം ഒരുങ്ങിയെങ്കിലും ടയർ ലോബി കനിഞ്ഞില്ല. വാരാന്ത്യം നാലാം ഗ്രേഡ് 153 രൂപയിലാണ്. കുരുമുളക് വിപണി ഒരു മാസമായി നിർജീവമാണ്. അന്തർസംസ്ഥാന വ്യാപാരികളുടെ മുളക് സംഭരണ കാര്യത്തിൽ തണുപ്പൻ മനോഭാവം നിലനിർത്തി.
കാർഷിക മേഖലയാവട്ടെ രണ്ടും കൽപിച്ചാണ്, ഓഫ് സീസണാണ്, ഉയർന്ന വില ഉറപ്പ് വരുത്താനാവുമെന്ന നിലപാടിലും. ഗാർബിൾഡ് മുളക് കിലോ 508 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 6250 ഡോളർ.