Sorry, you need to enable JavaScript to visit this website.

മൃ​ഗബലി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുത്, മുസ്ലിംകൾ പാലിക്കേണ്ട ജാ​ഗ്രതാ നിർദേശങ്ങൾ

ന്യൂദൽഹി- ഈദുൽ അദ്ഹയിൽ ബലി മൃ​ഗങ്ങളെ ബലി അർപ്പിക്കുമ്പോൾ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കശാപ്പ് ചെയ്ത മൃഗങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്നും പ്രമുഖ മുസ്ലിം സംഘടനയായ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്  മുസ്ലിംകളോട് അഭ്യർത്ഥിച്ചു.
പ്രവാചകൻ ഇബ്രാഹീം നബി തന്റെ മകൻ ഇസ്മാഈലിനെ ബലിയർപ്പിക്കാൻ കാണിച്ച ദൈവത്തോടുള്ള സന്നദ്ധതയുടെയും അനുസരണത്തിന്റെയും പ്രതീകമായാണ് ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ അതത് രാജ്യങ്ങളിൽ നിയമം അനുശാസിക്കുന്ന മൃഗങ്ങളെ ബലിയർപ്പിക്കുന്നത്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് മുസ്ലിങ്ങൾ മൃഗബലി അർപ്പിക്കുമ്പോൾ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടത് പ്രധാനമാണെന്ന് ജംഇയ്യത്ത് നേതാവ്  മൗലാനാ അർഷാദ് മദനി പ്രസ്താവനയിൽ പറഞ്ഞു. കശാപ്പ് ചെയ്ത മൃഗങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ഖുർബാനി നടത്തുമ്പോൾ സർക്കാർ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിരോധിത മൃഗങ്ങളെ ബലി നൽകരുതെന്നും അദ്ദേഹം പറഞ്ഞു. നിയമാനുസൃതമായ ബലിയർപ്പിക്കൽ തടയാൻ ശ്രമിക്കുന്നിടത്തെല്ലാം ഭരണകൂടത്തെ വിശ്വാസത്തിലെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഈദുൽ അദ്ഹയിൽ ബലി അർപ്പിക്കുന്ന സ്ഥലങ്ങളിൽ പ്രത്യേകം ശുചിത്വം പാലിക്കണമെന്നും മൗലാന മദനി നിർദ്ദേശിച്ചു. മൃഗങ്ങളുടെ മാലിന്യങ്ങൾ റോഡുകളിലും തെരുവുകളിലും ഓടകളിലും വലിച്ചെറിയരുതെന്നും ദുർഗന്ധം വമിക്കാത്ത രീതിയിൽ കുഴിച്ചിടണമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംകളുടെ പ്രവൃത്തികളിൽ ആരെയും വേദനിപ്പിക്കാതിരിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണം. വിഭാഗീയ ഘടകങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാൽ ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

Latest News