സ്റ്റാലിന്‍ വാക്കു പാലിച്ചു, തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് സെപ്തംബര്‍ മുതല്‍ സര്‍ക്കാര്‍ ശമ്പളം നല്‍കും

ചെന്നൈ - തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ വാക്കു പാലിച്ചു, വീട്ടമ്മമാര്‍ക്ക് മാസ ശമ്പളം നല്‍കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം സെപ്തംബര്‍ 15 മുതല്‍ നടപ്പാക്കാന്‍ തീരുമാനമായി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.  റേഷന്‍ കാര്‍ഡില്‍ പേരുള്ള, മറ്റു വരുമാനങ്ങള്‍ ഒന്നും ഇല്ലാത്ത വീട്ടമ്മമാര്‍ക്ക് സെപ്തംബര്‍ 15 മുതല്‍ പ്രതിമാസം 1000 രൂപ നല്‍കാനാണ് തീരുമാനം. ഡി എം.കെയെ അധികാരത്തിലേറാന്‍ സഹായിച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് വീട്ടമ്മമാര്‍ക്ക് പ്രതിമാസ ശമ്പളം നല്‍കാനുള്ള തീരുമാനം. ഇതടക്കം നിരവധി ജനകീയ വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഡി എം.കെ മുന്നോട്ട് വെച്ചിരുന്നു. ഇതില്‍ ചിലതെല്ലാം നടപ്പാക്കിയെങ്കിലും വീട്ടമ്മമാര്‍ക്ക് പ്രതിമാസ ശമ്പളം നല്‍കുന്നതില്‍ ഇതുവരെ തീരുമാനം കൈക്കൊണ്ടിരുന്നില്ല. വാഗ്ദാനം നല്‍കി വഞ്ചിക്കുകയാണെന്ന രീതിയിലുള്ള ആരോപണങ്ങള്‍ സര്‍ക്കാറിനെതിരെ ഉയര്‍ന്നിരിന്നു. ഇത് മറി കടക്കാനാണ് വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കാനുള്ള തിയ്യതി പ്രഖ്യാപിച്ചത്. ഒരുപിടി ജനകീയ തീരുമാനങ്ങളുമായിട്ടായിരുന്നു രണ്ട് വര്‍ഷം മുമ്പ് സ്റ്റാലിന്റെ ഭരണത്തുടക്കം. സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്ര, പാല്‍ വില കുറയ്ക്കല്‍, ദളിതര്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുമായി ക്ഷേമപദ്ധതികള്‍, വീട്ടമ്മമാര്‍ക്ക് ശമ്പളം തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം ഡിഎംകെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയിരുന്നു. ഇതില്‍ പലതും അധികാരത്തിലേറിയതിന് പിന്നാലെ സ്റ്റാലിന്‍ നടപ്പിലാക്കിത്തുടങ്ങി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയും വീട്ടമ്മമാര്‍ക്ക് ഗാര്‍ഹിക ജോലികള്‍ക്ക് ശമ്പളം നല്‍കാനുള്ള പദ്ധതിയുമാണ് ഇതില്‍ കൂടുതലായി സ്വീകരിക്കപ്പെട്ടത്. 

Latest News