ദുര്‍ഘടപാതകള്‍ താണ്ടി സ്വീഡിഷ് നഗരമായ ഗോത്തന്‍ബര്‍ഗില്‍ നിന്ന് ഫലസ്തീനിലേക്ക് 4800 കിലോമീറ്റര്‍ കാല്‍നടയായെത്തിയ സമാധാന പ്രവര്‍ത്തകനെ ഇസ്രായില്‍ അതിര്‍ത്തിയില്‍ നിന്ന് മടക്കി അയച്ചു. 11 മാസം നീണ്ട കാല്‍നടയാത്ര 70 വര്‍ഷം പിന്നിടുന്ന ഫലസ്തീന്‍ അധിനിവേശത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ 2017 ഓഗസ്റ്റ് അഞ്ചിന് യാത്ര ആരംഭിച്ച 25കാരനായ സ്വീഡിഷ് സംഗീതജ്ഞന്‍ ബെഞ്ചമിന്‍ ലദ്രായാണ് 11 മാസങ്ങള്‍ക്കു ശേഷം ഇസ്രായേല്‍ അതിര്‍ത്തിയിലെത്തിയത്. ജോര്‍ദാനിനും വെസ്റ്റ് ബാങ്കിലും ഇടയിലെ അലെന്‍ബി ചെക്‌പോയിന്റില്‍ വച്ച് സ്വീഡിഷ് ആക്ടിവിസ്റ്റിനെ ഇസ്രായേല്‍ സൈന്യം തടയുകയും ആറു മണിക്കൂര്‍ നീണ്ട ചോദ്യ ചെയ്യലിനു ശേഷം തിരിച്ചയക്കുകയുമായിരുന്നു. അഭയാര്‍ഥികളും കുടിയേറ്റക്കാരും ഉപയോഗിക്കാറുള്ള ചെങ്കുത്തായ മലനിരകളും കൊടുംവനങ്ങളും ദുര്‍ഘടമായ പാതകളും താണ്ടിയാണ് ലാദ്രാ ഇവിടെയെത്തിയത്. ഇതിനിടയില്‍ 13 രാജ്യങ്ങള്‍ അദ്ദേഹം മുറിച്ചുകടന്നു. വലിയ ഫലസ്തീന്‍ പതാകയുമായി അദ്ദേഹം കാല്‍നടയായി നടത്തിയ യാത്ര ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ദിവസവും 10 മണിക്കൂര്‍ നടന്നാണ് ലാദ്രാ ഇസ്രായേല്‍ അതിര്‍ത്തിയിലെത്തിയത്. പ്രതികൂല കാലാവസ്ഥ അതിജീവിച്ചാണ് അദ്ദേഹം ഫലസ്തീന്‍ അതിര്‍ത്തിയിലെത്തിയത്.
ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പതിനായിരങ്ങള്‍ അദ്ദേഹത്തിന്റെ യാത്രയെ പിന്തുടരുന്നുണ്ടായിരുന്നു. ഇസ്രായേല്‍ അധിനിവേശത്തിന്റെ കെടുതികളെ കുറിച്ച് കഴിഞ്ഞ 11 മാസമായി താന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍, ഇസ്രായില്‍ തിരിച്ചയച്ചുവെന്ന് കരുതി അവസാനിപ്പിക്കില്ലെന്നും അത് ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ പ്രദേശത്തെത്താന്‍ 100 മീറ്റര്‍ മാത്രം അകലെയെത്തിയപ്പോഴാണ് ഇസ്രായില്‍ അദ്ദേഹത്തെ മടക്കിയയച്ചത്. തന്റെ ഈ യാത്ര വഴി ഫലസ്തീനികളോടുള്ള അനീതികള്‍ ലക്ഷക്കണക്കിനാളുകളില്‍ എത്തിക്കാനായതായും അദ്ദേഹം പറഞ്ഞു.
ഫലസ്തീനികളോട് ലാദ്രാ കാണിച്ച ഐക്യദാര്‍ഢ്യത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് ഫലസ്തീന്‍ പൗരത്വവും മെഡല്‍ ഓഫ് മെറിറ്റും സമ്മാനിക്കുമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.






