Sorry, you need to enable JavaScript to visit this website.

മേഘവിസ്‌ഫോടനം; ഹിമാചലിൽ രണ്ടുമരണം, വിനോദ സഞ്ചാരികളടക്കം 200-ലേറെ പേർ ഒറ്റപ്പെട്ടു

മാണ്ഡി - ഹിമാചലിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വിനോദ സഞ്ചാരികൾ അടക്കം 200-ലേറെ പേർ ഒറ്റപ്പെട്ടു. മാണ്ഡി ജില്ലയിലെ ബാഗിപുൾ പ്രദേശത്ത് പ്രഷാർ തടാകത്തിന് സമീപമാണ് ആളുകൾ കുടുങ്ങിയതെന്ന് മാണ്ഡി പോലീസ് പറഞ്ഞു.
  സോളൻ, ഹാമിർപൂർ ജില്ലകളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് രണ്ടുപേർ മരിച്ചു. ഒട്ടേറെ കൃഷിനാശമുണ്ടായി. 20-ലേറെ വീടുകൾ നിലംപൊത്തി, കന്നുകാലികൾ ഒലിച്ചുപോയി, അങ്ങനെ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകളുണ്ടായി. കനത്ത മഴയെ തുടർന്ന് പത്തിലേറെ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. അഞ്ചുദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് റിപ്പോർട്ട്. സമതലങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്ത മഴക്കും മിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങളുടെ പ്രവചനം. ഗതാഗതക്കുരുക്ക്, മൂടൽമഞ്ഞ്, പവർകട്ട് എന്നിവയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
  ഇതിനകം ഒരു കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. വെള്ളപ്പൊക്കത്തെത്തുടർന്ന് പരാഷറിലേക്കുള്ള റോഡ് അടച്ചിരിക്കുകയാണ്. ചമ്പയിൽനിന്നുള്ള വിദ്യാർത്ഥികളുടെ ബസും പരാഷറിൽനിന്ന് മടങ്ങുകയായിരുന്ന നിരവധി വാഹനങ്ങളും കുടുങ്ങിയിരിക്കുകയാണ്. ഇതേ തുടർന്ന് ഇവരെയെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
 24 മണിക്കൂറിനിടെ പെയ്ത മഴ മാണ്ഡിയുടെ പല ഭാഗങ്ങളിലും വ്യാപക നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. അതിനിടെ, പാണ്ഡോ-മാണ്ഡി ദേശീയപാതയിൽ ചാർമൈലിനും സത്മൈലിനും ഇടയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ദേശീയപാത അടച്ചുവെന്നും തുറക്കാൻ സമയമെടുക്കുമെന്നും പോലീസ് അറിയിച്ചു. അമ്പതിൽ താഴെ വാഹനങ്ങൾ ഇവിയിടെ കുടുങ്ങിക്കിടക്കുകയാണ്. ഗതാഗത തടസ്സം നീക്കാനുള്ള ശ്രമം തുടരുകയാണ്. 
 ശക്തമായ മഴയിൽ ഹിമാചലിലെ കാൻഗ്ര സിറ്റിയുടെ പല ഭാഗങ്ങളും വെള്ളക്കെട്ടിലാണ്. തുടർച്ചയായ മഴയും വെള്ളപ്പൊക്കവും കാരണം മാണ്ഡി -കുളു ദേശീയപാതയിലും ഗതാഗതം തടസ്സപ്പെട്ടു. മാണ്ഡി-ജോഗീന്ദർ നഗർ ഹൈവേ ഉൾപ്പെടെയുള്ള പല റോഡുകളും അടച്ചിട്ടുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ഈ ഹൈവേകളിലൂടെ സഞ്ചരിക്കുന്ന ആളുകൾ മലകളോട് ചേർന്നുള്ള റോഡുകളിൽ നിൽക്കരുതെന്ന് കർശന നിർദേശമുണ്ട്.  

 

Latest News