വിദേശികള്‍ക്ക് സന്തോഷ വാര്‍ത്ത; സൗദിവല്‍ക്കരണം 70 ശതമാനമായി കുറച്ചേക്കും

റിയാദ്- പുതുതായി സമ്പൂർണ സൗദിവൽക്കരണം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ച 12 മേഖലകളിൽ സൗദിവൽക്കരണം 70 ശതമാനമായി കുറയ്ക്കുന്നതിനെ കുറിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പഠിക്കുന്നു. സ്വകാര്യ മേഖലക്കും വിദേശ തൊഴിലാളികൾക്കും ഏറെ ഗുണം ചെയ്യുന്നതാണ് പുതിയ നീക്കം. പന്ത്രണ്ടു മേഖലകളിൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിലൂടെ അഞ്ചു ലക്ഷം സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാമെന്നാണ് ബന്ധപ്പെട്ട വകുപ്പുകൾ കണക്കു കൂട്ടുന്നത്. ഇതിലേറെ വിദേശികൾക്ക് ഈ മേഖലകളിൽ തൊഴിൽ നഷ്ടപ്പെടും. 


പന്ത്രണ്ടു മേഖലകളിൽ സ്വദേശിവൽക്കരണത്തിൽ ഇളവ് നൽകുമെന്ന് സൗദിവൽക്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കരടു ഗൈഡിൽ മന്ത്രാലയം വെളിപ്പെടുത്തി. ഒപ്റ്റിക്കൽ ടെക്‌നീഷ്യൻ, കാർ മെക്കാനിക്ക്, വാച്ച് ടെക്‌നീഷ്യൻ, ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ നന്നാക്കുന്ന സാങ്കേതിക വിദഗ്ധർ, ടൈലർ, പാചകക്കാരൻ, പലഹാര നിർമാണ വിദഗ്ധൻ പോലെ സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലാളികളെ വ്യവസ്ഥകൾക്ക് വിധേയമായി സൗദിവൽക്കരണത്തിൽ നിന്ന് ഒഴിവാക്കുമെന്നും ഗൈഡ് വ്യക്തമാക്കുന്നു. സൗദി ജീവനക്കാരുടെ എണ്ണം പത്തിൽ കുറയാത്ത സ്ഥാപനങ്ങളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതു മുതൽ ആറു മാസക്കാലത്തേക്ക് സെയിൽസ് മാനേജറായി ഒരു വിദേശിയെ നിയമിക്കുന്നതിന് അനുവദിക്കും. അഞ്ചിൽ കുറവ് സൗദി ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ കയറ്റിറക്ക്, ശുചീകരണ ജോലികൾക്ക് ഒരു വിദേശിയെ നിയമിക്കുന്നതിന് അനുവദിക്കും. അഞ്ചിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആകെ ജീവനക്കാരുടെ ഇരുപതു ശതമാനത്തിന് തുല്യമായത്ര വിദേശികളെ കയറ്റിറക്ക്, ശുചീകരണ ജോലികൾക്ക് നിയമിക്കുന്നതിന് അനുമതിയുണ്ടാകും. സ്ഥാപനങ്ങളുടെ മെയിൻ ഓഫീസിൽ ജോലി ചെയ്യുന്ന വിദേശികളെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയമല്ലാത്ത നേരത്ത് സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് അനുവദിക്കുമെന്നും കരടു തീരുമാനം വ്യക്തമാക്കുന്നു. 


തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തയാറാക്കിയ കരടു ഗൈഡ് അനുസരിച്ച് ഒരു ജീവനക്കാരൻ മാത്രമുള്ള സ്ഥാപനങ്ങളിൽ സൗദികൾക്കു മാത്രമാണ് ജോലി ചെയ്യുന്നതിന് അനുമതിയുണ്ടാവുക. രണ്ടു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഒരു സൗദിയെയും മൂന്നു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ രണ്ടു സൗദികളെയും നാലു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ രണ്ടു സൗദികളെയും അഞ്ചു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ മൂന്നു സൗദികളെയും ആറു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ നാലു സൗദികളെയും ഏഴു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ നാലു സൗദികളെയും എട്ടു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ അഞ്ചു സൗദികളെയും ഒമ്പതു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആറു സൗദികളെയും പത്തു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഏഴു സൗദികളെയും പതിനൊന്നു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഏഴു സൗദികളെയും പന്ത്രണ്ടു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ എട്ടു സൗദികളെയും മുപ്പതു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ 21 സൗദികളെയും നൂറു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ 70 സൗദികളെയും ജോലിക്കു വെക്കൽ നിർബന്ധമായിരിക്കും. 


സ്ഥാപനങ്ങളുടെ പ്രവൃത്തി സമയത്ത് വിദേശികൾ ഒറ്റക്ക് ജോലി ചെയ്യുന്നതായി കണ്ടെത്തുകയോ ഗൈഡിൽ അനുശാസിക്കുന്നതു പോലെ മുപ്പതു ശതമാനത്തിൽ കൂടുതൽ വിദേശികൾ ജോലി ചെയ്യുന്നതായി കണ്ടെത്തുകയോ ചെയ്താൽ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും. സ്ഥിരമായി ചുരുങ്ങിയത് ഒരു സൗദി ജീവനക്കാരനെങ്കിലും ഇല്ലാതെ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിപ്പിക്കുന്നതിന് ഒരു സാഹചര്യത്തിലും അനുവദിക്കില്ലെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. 


പുതുതായി പന്ത്രണ്ടു മേഖലകളിൽ കൂടി സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കുന്നതിനുള്ള തീരുമാനം ജനുവരി 29 ന് ആണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. സെപ്റ്റംബർ 11 മുതൽ മൂന്നു ഘട്ടങ്ങളിലായി ഇത് നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു. കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിൽ സെപ്റ്റംബർ 11 മുതലും വാച്ച് കടകൾ, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ നവംബർ ഒമ്പതു മുതലും മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിൽ 2019 ജനുവരി ഏഴു മുതലും സൗദിവൽക്കരണം നടപ്പാക്കുന്നതിനാണ് തീരുമാനം.  
 

Latest News