Sorry, you need to enable JavaScript to visit this website.

വന്ദേഭാരത് എക്‌സ്പ്രസില്‍ യുവാവ് ശുചിമുറിയില്‍ കയറി കുറ്റിയിട്ടതിന് റെയില്‍വേയ്ക്ക് നഷ്ടം ഒരു ലക്ഷത്തിലേറെ രൂപ

തിരുവനന്തപുരം - വന്ദേഭാരത് എക്‌സ്പ്രസില്‍ യുവാവ് ശുചിമുറിയില്‍ കയറി കുറ്റിയിട്ടതിന് റെയില്‍വേയ്ക്ക് നഷ്ടം ഒരു ലക്ഷത്തിലേറെ രൂപ. ഇന്നലെ ഉച്ചയ്ക്ക് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ വന്ദേഭാരത് എക്‌സ് പ്രസിന്റെ ശുചിമുറിയിലാണ് ഉപ്പള മംഗല്‍പ്പാടി കല്യാണി നിലയത്തില്‍ ചരണ്‍ (27) ഒളിച്ചിരുന്നത്. കാസര്‍കോട് നിന്ന് ശുചിമുറിയില്‍ കയറിയ ഇയാള്‍ വാതില്‍ തുറക്കാതായതിനെ തുടര്‍ന്ന് റെയില്‍വേ പോലീസും റെയില്‍വേ ഉദ്യോഗസ്ഥരും കണ്ണൂര്‍, കോഴിക്കോട് സ്‌റ്റേഷനുകളില്‍ വെച്ച് വാതില്‍ ബലമായി തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സെന്‍സറില്‍ പ്രവര്‍ത്തിക്കുന്ന പൂട്ടാണ് ശുചിമുറിയുടെ വാതിലിന് ഉള്ളത്. യുവാവ് തന്റെ ടീ ഷര്‍ട്ട് ഉപയോഗിച്ച് സെന്‍സര്‍ വരുന്ന ഭാഗത്തിനു മുകളില്‍ക്കൂടി വാതില്‍ കൂട്ടിക്കെട്ടിയിരുന്നു. ഇത് മൂലം സെന്‍സര്‍ പ്രവര്‍ത്തിച്ചില്ല. റെയില്‍വേ പോലീസ് ശുചിമുറിയ്ക്ക് പുറത്തു നിന്ന് ചരണിനോട് സംസാരിച്ചിരുന്നു. കോഴിക്കോട് സ്‌റ്റേഷനിലെത്തുമ്പോള്‍ ഇറങ്ങാമെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോഴിക്കോട് എത്തിയിട്ടും പുറത്തിറങ്ങിയില്ല. ഒടുവില്‍ ട്രെയിന്‍ ഷൊര്‍ണ്ണൂര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ശുചിമുറിയുടെ മെറ്റല്‍ ലെയറുള്ള ഫാബ്രിക്കേറ്റഡ് പൂട്ടുപൊളിച്ച് യുവാവിനെ പുറത്തെത്തിക്കുകയായിരുന്നു. ഇതിനായി എത്തിയ സാങ്കേതിക ഉദ്യോഗസ്ഥര്‍ക്ക് ഏതാണ്ട് അര ലക്ഷത്തോളം രൂപ അലവന്‍സ് ഉള്‍പ്പെടെ നല്‍കേണ്ടി വരുമെന്നാണ് റെയില്‍വേ പറയുന്നത്. സെന്‍സര്‍ സംവിധാനമുള്ള പുതിയ  പൂട്ട് ഘടിപ്പിക്കുന്നതിനും വാതില്‍ റിപ്പയര്‍ ചെയ്യുന്നതിനും മറ്റുമായി അരലക്ഷത്തിലേറ രൂപ വേറെയും ചെലവാകും. ശുചിമുറിയില്‍ നിന്ന് പുറത്തിറക്കിയ ചരണിനെ റെയില്‍വേ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്.

 

Latest News