Sorry, you need to enable JavaScript to visit this website.

നിഖിലിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്  വീട്ടില്‍ നിന്ന് കണ്ടെത്തി 

ആലപ്പുഴ- വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എം.കോം പ്രവേശനം നേടിയ എസ്എഫ്ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റെ കായംകുളത്തെ വീട്ടില്‍ നിന്നും കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി. കഴിഞ്ഞദിവസം വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇതടക്കം രേഖകള്‍ ലഭിച്ചത്. വ്യാജ മാര്‍ക്ക്ലിസ്റ്റും പാസ്ബുക്കും പണമിടപാട് രേഖകളും കണ്ടെത്തിയവയിലുണ്ട്. ബി.കോം ഫസ്റ്റ് ക്‌ളാസോടെ നിഖില്‍ പാസായെന്നാണ് മാര്‍ക്ക് ലിസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് നിഖിലിന്റെ ജാമ്യാപേക്ഷയില്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച ഓറിയോണ്‍ എന്ന സ്ഥാപനത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തും. പെട്ടെന്ന് ഒളിവില്‍ പോകേണ്ടി വന്നതിനാല്‍ നിഖിലിന് മാര്‍ക്ക് ലിസ്റ്റും ഡിഗ്രി സര്‍ട്ടിഫിക്കറ്റുമടക്കം നിര്‍ണായക രേഖകളൊന്നും ഒളിപ്പിക്കാന്‍ കഴിഞ്ഞില്ല. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയതിന് എസ് എഫ് ഐ മുന്‍ നേതാവ് അബിന്‍ സി.രാജിന് അബിന്റെ അമ്മയുടെ അക്കൗണ്ട് വഴി രണ്ട് ലക്ഷം രൂപയും നിഖില്‍ കൈമാറി എന്നതിന്റെ തെളിവുകളും പോലീസ് ശേഖരിച്ചിരുന്നു. ഇന്നലെ രാവിലെ 11.30ന് കായംകുളം ഇന്‍സ്പെക്ടര്‍ വൈ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലാണ് നിഖിലിന്റെ വീട്ടില്‍ തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പ് രണ്ടര മണിക്കൂറോളം നീണ്ടുനിന്നു.
 

Latest News