Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ മ്യാന്മറില്‍ കുറ്റം ചുമത്തി; പരക്കെ പ്രതിഷേധം

യാംഗൂണിലെ കോടതിയില്‍ ഹാജരാക്കിയ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍ വാ ലോണിനെ തിരികെ കൊണ്ടുപോകുന്നു.

യംഗൂണ്‍- മ്യാന്മറില്‍ റോഹിംഗ്യന്‍ മുസ്്‌ലിംകളെ കൂട്ടക്കൊല ചെയ്ത സംഭവം അന്വേഷിക്കാനെത്തിയ രണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ ഔദ്യോഗിക രഹസ്യ നിയമ പ്രകാരമുള്ള കുറ്റം ചുമത്തി. കുറ്റം തെളിഞ്ഞാല്‍ 14 വര്‍ഷം വരെ ജയില്‍ ശിക്ഷ വിധിക്കാവുന്ന കോളനി ഭരണ കാലത്തെ നിയമമാണിത്.  
വാ ലോണ്‍ (32), ക്യാ സോ ഓ (28) എന്നിവരെ കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തിരുന്നത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇരുവരും കുറ്റം നിഷേധിച്ചു. മ്യാന്മറിലെ പടിഞ്ഞാറന്‍ സ്റ്റേറ്റായ റാഖൈനിലെ ഒരു ഗ്രാമത്തില്‍  കുട്ടികളടക്കം പത്ത് റോഹിംഗ്യന്‍ മുസ്്‌ലിംകളെ കൂട്ടക്കൊല ചെയ്ത സംഭവം അന്വേഷിക്കുന്നതിനിടെയാണ് പത്രപ്രവര്‍ത്തകരെ മ്യാന്മര്‍ അധികൃതര്‍ ജയിലിലടച്ചത്.
മ്യാന്മറിലെ പത്ര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ആഗോള ശ്രദ്ധയാകര്‍ഷിച്ച കേസാണിത്. റിപ്പോര്‍ട്ടര്‍മാരുടെ മോചനത്തിനായി വീണ്ടും ആഗോള മുറവിളി ഉയര്‍ന്നു. റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരായ കേസ് തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് റോയിട്ടേഴ്‌സ് പ്രസിഡന്റും എഡിറ്റര്‍ ഇന്‍ ചീഫുമായ സ്റ്റീഫന്‍ ജെ ആഡിയര്‍ പറഞ്ഞു. പക്ഷം പിടിക്കാതെ സ്വതന്ത്രമായി റോയിട്ടേഴസ് പത്രപ്രവര്‍ത്തകര്‍ അവരുടെ ജോലി നിര്‍വഹിക്കുകയായിരുന്നു. അവരെ വിട്ടയച്ച് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ചേരാന്‍ അനുവദിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു.
കോടതി കുറ്റം ചുമത്തിയ നടപടി  തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്ന് മ്യാന്മറിലെ യു.എസ് എംബസി പ്രതികരിച്ചു. കോടതിയുടെ തീരുമാനം പത്രസ്വാതന്ത്ര്യത്തിനും മ്യാന്മറിലെ നിയമ വാഴ്ചക്കുമേറ്റ കനത്ത തിരിച്ചടിയാണ്. പത്രപ്രവര്‍ത്തകരെ കുടുംബത്തിലേക്കും ജോലിയിലേക്കും മടങ്ങാന്‍ അനുവദിക്കണം -എംബസി പത്രക്കറിപ്പില്‍ പറഞ്ഞു. കുറ്റങ്ങള്‍ പിന്‍വലിച്ച് റിപ്പോര്‍ട്ടര്‍മാരെ ഉടന്‍ വിട്ടയക്കാന്‍ മ്യാന്മര്‍ അധികൃതര്‍ തയാറാകണമെന്ന് യൂറോപ്യന്‍ യൂനിയന്‍ വക്താവ് ആവശ്യപ്പെട്ടു. റാഖൈനില്‍ സുരക്ഷാ സേന നടത്തിയ അതിക്രമങ്ങള്‍ പുറത്തു കൊണ്ടുവന്ന പത്രപ്രവര്‍ത്തകര്‍ മഹത്തായ സേവനമാണ് നിര്‍വഹിച്ചതെന്ന് മ്യാന്മറിലെ ഡാനിഷ് എംബസി പ്രതികരിച്ചു. ലജ്ജാവഹമായ പ്രക്രിയ അവസാനിപ്പിച്ച് പത്രപ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണം.
തീര്‍ത്തും അവിശ്വസനീയമായ കാര്യങ്ങളാണ് മ്യാന്മറില്‍ നടക്കുന്നതെന്നും മാധ്യമ പ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണമെന്നും യു.എന്‍ മനുഷ്യാവകാശ പ്രതിനിധി യാംഗീ ലീ ട്വിറ്ററില്‍ പറഞ്ഞു. മ്യാന്മറിലെ പത്രസ്വാതന്ത്ര്യത്തിന് കറുത്ത ദിനമാണിതെന്് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തി. തീര്‍ത്തും രാഷ്ട്രീയ പ്രേരിതമായ ഈ നടപടി രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും -ആംനസ്റ്റി പ്രസ്താവനയില്‍ പറഞ്ഞു. 2015 ലെ തെരഞ്ഞെടുപ്പിനു ശേഷം മ്യാന്മറില്‍ പ്രകടമായ പൗരാവകാശ തകര്‍ച്ചയുടെ തുടര്‍ച്ചയാണിതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് കുറ്റപ്പെടുത്തി. മ്യാന്മര്‍ നീതിന്യായ വ്യവസ്ഥയുടെ രാഷ്ട്രീയവല്‍ക്കരണം തടയണമെന്നും മാധ്യമ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടനയായ ആര്‍ട്ടിക്കിള്‍ 19 ആവശ്യപ്പെട്ടു.

 

 

Latest News