ലണ്ടന്‍- ബ്രിട്ടനില്‍ ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി വിദേശകാര്യ സെക്രട്ടറി സ്ഥാനത്തുനിന്ന് ബോറിസ് ജോണ്‍സണ്‍ രാജിവെച്ചു. ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് പുറത്തു പോയി മണിക്കൂറുകള്‍ക്കകമാണ് ബോറിസ് ജോണ്‍സന്റെ രാജി.
ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട പുതിയ പദ്ധതി പ്രധാനമന്ത്രി തെരേസ മേ പാര്‍ലമെന്റിനെ അറിയിച്ചുതുടങ്ങിയതിനു തൊട്ടുപിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ തന്റെ തീരുമാനം പ്രഖ്യാപിച്ചത്. പുതിയ ബ്രെക്‌സിറ്റ് പദ്ധതി നിരവിധ കണ്‍സര്‍വേറ്റീവ് എം.പിമാരുടെ എതിര്‍പ്പിനു കാരണമായിരിക്കയാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടണോ എന്ന കാര്യത്തില്‍ 2016 ല്‍ നടന്ന ഹിതപരിശോധനയെ മാനിക്കുന്നതിന് രണ്ട് മുന്‍ മന്ത്രിമാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് തെരേസ മേ പറഞ്ഞിരുന്നു. ഹിതപരിശോധനയില് വിട്ടുപോകുന്നതിനായി നിലകൊണ്ട ബോറിസ് ജോണ്‍സന്റെ രാജി നിസ്സാരമല്ലെന്നും ഇത് പ്രതിസന്ധി കൂടുതല്‍ ഗുരുതരമാക്കുമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
2019 മാര്‍ച്ചിലാണ് യൂറോപ്യന്‍ യൂനിയനുമായി യു.കെ ബന്ധം വിഛേദിക്കേണ്ടത്. എന്നാല്‍ തുടര്‍ന്നങ്ങോട്ട് യു.കെയും ഇ.യുവും തമ്മിലുള്ള വ്യാപാരം എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച് ഇരുഭാഗവും തമ്മിലുള്ള അഭിപ്രായ ഭിന്നത പരിഹരിക്കാനായിട്ടില്ല. പുതിയ സംഭവ വികാസങ്ങള്‍ ബ്രിട്ടനില്‍ നേതൃമാറ്റത്തിലേക്ക് വരെ നയിക്കാമെന്ന് കരുതുന്നവരുണ്ട്.
നോര്‍ത്തേണ്‍ അയര്‍ലന്റ് ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ട്ടിയുടെ പത്ത് എം.പിമാരുടെ പിന്തുണയോടു കൂടിയാണ് തേരേസ മേ ഭരിക്കുന്നത്. ഭിന്നത രൂപപ്പെട്ടാല്‍ അവരുടെ ബ്രെക്‌സിറ്റ് നയം പാര്‍ലമെന്റില്‍ പരാജയപ്പെടാം.
പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് തന്ത്രങ്ങളില്‍ ബോറിസ് ജോണ്‍സണ്‍ തൃപ്തനല്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2016 ജൂണ്‍ മുതല്‍ വിദേശകാര്യ സെക്രട്ടറിയായി തുടരുന്ന ജോണ്‍സണ്‍ ഇന്നലെ ലണ്ടനില്‍ നടന്ന പടിഞ്ഞാറന്‍ ബാല്‍ക്കണ്‍ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നില്ല.