Sorry, you need to enable JavaScript to visit this website.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ വ്യാജ സർട്ടിഫിക്കറ്റുകൾ സമഗ്ര അന്വേഷണം വേണം -പ്രവാസി വെൽഫെയർ 

ദമാം - കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്ന വ്യാജ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട വാർത്തകൾ ഒറ്റപ്പെട്ട സംഭവങ്ങളായി കണക്കാക്കാനാവില്ലെന്നും, സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ബന്ധപ്പെട്ട ഉദേ്യാഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ കൈകൊള്ളമെന്നും പ്രവാസി വെൽഫെയർ ഈസ്‌റ്റേൺ പ്രൊവിൻസ് കമ്മറ്റി സർക്കാറിനോടാവശ്യപ്പെട്ടു. 

വ്യാപക  അഴിമതിക്ക് സമാനമായ ആഴമേറിയ  രാഷ്ട്രീയ ഉദ്യോഗസ്ഥ പിൻബലമുള്ള പ്രബലമായ മാഫിയ ഇതിന് പിന്നിലുണ്ട്. കായംകുളത്തെ എസ് എഫ് ഐ നേതാവ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി പി.ജി പ്രവേശനം നേടിയ സംഭവത്തിൽ വസ്തുത പുറത്ത് വന്ന ആദ്യഘട്ടത്തിൽ ഭരണ കക്ഷി സംരക്ഷണമൊരുക്കുകയും സർട്ടിഫിക്കറ്റ് ആധികാരികമെന്ന് സ്ഥാപിക്കുകയുമായിരുന്നു. 2019 ൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സഹപാഠിയും എസ് എഫ് ഐ പ്രവർത്തകനുമായ അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശിവരഞ്ജിത്ത് എന്ന എസ് എഫ് ഐ നേതാവിന്റെ വീട്ടിൽനിന്ന് യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസുകളും ഫിസിക്കൽ എജുക്കേഷൻ ഡയറക്ടരുടെ വ്യാജ സീലും കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ അന്ന് എസ് എഫ് ഐ ഭരിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജ് യൂനിയൻ ഓഫീസിൽ നിന്നും  ഉത്തരക്കടലാസുകൾ കണ്ടെത്തിയിരുന്നു. ഇതേ വ്യക്തിക്കും കൂട്ടുപ്രതികൾക്കും പി എസ് സി പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ മികച്ച റാങ്ക് ലഭിച്ചതും ക്രമക്കേടിലൂടെയാണ്. അതിലെ അന്വേഷണങ്ങളൊന്നും തന്നെ എങ്ങുമെത്തിയില്ല.

ഇത്തരം സംഭവങ്ങളിൽ ഭരണകക്ഷിയായ സി പി എമ്മിനും അവരുടെ വിദ്യാർഥി യുവജന സംഘടനാ നേതൃത്വങ്ങൾക്കും കൃത്യമായ ബന്ധമുണ്ട്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുമായി ബന്ധപ്പെട്ടുണ്ടായ റിസൽറ്റ് വിവാദം സാങ്കേതിക തകരാറായി തള്ളിക്കളയാൻ കഴിയില്ല. അതിൽ കൃത്യമായ അന്വേഷണം നടത്തുന്നതിന് പകരം വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുക്കുന്നത് തീർത്തും പ്രതിഷേധാർഹമാണന്നും കമ്മിറ്റി പറഞ്ഞു.

കെ. വിദ്യ എന്ന  എസ് എഫ് ഐ നേതാവ് സംവരണം അട്ടിമറിച്ചു കാലടി സർവകലാശാലയിൽ പ്രവേശനം തരപ്പെടുത്തിയതും വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഒന്നിലധികം കോളേജുകളിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തതും ഈ സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. എം ജി യൂനിവേഴ്‌സിറ്റിയിൽ നിന്ന് വി സി യുടെ ഒപ്പും ഹോളോഗ്രാമുമുള്ള പേരെഴുതാത്ത 154 ഡിഗ്രി  പി ജി സർട്ടിഫിക്കറ്റുകൾ കാണാതായിരിക്കുന്നു. ഒരു കെ എസ് യു നേതാവിന്റെ പേരിലുള്ള വ്യാജ ബിരുദ സർട്ടിഫിക്കറ്റും മാധ്യമങ്ങളിലൂടെ പുറത്തു വന്നതും ഭരണ കക്ഷി കേന്ദ്രങ്ങൾ വഴിയാണ്.

കേരളത്തിലെ സർവ്വകലാശാലകളും പി.എസ്.സി യും പരീക്ഷ നടത്തിപ്പ് സംവിധാനങ്ങളും ആരുടെ നിയന്ത്രണത്തിലാണുള്ളതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഇത്തരം സംവിധാനങ്ങളുടെ വിശ്വാസ്യത തകർന്നിരിക്കുകയാണ്. വലിയ തോതിൽ പ്രവർത്തിക്കുന്ന സർട്ടിഫിക്കറ്റ് മാഫിയകളാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. രാഷ്ടീയ നേതാക്കളും ഉദ്യോഗസ്ഥരും ഈ തട്ടിപ്പുകൾക്ക് ഉറച്ച പിന്തുണ നൽകുന്നു. സമീപകാലത്ത് ധാരാളമായി ആരംഭിച്ച സ്വകാര്യ വിദ്യാഭ്യാസ ഏജൻസികൾക്കുള്ള പങ്കും അന്വേഷിക്കണമെന്നും പ്രവാസി വെൽഫെയർ ഈസ്‌റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഷബീർ ചാത്തമംഗലം, ജനറൽ സെക്രട്ടറി സുനില സലീം എന്നിവരും വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
 

Latest News