Sorry, you need to enable JavaScript to visit this website.

പിരമിഡ് സന്ദർശിച്ച് മോഡി, അനുഗമിച്ച് ഈജിപ്ത് പ്രധാനമന്ത്രി

കയ്‌റോ- ഈജിപ്ത് സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി പിരമിഡുകൾ സന്ദർശിച്ചു. ഈജിപ്തിന്റെ പരമോന്നത ബഹുമതി മോഡിക്ക് രാജ്യം സമ്മാനിച്ചിരുന്നു. ഇതിന് ശേഷമാണ് മോഡി പിരമിഡ് സന്ദർശിച്ചത്. ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലിയും മോഡിയെ അനുഗമിച്ചു. നമ്മുടെ രാഷ്ട്രങ്ങളുടെ സാംസ്‌കാരിക ചരിത്രങ്ങളെക്കുറിച്ചും വരും കാലങ്ങളിൽ ഈ ബന്ധങ്ങളെ എങ്ങനെ ആഴത്തിലാക്കാമെന്നതിനെക്കുറിച്ചും ഞങ്ങൾ ഗഹനമായ ചർച്ച നടത്തിയെന്ന് മോഡി പറഞ്ഞു. 

ഒന്നാം ലോകമഹായുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ സൈനികരുടെ യുദ്ധസ്മാരകത്തിലും മോഡി സന്ദർശനം നടത്തി. ഇന്ത്യയുടെ ധീരരായ സൈനികർക്ക് ആദരാഞ്ജലികൾ, അവരുടെ ധൈര്യം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും മോഡി ട്വീറ്റ് ചെയ്തു. ഹീലിയോപോളിസ് യുദ്ധസ്മാരകത്തിലാണ് മോഡി സന്ദർശനം നടത്തിയത്.
നരേന്ദ്രമോഡിക്ക് ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ദ നൈൽ ബഹുമതി പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയാണ് സമ്മാനിച്ചത്. 1997നു ശേഷം ഈജിപ്ത് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോഡി. ഈജിപ്ത് പ്രസിഡന്റിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോഡി ഈജിപ്ത് സന്ദർശിച്ചത്.

ഈജിപ്ത് തലസ്ഥാനത്ത്  പതിനൊന്നാം നൂറ്റാണ്ടിൽ പണിത  അൽ ഹക്കീം മസ്ജിദ് മോഡി സന്ദർശിച്ചു. മസ്ജിദിന്റെ നവീകരണം അടുത്തിടെയാണ് പൂർത്തിയായത്.  മസ്ജിദ് മുഴുവൻ പ്രധാനമന്ത്രി ചുറ്റിനടന്നു കണ്ടു. കയ്റോയിലെ പഴക്കം ചെന്ന മസ്ജിദുകളിൽ നാലാമത്തേതാണ് അൽഹക്കീം. 13,560 സ്ക്വയർമീറ്ററാണ് പള്ളിയുടെ വിസ്തൃതി.

Latest News