പ്രതിപക്ഷ സഖ്യത്തിന് പേര് പി.ഡി.എ, തീരുമാനം അടുത്ത മാസം

ന്യൂദല്‍ഹി - അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍നിന്നിറക്കാനായി ഒരുമിക്കുന്ന പ്രതിപക്ഷസഖ്യത്തിന് 'പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയന്‍സ്' (പി.ഡി.എ) എന്ന് പേരിട്ടേക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അടുത്ത മാസം ഷിംലയില്‍ ചേരുന്ന തുടര്‍ യോഗത്തില്‍ ഉണ്ടായേക്കും.
ശനിയാഴ്ച പട്നയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ പേര് സംബന്ധിച്ച് സൂചന നല്‍കി. ഇക്കാര്യത്തില്‍ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടായിട്ടില്ലെന്നും എന്‍.ഡി.എയെ പരാജയപ്പെടുത്തുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നു രാജ പറഞ്ഞു. മതനിരപേക്ഷവും ജനാധിപത്യപരവുമായ ആശയങ്ങളില്‍ വിശ്വസിക്കുന്ന പാര്‍ട്ടികളാണ് സഖ്യത്തിന്റെ ഭാഗമാകുന്നത്. പുതിയ മുന്നണിയുടെ പേരില്‍ ഇത്തരം ആശയങ്ങളുടെ പ്രതിഫലനമുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളെ പ്രതിപക്ഷം എന്ന് വിളിക്കുന്നതിന് പകരം രാജ്യസ്നേഹികളെന്ന് വിശേഷിപ്പിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞിരുന്നു. തങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരാണെന്നും മമത ചൂണ്ടിക്കാട്ടിയിരുന്നു. പേര് സംബന്ധിച്ച് അന്തിമ തീരുമാനം അടുത്തമാസം രണ്ടാംവാരം ഷിംലയില്‍ ചേരുന്ന യോഗത്തില്‍ ഉണ്ടാകും.

 

Latest News