VIDEO കേദാർനാഥ് യാത്രക്കിടെ കോവർ കഴുതയെ കഞ്ചാവ് വലിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഡെറാഡൂണ്‍- കേദാര്‍നാഥിലേക്കുള്ള യാത്രമധ്യേ കോവര്‍ കഴുതയെ ബലമായി കഞ്ചാവ് വലിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടർന്ന് യുവാവ്  അറസ്റ്റിലായി. വീഡിയോ പ്രചരിച്ചതിനെ തുടർന്ന്  സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.  കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള റൂട്ടില്‍ തീര്‍ഥാടകരെയും അവരുടെ ബാഗേജുകളും കൊണ്ടുപോകാന്‍ കുതിരകളെയും കോവര്‍കഴുതകളേയും ഉപയോഗിക്കാറുണ്ട്. കേദാര്‍നാഥിലേക്കുള്ള യാത്രയ്ക്കിടെ ചോട്ടി ലിഞ്ചോളിക്ക് സമീപത്തുവച്ചാണ് യുവാക്കള്‍ കോവര്‍ കഴുതയെ കഞ്ചാവ് വലിപ്പിച്ചതെന്ന് സോനപ്രയാഗ് പൊലീസ് പറഞ്ഞു. കോവര്‍ കഴുതയുടെ ഉടമയായ രാകേഷ് സിങ് റാവത്തിനെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഈവർഷത്തെ   കേദാര്‍നാഥ്യാത്ര ഏപ്രില്‍ 25നാണ് ആരംഭിച്ചത്.

 

Latest News