ഡൽഹിയിലെ ഒരു റസ്റ്റോറന്റിൽ കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ മേഖലയിൽ ഇടപെടുന്ന വ്യക്തികൾ ഒരിക്കൽ ഒരുമിച്ചു ഭക്ഷണം കഴിച്ചു, അവരുടെ ആതിഥേയൻ ഒരു പാർലമെന്റ് അംഗമായിരുന്നു, ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ബില്ല് പേ ചെയ്യാൻ ആ ആതിഥേയന്റെ കയ്യിൽ പണമില്ല എന്നു മനസ്സിലാക്കിയ കൂടെയുള്ളവർ പണം കൊടുത്തുവത്രേ, നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിൽ ജനിച്ച് പതിറ്റാണ്ടുകളോളം സാമൂഹ്യ രാഷ്ട്രീയ മേഖലയിൽ സേവനം ചെയ്ത, ഇന്ത്യൻ പാർലമെന്റിൽ മൂന്ന് പതിറ്റാണ്ട് ശബ്ദമുയർത്തിയ ഗുലാം മഹ്മൂദ് ബനാത്തു വാല ദരിദ്രനായാണ് അവസാന കാലത്ത് ജീവിച്ചത്. ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും പ്രഗത്ഭരായ പത്ത് അംഗങ്ങളിൽ ഗുലാം മഹ്മൂദ് ബനാത്ത് വാലയുടെ പേരുണ്ടാവും. അദ്ദേഹം വിടവാങ്ങിയിട്ട് ഇന്നേക്ക് 15 വർഷമാവുന്നു...
കച്ച് മേമൻ കുടുംബത്തിലാണ് ഗുലാം മഹ്മൂദ് ജനിച്ചത്. മത നിഷ്ഠയോടും സാമൂഹ്യ പ്രതിബദ്ധതയോടും വളർന്ന അദ്ദേഹം രാഷ്ട്ര മീമാംസ അധ്യാപകനായി ബോംബെയിൽ സേവനം ചെയ്തു വരികയായിരുന്നു, യൗവന കാലത്ത് ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബിൽ ആകൃഷ്ടനായ അദ്ദേഹം ന്യൂനപക്ഷ രാഷ്ട്രീയ ചേരിയിൽ നിലയുറപ്പിച്ചു. ഊർജ്ജ്വസ്വലനായ, മികച്ച വാഗ്മിയായ ഗുലാം മഹ്മൂദ് മഹാരാഷ്ട്ര നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു, അക്കാലത്ത് നിർബന്ധിത വന്ധ്യംകരണ ബിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ശ്രമ ഫലമായാണ് അത് നിയമമാവാതെ പോയത്. അന്ന് 7 ലക്ഷം പേരുടെ ഒപ്പ് ശേഖരണം നടത്തി രാഷ്ട്രപതിക്ക് അദ്ദേഹം ഭീമ ഹരജി നൽകി.
ബോംബേ മുസ്ലിം അസോസിയേഷന്റെ ഒരു യോഗത്തിൽ സംബന്ധിച്ച സി.എച്ച് മുഹമ്മദ് കോയാ സാഹിബ് ഗുലാം മഹ്മൂദ് ബനാത്തു വാലയിലെ പ്രതിഭയെ ഉപയോഗപ്പെടുത്താൻ നിശ്ചയിച്ചു, കേരളത്തിൽ നിന്ന് മത്സരിപ്പിച്ചു പാർലമെന്റിലേക്ക് അയച്ചു. ഏഴ് തവണ ഇന്ത്യൻ പാർലമെന്റിൽ ന്യൂനപക്ഷ വിഭാഗത്തിന്റെ ശബ്ദമായി അദ്ദേഹം നില കൊണ്ടു.
അത്യപൂർവ്വമായ പ്രതിഭാവിലാസമുള്ള, ഗഹനമായ രാഷ്ട്രീയ പാണ്ഡിത്യവും അവബോധവുമുള്ള, ഭരണഘടനാ വിദഗ്ദനായിരുന്നു അദ്ദേഹം.
ഷാബാനു കേസിലും അലിഗഡ് സർവ്വ കലാ ശാല വിഷയത്തിലും ബാബരി മസ്ജിദ് പ്രശ്നത്തിലും പാര്ലമെന്റിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ ചരിത്ര പ്രസിദ്ധമാണ്. ഏക സിവിൽ കോഡ്, വന്ദേ മാതരം, തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം ശക്തമായി ഇടപെട്ടു, അദ്ദേഹത്തിന്റെ ഗഹനമായ പാർലമെന്റ് പ്രഭാഷണങ്ങളിൽ ഭരണഘടയിലും രാഷ്ട്ര മീമാംസയിലുമുള്ള അവഗാഹം തെളിഞ്ഞു കാണാം. ഭരണ ഘടനയെയും ന്യൂനപക്ഷ അവകാശങ്ങളെയും കുറിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾക്ക് ഇന്ത്യൻ പാർലമെന്റ് കാതോർത്ത എത്രയെത്ര സന്ദർഭങ്ങൾ.... അവകാശങ്ങൾക്ക് വേണ്ടി ഗർജ്ജിച്ച ആ ശബ്ദം കേവലം വൈകാരികമായായിരുന്നില്ല, വസ്തുനിഷ്ഠമായി, വിവേകത്തോടെയായിരുന്നു ഓരോ വിഷയത്തിലും അദ്ദേഹത്തിന്റെ ഇടപെടൽ. പാർലമെന്റിൽ നീണ്ട സംവാദങ്ങളിൽ അദ്ദേഹം തിളങ്ങി നിന്നു, ഗഹനമായ പല വിഷയങ്ങളിലും മറ്റംഗങ്ങൾ തങ്ങളുടെ അവസരം ജി.എമ്മിന് പാസ്സ് ചെയ്യുന്ന കാഴ്ചയെ കുറിച്ച് ഒരു അനുഭവസ്ഥൻ വിവരിച്ചത് കേട്ടപ്പോൾ ഒട്ടും അത്ഭുതം തോന്നിയിരുന്നില്ല. അദ്ദേഹത്തിന്റെ നിലപാടുകൾ രാഷ്ട്രത്തിന്റെ നയരൂപീകരങ്ങളെ പോലും പലപ്പോഴും സ്വാധീനിച്ചു.
ഇന്ത്യൻ പാർലമെന്റിൽ ഏറെ ആദരിക്കപ്പെട്ടിരുന്നു ജി.എം. ഒരു സീനിയർ അംഗമെന്ന നിലയിൽ മികച്ച സൗകര്യങ്ങളോട് കൂടിയ താമസ സൗകര്യം നല്കപ്പെട്ടപ്പോൾ തന്റെ നേതാവ് മുഹമ്മദ് ഇസ്മായിൽ സാഹബ് താമസിച്ച സൗകര്യം കുറഞ്ഞ ഇടം തനിക്ക് ധാരളമാണെന്നു കണ്ട് ക്യാബിനറ്റ് മന്ത്രിമാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ അദ്ദേഹം നിരസിച്ചു, ഒരിക്കൽ അദ്ദേഹത്തിന് പുതിയൊരു ലാപ്ടോപ്പ് ഒരു സുഹൃത്ത് സംഭാവന ചെയ്തപ്പോൾ തന്റെ ഓഫീസിലുള്ള പഴയ കമ്പ്യൂട്ടർ തനിക്ക് ധാരാളമാണെന്നു പറഞ്ഞു അത് തിരിച്ചു നൽകി, ലളിത ജീവിതം നയിച്ച അദ്ദേഹം യാതൊരു സൗജന്യങ്ങളും സ്വീകരിച്ചിരുന്നില്ല.
പാർലമെന്റിലെ സിംഹഗർജ്ജനം പക്ഷെ വ്യക്തി ജീവിതത്തിലെ സൗമ്യതയെ ഒട്ടും സ്വാധീനിച്ചില്ല. രാഷ്ട്രീയ എതിരാളികൾക്ക് പോലും പ്രിയപ്പെട്ട ആളായിരുന്നു സ്നേഹത്തോടെ അവരെല്ലാം ജി.എം എന്നു വിളിച്ച ബനാത്ത് വാലാ സാഹിബ്. വാക്കും പ്രവർത്തിയും തമ്മിൽ അന്തരമുണ്ടായിരുന്നില്ല. ഏത് പ്രശ്നത്തിനും ആളുകൾക്ക് സമീപിക്കാം, തനിക്ക് സാധിക്കും വിധം സേവനം ചെയ്യും, ഗവർണ്ണർ പദവി നല്കപ്പെട്ടിട്ടും പാർലമെന്റിൽ ന്യൂനപക്ഷങ്ങളുടെ ശബ്ദമായി നിലകൊള്ളുക യാണ് തന്റെ ദൗത്യം എന്ന് ഉറച്ചു പറഞ്ഞു കൊണ്ട് അദ്ദേഹം അത് നിരസിച്ച കാര്യം അധികമാർക്കുമറിയില്ല.
മികച്ച ഒരു ഗ്രന്ഥകാരനായിരുന്നു അദ്ദേഹം, മതവും രാഷ്ട്രീയവും ഇന്ത്യയിൽ എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ഗഹനമായ പഠനം വിദേശ യൂണിവേഴ്‌സിറ്റികളിൽ പോലും മൈനോറിറ്റി പൊളിറ്റിക്സിൽ റഫറൻസ് ആയി ഉപയോഗിക്കുന്നുണ്ട്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രം പറയുന്ന, അതിന്റെ സാധ്യതകളെയും സാധുതകളെയും ഭരണഘടനയുടെ വെളിച്ചത്തിൽ ഇഴകീറി പരിശോധിക്കുന്ന ഈ പുസ്തകം മലയാളത്തിൽ പ്രിയ സുഹൃത്ത് അഹമ്മദ് മൂന്നാം കൈ Ahamed Moonnamkai ഭാഷാന്തരം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പാര്ലമെന്റിലെ പ്രഭാഷണങ്ങളും ഗ്രെയ്‌സ് പബ്ലിക്കേഷൻ മലയാളീകരിച്ചിട്ടുണ്ട്. അഹമ്മദ് മൂന്നാം കൈ തന്നെ ക്രോഡീകരിച്ച ഈ പുസ്തകവും ലഭ്യമാണ്. ഏക സിവിൽ കൊടുമായി ബന്ധപ്പെട്ട് ഗുലാം മഹ്മൂദ് സാഹിബ് പാർലമെന്റിൽ നടത്തിയ ഇടപെടലുകൾ സമഗ്രമായി പ്രതിപാദിക്കുന്ന ഈ പുസ്തകം ന്യൂനപക്ഷ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് വലിയ മുതൽക്കൂട്ടാണ്..
കൃത്യമായി മത നിഷ്ഠ പാലിച്ച ബനാത്ത് വാല പാരമ്പര്യമായി നക്ഷബന്ധിയ്യ ത്വരീഖത്തിൽ ബൈഅത്ത് ചെയ്തു പോന്ന കുടുംബാംഗമാണ്. നമസ്കാര ശേഷം അതുമായി ബന്ധപ്പെട്ട ഔറാദുകൾ അദ്ദേഹം എപ്പോഴും പൂർത്തിയാക്കും, വിശുദ്ധ ഖുർആനുമായി നല്ല ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. അവസാന കാലത്ത് ആരാധനാ കർമ്മങ്ങളാൽ നിരതമായിരുന്നു ആ ജീവിതം. ഭാര്യ മരണപ്പെട്ട ശേഷം സഹോദരന്മാർക്കൊപ്പമായിരുന്നു സ്വന്തമായി ഒരു വീട് പോലുമില്ലാത്ത ആ മനുഷ്യൻ താമസിച്ചു പോന്നത്. മൂന്ന് പതിറ്റാണ്ട് ഇന്ത്യൻ പാർലമെന്റിൽ അംഗമായിരുന്ന ആ മഹാവ്യക്തിത്വം നമുക്ക് നൽകുന്ന പാഠങ്ങൾ ചെറുതല്ല....






