റിയാദ് - പുതുതായി പന്ത്രണ്ടു മേഖലകളിൽ കൂടി സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനത്തിൽ വെള്ളം ചേർക്കുന്നതിനുള്ള നീക്കത്തിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് രൂക്ഷ വിമർശനം. സൗദി യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കൂടുതൽ ഉയർന്നുവരുന്ന പശ്ചാത്തലത്തിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾക്കാണ് മന്ത്രാലയം ഊന്നൽ നൽകേണ്ടതെന്ന് സാമ്പത്തിക വിദഗ്ധൻ അബ്ദുൽ ഹമീദ് അൽഅംരി പറഞ്ഞു. സൗദികൾക്കിടയിലെ തൊഴിലില്ലായ്മയേക്കാൾ സ്വകാര്യ മേഖലയുടെ താൽപര്യങ്ങൾക്കാണ് മന്ത്രാലയം മുൻഗണന നൽകുന്നതെന്നാണ് പുതിയ നീക്കം സൂചിപ്പിക്കുന്നത്. സൗദിവൽക്കരണത്തിൽ വെള്ളം ചേർക്കുന്നതിനുള്ള പുതിയ നീക്കം നടപ്പാക്കുന്ന പക്ഷം ആശങ്കയുണ്ടാക്കുന്ന നിലയിലാണ് മന്ത്രാലയം തൊഴിലില്ലായ്മ കൈകാര്യം ചെയ്യുന്നതെന്ന് പറയേണ്ടിവരും. രാജ്യത്തെ തൊഴിൽ രഹിതരിൽ 85 ശതമാനവും 21 മുതൽ 34 വരെ പ്രായമുള്ളവരാണ്. തൊഴിൽ രഹിതരിൽ 53 ശതമാനവും യൂനിവേഴ്‌സിറ്റി ബിരുദധാരികളുമാണ്. തൊഴിൽ രഹിതരായ വനിതകളിൽ 73 ശതമാനവും യൂനിവേഴ്‌സിറ്റി ബിരുദധാരികളാണ്.
യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ മേഖലയോട് ഔദാര്യം കാണിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല. സൗദിവൽക്കരണത്തിൽ വെള്ളം ചേർക്കുന്നതിലൂടെ തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിന് കാലതാമസമുണ്ടാകും. ഈ മേഖലകളിലെ തൊഴിലുകൾക്ക് കൂടുതൽ അവകാശം സൗദികൾക്കാണ്. ലഭ്യമായ തൊഴിലവസരങ്ങൾ പരിമിതമായ പശ്ചാത്തലത്തിൽ ഈ മേഖലകളിലെ തൊഴിലവസരങ്ങൾ സൗദി തൊഴിൽ രഹിതരെ സംബന്ധിച്ചേടത്തോളം ഏറെ മികച്ചതാണ്. ഈ മേഖലകളിലെ തൊഴിലുകളും വരുമാനവും സൗദികൾക്ക് യോജിച്ചതല്ലെങ്കിൽ സ്വകാര്യ മേഖലയിലെ വേതനം ഉയർത്തുകയാണ് വേണ്ടത്.
ഓസ്‌ട്രേലിയ അടക്കം നിരവധി രാജ്യങ്ങളിൽ വിദേശികളുടെ മിനിമം വേതനത്തേക്കാൾ കൂടുതലാണ് സ്വദേശികളുടെ മിനിമം വേതനം. ഇതിൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനോ മനുഷ്യാവകാശ കൗൺസിലോ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കി സൗദിവൽക്കരണ തന്ത്രത്തിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുനർജീവൻ നൽകണമെന്നും അബ്ദുൽഹമീദ് അൽഅംരി ആവശ്യപ്പെട്ടു.
അതേസമയം, പടിപടിയായി സൗദിവൽക്കരണം നടപ്പാക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് ജിദ്ദ യൂനിവേഴ്‌സിറ്റി ഇൻഡസ്ട്രിയൽ എൻജിനീയറിംഗ് അസിസ്റ്റന്റ് പ്രൊഫസർ എൻജിനീയർ ജമീൽ കുതുബി അഭിപ്രായപ്പെട്ടു. പെട്ടെന്നുള്ള സമൂല മാറ്റം ദേശീയ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് സൗദിവൽക്കരണത്തിൽ ഇളവു നൽകുന്നതിനുള്ള തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പഠനം വ്യക്തമാക്കുന്നത്. വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് കർശനമായി നിയന്ത്രിക്കണം. ലഭ്യമായ തൊഴിലവസരങ്ങളെ കുറിച്ച് സൗദിക്കകത്തു പരസ്യം ചെയ്തിട്ടും സ്വദേശികളെ കിട്ടാനില്ലാത്ത സാഹചര്യങ്ങളിൽ മാത്രമേ വിദേശ റിക്രൂട്ട്‌മെന്റ് അനുവദിക്കാൻ പാടുള്ളൂവെന്നും എൻജിനീയർ ജമീൽ കുതുബി പറഞ്ഞു.






