കെ.സുധാകരനെ മോന്‍സന്‍ കേസില്‍ കുടുക്കിയ കോണ്‍ഗ്രസ് നേതാവാര് ? ഗ്രൂപ്പിസത്തിന്റെ ഇരയോ?

തിരുവനന്തപുരം - കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നില്‍ ഒരു കോണ്‍ഗ്രസ് നേതാവാണെന്ന് ആരോപണം. സി പി എം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലനാണ് ഇത് സംബന്ധിച്ച് ആരോപണം ഉന്നയിച്ചത്.  സി പി എം ബന്ധമുള്ള പരാതിക്കാരനെ മാറ്റിനിര്‍ത്തി മറ്റുള്ളവരുടെ രാഷ്ട്രീയം നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും എ.കെ.ബാലന്‍ പറഞ്ഞു. പരാതിക്കാരില്‍ ചിലര്‍ ഈ കോണ്‍ഗ്രസ് നേതാവുമായി അടുത്ത ബന്ധമുള്ളവരാണ്. ഈ നേതാവിന്റെ വിവരങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം  അല്‍പ്പത്തരമാണ് എ കെ ബാലന്‍ പറയുന്നതെന്നാണ് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹന്നാന്‍ ഇതിനോട് പ്രതികരിച്ചത്. രാഷ്ട്രീയ പകപോക്കലിന് വേണ്ടി ചുമത്തിയ കള്ളക്കേസാണ് സുധാകരനെതിരായ തട്ടിപ്പ് കേസ്. അച്യുതാനന്ദനെ വെട്ടി കസേരയില്‍ കയറി ഇരിക്കുന്നവരാണ് ഇപ്പോള്‍ ഇത് പറയുന്നത്. പുറകില്‍ നിന്ന് കുത്തുന്ന പാര്‍ട്ടിക്കാര്‍ തങ്ങളല്ല. അത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പാരമ്പര്യമാണ്. എകെ ബാലന്‍ ഇത്രക്ക് തരംതാഴുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും ബെന്നി ബഹന്നാന്‍ പ്രതികരിച്ചു.

കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ നേരത്തെ കെ സുധാകരന് മുന്നറിയിപ്പ് നല്‍കിയത് ഓര്‍മ്മിക്കണമെന്നും തട്ടിപ്പ് കേസ് വീണ്ടും സജീവമാക്കിയതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി പോരാണെന്നും എ.കെ.ബാലന്‍ പറഞ്ഞു. അഞ്ച് നേതാക്കളാണ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ച് നടക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ കേസിനു പിന്നിലും കോണ്‍ഗ്രസ്സുകാരാണ്. ഇപ്പോള്‍ സുധാകരന് കിട്ടുന്ന പാര്‍ട്ടി പിന്തുണ വെറും നമ്പര്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News