Sorry, you need to enable JavaScript to visit this website.

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടോ, ബേജാറാവേണ്ട കോഴിക്കോട് സിറ്റി പോലീസ് കണ്ടെത്തും 

കോഴിക്കോട്- മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍  ബേജാറാവേണ്ട കാര്യമില്ല. കോഴിക്കോട് സിറ്റി പോലീസ് കണ്ടെത്തും.   'സഞ്ചാര്‍ സാഥി' പോര്‍ട്ടലിലൂടെ ജില്ലയില്‍ തിരിച്ചു കിട്ടിയത് 16 പേരുടെ ഫോണുകള്‍. പോര്‍ട്ടല്‍ ആരംഭിച്ചതിനുശേഷം ഒന്നര മാസത്തിനിടയിലാണ് 16 ഫോണുകള്‍ കണ്ടെത്താന്‍ സിറ്റി പോലീസിന് സാധിച്ചത്. ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത പത്തുപേരുടെ ഫോണുകള്‍ കണ്ടെത്തി കഴിഞ്ഞ ദിവസം തിരികെ നല്‍കി.
മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ പേരില്‍ എടുത്തിട്ടുള്ള കണക്ഷനുകള്‍ അറിയാനും ആവശ്യമില്ലാത്തവ വിച്ഛേദിക്കാനും നഷ്ടമായ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനും സൗകര്യമൊരുക്കുന്ന സഞ്ചാര്‍ സാഥി പോര്‍ട്ടലിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ഫോണുകള്‍ തിരികെ ലഭിച്ചത്. ദല്‍ഹിയില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് ഫോണുകള്‍ കണ്ടെത്തിയിട്ടുള്ളത്. ചിലര്‍ക്ക് ഫോണുകള്‍ വീണുകിട്ടിയതാണ്. ചിലര്‍ മറ്റുള്ളവരില്‍ നിന്ന് വാങ്ങി. കോഴിക്കോട്ടെ സണ്‍ഡേ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയവരുമുണ്ട്. എല്ലാം സ്മാര്‍ട്ട് ഫോണുകളാണ്. സംസ്ഥാനത്ത് ഈ പോര്‍ട്ടല്‍ ഉപയോഗിച്ച് ആദ്യമായി ഫോണ്‍ കണ്ടെത്തിയത് കോഴിക്കോട് സിറ്റി പൊലീസാണ്.
മൊബൈല്‍ ഫോണ്‍ മേഖലയിലെ തട്ടിപ്പുകള്‍ കണ്ടെത്താനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മേയിലാണ് സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ കമ്മിഷണര്‍ രാജ്പാല്‍ മീണ ഫോണ്‍ ഉടമകള്‍ക്കു കൈമാറി. അസി. കമ്മിഷണര്‍മാരായ കെ.ഇ.ബൈജു, എ.ഉമേഷ്, എം.കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
 

Latest News